അധ്യാപകൻ ക്ലാസെടുക്കാൻ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നു; കോളേജിനോട് ട്യൂഷൻ ഫീസ് തിരികെ ചോദിച്ച് വിദ്യാർത്ഥി

വിദ്യാർത്ഥികൾ അസൈൻമെന്റുകൾ എഴുതുന്നതിനും, നോട്ടുകൾ തയ്യാറാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് അധ്യാപകർ തടയുന്നത് സാധാരണമാണ്, എന്നാൽ അധ്യാപകർക്കും ഇത് ബാധകമാണെന്നാണ് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി വ്യക്തമാക്കുന്നത്.

അധ്യാപകൻ ക്ലാസെടുക്കുന്നതിനും, നോട്ടുകൾ തയ്യാറാക്കുന്നതിനുമായി ചാറ്റ്ജിപിടി രഹസ്യമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ വിദ്യാർത്ഥിനി കോളേജിനോട് ട്യൂഷൻ ഫീസ് തിരികെ ചോദിച്ചു. അമേരിക്കയിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. വിദ്യാർത്ഥികൾ അസൈൻമെന്റുകൾ എഴുതുന്നതിനും, നോട്ടുകൾ തയ്യാറാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് അധ്യാപകർ തടയുന്നത് സാധാരണമാണ്, എന്നാൽ അധ്യാപകർക്കും ഇത് ബാധകമാണെന്നാണ് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി വ്യക്തമാക്കുന്നത്.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് നോർത്ത് ഈസ്‌റ്റേണിലെ ബിസിനസ് വിദ്യാർത്ഥിനിയായ എല്ല സ്റ്റാപ്പിൾട്ടൺ ആണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഫെബ്രുവരിയിൽ നൽകിയ ഓർഗനൈസേഷണൽ ബിഹേവിയർ ക്ലാസിലെ നോട്ടുകൾ പരിശോധിച്ചപ്പോളാണ് എല്ലയ്ക്ക് സംശയം തോന്നിയത്. അപ്പോഴാണ് നോട്ടിനിടയിൽ 'expand on all areas. Be more detailed and specific.' എന്ന കമാൻഡ് അവൾ ശ്രദ്ധിച്ചത്. 'എന്റെ പ്രൊഫസർ എനിക്ക് ചാറ്റ്ജിപിടിയിൽ നിന്ന് കോപ്പി ചെയ്ത നോട്ടുകളായിരുന്നോ തന്നത് എന്ന് ആശ്ചര്യം തോന്നി'; എല്ല ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ആ നോട്ടുകൾ ചാറ്റ്ജിപിടി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ സ്റ്റാപ്പിൾട്ടൺ, അതേ അധ്യാപകന്റെ കൂടുതൽ നോട്ടുകൾ പരിശോധിക്കാൻ തുടങ്ങി. പല നോട്ടുകളിൽ നിന്നായി കണ്ടെത്തിയ വിവരങ്ങൾ ഉപയോഗിച്ച് അവ ചാറ്റ്ജിപിടി നിർമ്മിച്ചതാണെന്ന് ഉറപ്പിച്ചു. ചില ചിത്രങ്ങളിലുണ്ടായിരുന്ന വ്യത്യാസങ്ങളും, അക്ഷരത്തെറ്റുകളുമാണ് ചാറ്റ്ജിപിടിയുടെ ഉപയോ​ഗം കണ്ടെത്താൻ സഹായിച്ചത്.

വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ചിലവഴിക്കുന്ന ഉയർന്ന തുകയും, കോളേജിന്റെ പ്രശസ്തിയും ഓർത്തപ്പോൾ ചാറ്റ്ജിപിടിയുടെ ഉപയോ​ഗം വിദ്യാർത്ഥിക്ക് സഹിച്ചില്ല. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോവുകയും, 8,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. 'ചാറ്റ്ജിപിടി ഉപയോഗിക്കരുത് എന്ന് ഞങ്ങളോട് പറഞ്ഞിട്ട്. അധ്യാപകൻ തന്നെ അങ്ങനെ ചെയ്യുന്നു. അത് ശരിയായി തോന്നിയില്ല'; എല്ല വ്യക്തമാക്കി.

അധ്യാപകൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചതിനെ ചോദ്യം ചെയ്യുന്ന ആദ്യത്തെ പെൺകുട്ടി എല്ലയല്ല. റേറ്റ് മൈ പ്രൊഫസർ പോലുള്ള നിരവധി വെബ് സൈറ്റുകളിൽ ഇത്തരത്തിലുള്ള ധാരാളം പരാതികൾ കാണാൻ കഴിയും.

Content Highlight: US Student Demands College Tuition Fee Refund After Catching Professor Using ChatGPT

To advertise here,contact us