ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട, കാരണമുണ്ട്

പരിസ്ഥിതി സൗഹൃദവും വായു മലിനീകരണം കുറയുമെന്നതും ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതയാണ്

ഇലക്ട്രിക് വാഹനം വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരും അതിന് മടിക്കുന്നതിന് ഒരു കാരണമാണ് വാഹനങ്ങളുടെ വിലയും ഒപ്പം പൊതു ഇടങ്ങളില്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്തതും. ചാര്‍ജിംഗ് പോയിന്‍റുകളുടെ അപര്യാപ്തത ഇലക്ട്രിക് വാഹനങ്ങളില്‍ ദൂരയാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. പരിസ്ഥിതി സൗഹൃദമാണെന്നുള്ളതും വായു മലിനീകരണം കുറയ്ക്കുന്നു എന്നതുമാണ് അതിനുള്ള കാരണം.

അതുകൊണ്ട് തന്നെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട ചാര്‍ജിംഗ് സംവിധാനത്തിലുളള കുറവ് നികത്തുക എന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനുവേണ്ടി ഇന്ത്യയിലാകെ 360 കിലോവാട്ടിന്റെ അതിവേഗ ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ദേശീയ പാതകള്‍, എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇലക്ട്രിക് ചാര്‍ജ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ഭാരമുള്ള ഇലക്ട്രിക് വാഹനങ്ങളുടെയും പ്രീമിയം കാറുകളുടെയും ചാര്‍ജിംഗ് സമയം 15 മിനിറ്റിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവില്‍ എല്ലാ ചാര്‍ജിംഗ് കേന്ദ്രങ്ങളിലും 60 കിലോവാട്ട് ചാര്‍ജാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂറിലധികം സമയം എടുത്താലേ ഇവിടെ ചാര്‍ജിംഗ് സാധ്യമാകൂ. അതുകൊണ്ടുതന്നെ ചാര്‍ജിംഗ് സമയം 15 മിനിറ്റ് ആക്കുന്നത് വളരെ ഗുണപ്രദമാണ്. പുതിയതായി സ്ഥാപിക്കുന്ന 360 കിലോവാട്ടിന്റെ ചാര്‍ജറുകള്‍ ഇലക്ട്രിക് ട്രക്കുകള്‍ക്കും ബസുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കാനാണ് ധാരണ. എന്നാല്‍ 360 കിലോവാട്ട് ചാര്‍ജര്‍ സപ്പോര്‍ട്ട് ചെയ്യുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്കും പുതിയ സംവിധാനം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights :The government is trying to find a solution to the problem of filling the gap in charging systems for electric vehicles

To advertise here,contact us