ടൈറ്റാനിക്, ആപേര് കേള്ക്കാത്തവരില്ല. കഥയറിയാത്തവരും ചുരുക്കം. ആഡംബരത്തില് കടലിന് മുകളിലെ സ്വര്ഗ്ഗം. ലോകം ഞെട്ടലോടെ കേട്ട വാര്ത്തയായായിരുന്നു ടൈറ്റാനിക് കപ്പല് ദുരന്തം. ടൈറ്റാനികിന്റെ വിശേഷങ്ങള് കേള്ക്കാനും പറയാനും ആളുകള്ക്ക് ഇന്നും ആവേശമാണ്. വടക്കന് അറ്റ്ലാന്റിക് സമുദ്രത്തില് ടൈറ്റാനിക് ദുരന്തം നടന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇന്ന് സമുദ്രത്തിനടിയില് അന്ത്യവിശ്രമം കൊള്ളുകയാണ് ഈ ആഡംബര കപ്പല്. ഇപ്പോഴിതാ ടൈറ്റാനിക്കിന്റെ അന്ത്യവിശ്രമ കാഴ്ച ഡിജിറ്റലായി പുനസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്.
അത്യാധുനിക അണ്ടര്വാട്ടര് സ്കാനിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഡിജിറ്റല് മോഡല് സൃഷ്ടിച്ചെടുത്തത്. ' ടൈറ്റാനിക് ദി ഡിജിറ്റല് റിസറെക്ഷന്' എന്ന നാഷണല് ജ്യോഗ്രഫികിന്റെ പുതിയ ഡോക്യുമെന്ററിയിലാണ് ഈ ദൃശ്യങ്ങള് പുറത്തുവിട്ടത്. ഉയര്ന്ന റെസല്യൂഷനിലുളള7,15000-ല് ഏറെ ചിത്രങ്ങള് ഉപയോഗിച്ചാണ് ടൈറ്റാനിക്കിന്റെ പൂര്ണരൂപത്തിലുളള ത്രീഡി മോഡല് പുനര് നിര്മ്മിച്ചത്. ടൈറ്റാനിക്കിന്റെ ഇതുവരെ നിര്മ്മിച്ചതില് ഏറ്റവും കൃത്യമായ മോഡലെന്നാണ് നാഷണല് ജ്യോഗ്രഫിക് ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലുതും ഒരിക്കലും മുങ്ങാത്ത കപ്പലുമായി വിശ്വസിച്ചിരുന്ന ടൈറ്റാനിക്. 1912 ഏപ്രില് 10 ന് കന്നിയാത്ര പുറപ്പെട്ട് മൂന്നാം പക്കം ഒരു പടുകൂറ്റന് മഞ്ഞുമലയില് ഇടിച്ച് തകരുകയായിരുന്നു. ആദ്യയാത്രതന്നെ അന്ത്യയാത്രയായി മാറിയ വിധിയുടെ തുരുമ്പെടുത്ത അടയാളമാണ് ടൈറ്റാനിക്.882 അടി ഒന്പതിഞ്ച് നീളവും (269 മീറ്റര്) 92 അടി ആറിഞ്ച് വീതിയും (28 മീറ്റര്) അടിമരം മുതല് പുകക്കുഴല് വരെ 175 അടി ഉയരവും (54 മീറ്റര്) ഉളളതായിരുന്നു കപ്പല്.
ഇതില് സമുദ്രനിരപ്പില് നിന്ന് കപ്പലിന്റെ മുകള്ത്തട്ട് വരെയുളള ഉയരം അറുപതടി ആറിഞ്ച് (19 മീറ്റര്) ആയിരുന്നു. 20 തോളം ബസ്സുകള് വരിവരിയായി നിര്ത്തിയിട്ടാലുളള അത്രയും ദൂരമായിരുന്നു ടൈറ്റാനിക്കിന്റെ നീളം. 3547 പേര്ക്ക് യാത്ര ചെയ്യാന് കഴിയുന്നത്ര വലുതായിരുന്നു ടൈറ്റാനിക്. മൊത്തം 2240 പേരാണ് കന്നിയാത്രയില് കപ്പലിലുണ്ടായിരുന്നത്. അന്നത്തെ യാത്രയില്ടൈറ്റാനിക്കിന് സഞ്ചരിക്കേണ്ട പാതയില് നിരവധി മഞ്ഞുമലകളുണ്ടായിരുന്നു. ഈ മഞ്ഞുമലകളെക്കുറിച്ച് മറ്റ് കപ്പലുകള് മുന്നറിയിപ്പു സന്ദേശങ്ങള് ടൈറ്റാനിക്കിനു നല്കിയെങ്കിലും പക്ഷേ അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.
1912 ഏപ്രില് 14 രാത്രിയില് വലിയൊരു മഞ്ഞുമലയിലേയ്ക്ക് ടൈറ്റാനിക് പാഞ്ഞുകയറുകയായിരുന്നു. അടിത്തട്ട് അത്ര ഭാഗത്തോളം കീറി പോവുകയും ഐസ്ട്രെയില് വെള്ളം നിറയുന്നതുപോലെ ഓരോ അറയിലേയ്ക്കും വെളളം നിറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. കപ്പലിന്റെ അടിത്തട്ടില് നിന്നും 14 അടി ഉയരത്തില് ആദ്യം വെളളം ഉയര്ന്നു .തുടര്ന്ന് കപ്പലിന്റെ അണിയഭാഗം താഴ്ന്നു തുടങ്ങി. അങ്ങനെയങ്ങനെ പതുക്കെപ്പതുക്കെ ആ കപ്പല് ഭീമന് സമുദ്രത്തിനടിയിലേക്ക് താണു താണു പോയി. നിരവധി ആളുകള് മരണപ്പെട്ടു.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് താണുപോയ കപ്പലിന്റെ അവശിഷ്ടങ്ങള് സമുദ്ര ഉപരിതലത്തില് നിന്നും 12467 അടി താഴ്ചയിലാണ് കിടക്കുന്നത്. 2022 ല് അറ്റ്ലാന്റിക് പ്രൊഡക്ഷന്റെ പിന്തുണയോടെ ആഴക്കടല് മാപ്പിംങ് കമ്പനിയായ മഗല്ലനാണ് ഡോക്യുമെന്ററിയില് കാണിച്ച കപ്പലിന്റെ ത്രിഡി ദൃശ്യം നിര്മ്മിച്ചത്. മൂന്നാഴ്ചയോളമെടുത്താണ് കപ്പലിന്റെ അണ്ടര്വാട്ടര് സ്കാനിംഗ് നടത്തിയത്. 2023ല്ത്തന്നെ ഈ ചിത്രം പുറത്തുവിട്ടിരുന്നു.
Content Highlights :Researchers capture 3D footage of Titanic's final resting place