വാട്‌സ്ആപ്പില്‍ ഇനി നീട്ടിപിടിച്ച് സന്ദേശമയച്ച് ബുദ്ധിമുട്ടേണ്ട,സന്ദേശങ്ങളൊക്കെ വാട്‌സ്ആപ്പ് ചുരുക്കിത്തരും

വരുന്നു വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍.. സന്ദേശങ്ങള്‍ ചുരുക്കാനും എഐ വാള്‍പേപ്പര്‍ ജനറേറ്റ് ചെയ്യാനും കഴിയും

ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെ വേഗം മനസിലാക്കാന്‍ സഹായിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. വായിക്കാത്ത സന്ദേശങ്ങള്‍ ധാരാളം ഉണ്ടെങ്കില്‍ അതിന്റെ സംഗ്രഹിച്ച ഭാഗം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സ്ആപ്പില്‍ കാണാന്‍ സാധിക്കും.

മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. ഇതിനിടയില്‍ സന്ദേശം സെന്‍ഡാകില്ലെന്നും മെറ്റ ഉറപ്പുനല്‍കുന്നുണ്ട്. സന്ദേശത്തിന്റെ ഉള്ളടക്കം പെട്ടെന്നുതന്നെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അടക്കമുളളവയിലേക്ക് തിരികെ ലഭ്യമാകും.എന്നാല്‍ അഡ്വാന്‍സ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുളള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളില്‍ എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ കണ്ടാണ്.

സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷനുകള്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ലഭ്യമാകും. ഇത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും.

ഇത് മാത്രമല്ല ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സ് ആപ്പില്‍ ഉടന്‍ വരും. എഐ വാള്‍പേപ്പര്‍ ജനറേറ്റ് ചെയ്യാനും ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്‌സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാനും കഴിയും എന്നാണ് സവിശേഷത.

Content Highlights :WhatsApp's new feature lets you compress messages and generate AI wallpapers

To advertise here,contact us