അഹമ്മദാബാദില്‍ 242 യാത്രക്കാരില്‍ 241 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് വിമാന സുരക്ഷാ പ്രോട്ടോക്കോളുകളുമായുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്ന് വരികയാണ്. അത്തരത്തിലൊരു സുരക്ഷാ നടപടിക്രമമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 'ചിക്കന്‍ ഗണ്‍ ടെസ്റ്റ്' എന്നാണ് ഈ സുരക്ഷാ പരിശോധന അറിയപ്പെടുന്നത്. പക്ഷി ആക്രമണങ്ങളെ വിമാന എഞ്ചിനുകള്‍ക്ക് എത്രത്തോളം നേരിടാന്‍ കഴിയുമെന്നുള്ള വിലയിരുത്തലാണ് ഈ പരിശോധനയിലൂടെ നടപ്പിലാക്കുന്നത്.
വിമാന എഞ്ചിനുകളുടെയും ചിറകുകളുടെയും പ്രതിരോധശേഷി വിലയിരുത്താന്‍ ജീവനുള്ള കോഴികളെ ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യയിലെ ക്യാപ്റ്റനും സീനിയര്‍ കമാന്‍ഡറുമായ സാം തോമസാണ് ഈ പരിശോധന രീതിയെ കുറിച്ച് ഒരു ദേശീയ മാധ്യമത്തില്‍ വ്യക്തമാക്കിയത്.
'കൂടിയ ഉയരത്തില്‍ പറക്കുമ്പോള്‍ പക്ഷികള്‍ ഇടിക്കുന്നത് പലപ്പോഴും വിമാനത്തിന് വലിയ രീതിയിലുള്ള അപകടം ഉണ്ടാക്കുന്നു. വലിയ പക്ഷികള്‍ എന്‍ജിനുകളില്‍ കുടുങ്ങിപ്പോകുകയും ചിലപ്പോള്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ വിമാനം പറക്കുമ്പോള്‍ പക്ഷികള്‍ കൂട്ടിയിടിക്കുന്നത് വിന്‍ഡ്ഷീല്‍ഡ് പോലും തകര്‍ക്കാന്‍ ഇടയാകും'-സാം തോമസ് വിശദീകരിച്ചു.
ഒരു പക്ഷി എഞ്ചിനുള്ളില്‍ കയറിയാല്‍ ബ്ലേഡുകള്‍ക്ക് കേടുപാട് വരികയോ അല്ലെങ്കില്‍ എഞ്ചിന് തീ പിടിക്കാനോ സാധ്യതയുണ്ട്. ഇത് അപകടത്തിനും ജീവന് നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇതില്‍ നിന്ന് വിമാനത്തെ സുരക്ഷിതമാക്കുന്നതിനായാണ് 'ചിക്കന്‍ ഗണ്‍ ടെസ്റ്റ്' നടത്തുന്നത്.
എന്താണ് 'ചിക്കന്‍ ഗണ്‍ ടെസ്റ്റ്'
ഈ സുരക്ഷാ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന മെഷീനെയാണ് 'ചിക്കന്‍ ഗണ്‍' എന്നു പറയുന്നത്. ഒരു വലിയ കംപ്രസ്ഡ് എയര്‍ പീരങ്കിയാണിത്. ഈ എയര്‍ പീരങ്കിക്കുള്ളില് ഒരു കോഴിയെ കയറ്റി വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലേക്കും ചിറകിലേക്കും എന്‍ജിനിലേക്കും തൊടുത്തുവിടും. വിമാനത്തിന് വലിയ അപകടകരമല്ലാത്ത പരിക്കുകളാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ വിമാനം പറക്കാന്‍ തയ്യാറാണെന്നുള്ള അംഗീകാരം ലഭിക്കുന്നു. കാര്യമായ ദോഷം സംഭവിച്ചാല്‍, എഞ്ചിന് തകരുന്ന രീതിയിലാണ് ചിക്കന്‍ തുളച്ചു കയറിയതെങ്കില്‍ അധിക നടപടികളിലേക്ക് കടക്കുന്നു.
ഏതെങ്കിലും കമ്പനി ആദ്യമായി വികസിപ്പിച്ചെടുക്കുന്ന എഞ്ചിനില്‍ മാത്രമേ 'ചിക്കന്‍ ഗണ്‍ ടെസ്റ്റ്' സാധാരണയായി നടത്താറുള്ളൂ എന്ന് തോമസ് പറഞ്ഞു. പക്ഷിയിടികളുടെ അപകട സാധ്യത കുറയ്ക്കുന്നതിന് സ്റ്റാന്‍ഡേര്‍ഡ് മെറ്റീരിയലുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതിനാല്‍, ഇന്ന് പല കേസുകളിലും 'ചിക്കന്‍ ഗണ്‍ ടെസ്റ്റ്' ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:chicken gun test this cannon fires a real bird at the aircrafts windshield wing nengine