പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ എന്തൊക്കെയോ നമ്മളോട് പറയാന്‍ ഉദ്ദേശിക്കുന്നത് പോലെ തോന്നാറില്ലേ? പട്ടികളുടെ വ്യത്യസ്ത തരത്തിലുള്ള കുര, പൂച്ചയുടെ ചീറ്റല്‍ ഇതിന്റെ എല്ലാം അര്‍ത്ഥം എന്താണെന്ന് അറിയണമെന്നില്ലേ? ഇനി അതിന് സാധിക്കുമെന്നാണ് ചൈനയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മൃഗങ്ങളുടെ ശബ്ദം മനുഷ്യന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ചൈനയിലെ ഏറ്റവും വലിയ സെര്‍ച് എന്ജിന് ഉടമയായ ബൈഡു. മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന സാങ്കേതികവിദ്യ എന്ന ആശയത്തില്‍ ചൈനീസ് നാഷനല്‍ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി അഡ്മിനിസ്ട്രേഷനില്‍ ബൈഡു പേറ്റന്റ് ഫയല്‍ ചെയ്തിരിക്കുകയാണ്.
മൃഗങ്ങളുടെ ശബ്ദം, മുറുമുറുപ്പുകള്‍, ശരീരഭാഷ എന്നിവയെല്ലാം തന്നെ മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്. വ്യത്യസ്ത മൃഗങ്ങളുടെ ഈ ശരീര ചേഷ്ടകളെല്ലാം ശേഖരിച്ചതിന് ശേഷം എ.ഐ ഉപയോഗിച്ച് അവ വിശകലനംചെയ്യും. തുടര്‍ന്ന് അവയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിക്കുകയും അത് മനുഷ്യഭാഷയിലേക്ക് മൊഴിമാറ്റുകയും ചെയ്യുമെന്നാണ് പേറ്റന്റ് അപേക്ഷയില്‍ പറയുന്നത്. ചൈനയുടെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്ട്രേഷനിലാണ് ഇത് ഫയല്‍ ചെയ്തത്.
ഈ ഡേറ്റയെല്ലാം ഒരു മൃഗത്തിന്റെ വൈകാരികാവസ്ഥ വിലയിരുത്താന്‍ സാധിക്കുന്ന സിസ്റ്റത്തിലേക്ക് ഫീഡ് ചെയ്യും. അവിടെ നിന്ന്, ഈ വികാരങ്ങള്‍ സെമാന്റിക് അര്‍ത്ഥത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടും. ഇത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ചൈനീസ് അല്ലെങ്കില്‍ ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ 'സംസാരിക്കാന്‍' ശക്തി നല്‍കും.
ഈ സിസ്റ്റം 'മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള വൈകാരിക ആശയവിനിമയവും ധാരണയും സാധ്യമാക്കും' എന്ന് ബൈഡു വാഗ്ദാനം ചെയ്യുന്നു. ക്രോസ്-സ്പീഷീസ് സംഭാഷണത്തിന്റെ ഒരു പുതിയ യുഗത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്. പേറ്റന്റിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ബൈഡു അംഗീകരിച്ചിട്ടുണ്ടെങ്കിലും, പദ്ധതി ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്.
Content Highlight- Baidu submits patent for AI animal language translation AI