'വാട്‌സ്ആപ്പ് കോപ്പി അടിച്ചത് റീലാക്കാമോ?',ലക്ഷങ്ങൾ സമ്മാനമായി കിട്ടും; വമ്പൻ ഓഫറുമായി ടെലഗ്രാം സിഇഒ

വിജയികൾക്ക് 50,000 ഡോളർ (ഏകദേശം 42 ലക്ഷം രൂപ) ആണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലഗ്രാം സമ്മാനമായി നൽകുക

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പുമെല്ലാം ഭരിക്കുന്ന സോഷ്യൽ മീഡിയ ലോകത്ത് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ടെലഗ്രാം എത്തിയത്. ഇന്ന് ജനപ്രിയമായ പല സോഷ്യൽ മീഡിയ സവിശേഷതകളും ആദ്യം അവതരിപ്പിച്ചത് ടെലഗ്രാമിലായിരുന്നു. എന്നാൽ വാട്‌സ്ആപ്പിനെ പോലെ ജനകീയമാകാൻ ടെലഗ്രാമിന് സാധിച്ചിട്ടില്ല. അതിഗംഭീരമായ പല ഫീച്ചേഴ്‌സ് ഉണ്ടെങ്കിലും കൂടുതൽ പേരും ഇപ്പോഴും വാട്‌സ്ആപ്പ് തന്നെയാണ് ഉപയോഗിക്കുന്നത്.

ടെലഗ്രാമിൽ വരുന്ന പല ഇന്നവേറ്റീവ് ഫീച്ചറുകളും വാട്‌സ്ആപ്പ് കോപ്പി അടിക്കുന്നുവെന്ന ആരോപണം ഒരുപാട് കാലമായി നിലനിൽക്കുന്നതാണ്. ഇപ്പോളിതാ വാട്‌സ്ആപ്പിനെതിരെ നേരിട്ട് ആരോപണവുമായി എത്തിയിരിക്കുകയാണ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമായ പവൽ ഡ്യൂറോവ്. വാട്‌സ്ആപ്പ് നടത്തിയ കോപ്പിയടികളെ കുറിച്ച് റീൽ വീഡിയോസ് ചെയ്യാനുള്ള ഒരു മത്സരം തന്നെ പവൽ പ്രഖ്യാപിച്ചു.

വിജയികൾക്ക് 50,000 ഡോളർ (ഏകദേശം 42 ലക്ഷം രൂപ) ആണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലഗ്രാം സമ്മാനമായി നൽകുക. ടെലഗ്രാമിനെതിരെ വാട്‌സ്ആപ്പ് പിആർ ക്യാംപെയ്ൻ നടത്തുന്നുണ്ടെന്നും ഇതിനുള്ള മറുപടി തങ്ങൾ നൽകാൻ തീരുമാനിച്ചെന്നും അദ്ദേഹം പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. ടെലഗ്രാം വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന നൂതന ആശയങ്ങൾ വെള്ളം ചേർത്തും മറ്റും ഇപ്പോൾ പുതിയ ഫീച്ചറായി വാട്‌സ്ആപ്പ് അവതരിപ്പിക്കുകയാണെന്നും പവൽ ആരോപിച്ചു.

ടെലഗ്രാമിനെതിരെ ക്യാംപെയ്ൻ നടത്താൻ മാറ്റിവെക്കുന്ന പണം നൂതന ആശയങ്ങൾക്കായി വാട്‌സ്ആപ്പ് മാറ്റിവെച്ചിരുന്നെങ്കിൽ നന്നായേനെ ഏന്നും പവൽ പരിഹസിച്ചു. വാട്‌സ്ആപ്പ് എങ്ങനെയാണ് ടെലഗ്രാമിനെ കോപ്പി അടിച്ചതെന്ന് പൊതുജനത്തിന് മുന്നിൽ തുറന്ന് കാട്ടാൻ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പുതിയ റീൽ മത്സരം പവൽ ഡ്യൂറോവ് പ്രഖ്യാപിച്ചത്.

വാട്സആപ്പ് കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന 30 ഫീച്ചറുകളുടെ ലിസ്റ്റും ടെലഗ്രാം പുറത്തുവിട്ടിട്ടുണ്ട്. ഈ ലിസ്റ്റ് പൂർണമല്ലെന്നും വാട്സ്ആപ്പ് നൽകാത്ത നിരവധി ടൂളുകൾ ടെലിഗ്രാം ഇപ്പോഴും നൽകുന്നുണ്ടെന്നും പവൽ ഡ്യൂറോവ് പറഞ്ഞു. 2025 മെയ് 26 ന് ദുബായ് സമയം രാത്രി പന്തണ്ട് മണി വരെ റീൽ അയക്കാൻ സാധിക്കും വിജയികളെ ജൂണിലാണ് പ്രഖ്യാപിക്കുക.വീഡിയോകൾ ഇംഗ്ലീഷിൽ ആയിരിക്കണം. 180 സെക്കൻഡിൽ കുറഞ്ഞ ദൈർഘ്യം ആയിരിക്കണമെന്നുമാണ് നിർദ്ദേശങ്ങൾ. വാട്‌സ്ആപ്പ് സ്വകാര്യവിവരങ്ങൾ മോഷ്ടിക്കുമെന്ന് ഏത് സോഷ്യൽ മീഡിയ ഉപയോഗിച്ചാലും വാട്‌സ്ആപ്പ് മാത്രം ഉപയോഗിക്കാതെ ഇരിക്കണമെന്നും പവൽ ഡ്യൂറോവ് പറഞ്ഞിരുന്നു.

Content Highlights: Telegram CEO announce contest make reels about WhatsApp copycat win price

To advertise here,contact us