ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന് ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ ഷോർട്സ് വീഡിയോകൾ നിർമിക്കാൻ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അവസരം നല്കി തുടങ്ങിയത്. ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകി ഇനി മുതൽ ഷോർട്സിനായി വീഡിയോകൾ നിർമിക്കാനാകും.
അധികം വൈകാതെ ഈ സൗകര്യം യൂട്യൂബിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍സ് ലയന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി 2025 ഇവന്റില്‍ യൂട്യൂബ് സിഇഒ നീല്‍ മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ വിയോ 3യുടെ മുൻ വേർഷനായ വിയോ 2 ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും നിര്‍മിക്കാനുള്ള സൗകര്യം യൂട്യൂബിലുണ്ട്. എന്നാല്‍ കൂടുതല്‍ മികച്ചതും ഗുണമേന്മയുള്ളതുമായ വീഡിയോയും ഒപ്പം ഓഡിയോയും നിര്‍മിക്കുന്നതിനാണ് വിയോ 3 കൂടി യൂട്യൂബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Google's Veo 3 text-to-video engine is coming to YouTube Shorts https://t.co/WZOXKHB9Lc
ഇതോടെ വിലകൂടിയ ക്യാമറയോ എഡിറ്റിംഗ് ടൂളുകളോ ഇല്ലാതെ തന്നെ യൂട്യൂബില്‍ മികച്ച വീഡിയോകള്‍ സൃഷ്ടിക്കാനാകും എന്നാണ് കരുതുന്നത്. യൂട്യൂബ് സിഇഒ പറയുന്നത് പോലെ ഒരു കഥ പറയാനാഗ്രഹമുള്ളവര്ക്കെല്ലാം
ഇനി യൂട്യൂബില്‍ വീഡിയോ നിര്‍മിച്ച് അവതരിപ്പിക്കാനാകും. കൃത്യമായ ടെക്സ്റ്റ് പ്രോംപ്ട് അറിഞ്ഞിരിക്കണമെന്ന് മാത്രമേയുള്ളൂ.
എന്താണ് വിയോ 3?
ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റീവ് ടൂളാണ് വിയോ 3. അടുത്തിടെ നടന്ന ഐഒ ഇവന്റിലാണ് ഗൂഗിൾ പുറത്തിറക്കിയത്. ഉപയോക്താക്കൾ നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ ഈ ടൂളിനാകും. സിനിമാറ്റിക് ക്വാളിറ്റിയില്‍ നിര്‍മിക്കുന്ന ഈ വീഡിയോ പിന്നീട് ഏതെങ്കിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കും. ഗൂഗ്ളിന്റെ എഐ പ്രോ സബ്സ്ക്രിപ്ഷന് ഉള്ളവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച് വീഡിയോ നിര്‍മിക്കാനാവുക.
വിയോ 2-നെപ്പോലെ ഇതിന് വിവിധ ശൈലികളിലും വിഷയങ്ങളിലും ഉയർന്ന നിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും. വിയോ 2 വിന്റെ പരിമിതികളെ മറികടക്കുന്ന ഈ മോഡൽ മനുഷ്യ ഭാവങ്ങളും വസ്തുക്കളുടെ സൂക്ഷ്മ ഇടപെടലുകളും മനോഹരമായി അവതരിപ്പിക്കും. നിശബ്ദ വീഡിയോകൾ മാത്രമാണ് വിയോ 2-ന് നിർമിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാൽ വിയോ 3-ന് ശബ്ദ ഇഫക്ടുകൾ, ആംബിയന്റ് ശബ്ദങ്ങൾ, സംഭാഷണങ്ങൾ എന്നിവ വീഡിയോയോട് സമന്വയിപ്പിച്ച് സൃഷ്ടിക്കാൻ കഴിയും.
കണ്ടന്റ് ക്രിയേറ്റര്‍മാരെ ഇത് എങ്ങനെയെല്ലാം ബാധിക്കാം?
സെലിബ്രിറ്റികളെയും ചരിത്ര - സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള എ.ഐ വീഡിയോകള്‍ ഇപ്പോള്‍ മലയാളത്തിലും സജീവമാണ്. യൂട്യൂബ് വീഡിയോകളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഉപയോഗം കൂടിയാൽ നിലവിലുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എഐ ജനറേറ്റഡ് വീഡിയോ വ്യാജപ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്. യൂട്യൂബില്‍ എഐ വീഡിയോകള്‍ നിറഞ്ഞാല്‍ മറ്റ് പ്ലാറ്റ്ഫോമുകള് തേടി പോകുമെന്നും ചിലര്‍ പറയുന്നു.
Content Highlights: YouTube Shorts to Integrate Google's Veo 3 AI Model for Video Generation