വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു, പെഗാസസ് സ്പൈവെയർ നിർമാതാക്കൾ 1400 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഇന്ത്യയിലും നിരവധി പേർ പെഗാസസ് ചോർത്തലിന് ഇരയായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിന് പെഗാസസ് സ്‌പൈ സോഫ്റ്റ്‌വെയർ നിർമാതാക്കളായ എൻഎസ്ഒ 167 മില്ല്യൺ ഡോളർ (1400 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കേസിൽ 444,000 ഡോളർ (3 കോടി രൂപ) മെറ്റയ്ക്ക് നഷ്ടപരിഹാരം നൽകാനും കാലിഫോർണിയയിലെ ഫെഡറൽ കോടതിയാണ് ഉത്തരവിട്ടത്.

2019 ൽ പെഗാസസ് ഉപയോഗിച്ച് 1400 ൽ അധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും വിവരങ്ങൾ ചോർത്തുകയും ചെയ്‌തെന്നാണ് കേസ്. മെറ്റ നൽകിയ പരാതിയിൽ ആണ് ഇപ്പോൾ നടപടി. സിറ്റിസൺ ലാബ് ആണ് പെഗാസസിന്റെ നീക്കത്തെ കുറിച്ച് വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. വാട്സാപ്പ് കോൾ ഫീച്ചറിലെ പഴുത് മുതലെടുത്തായിരുന്നു പെഗാസസ് ഫോണുകൾ ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്ത ഫോണുകളുടെ ക്യാമറയുടേയും മൈക്കിന്റേയും നിയന്ത്രണം ഏറ്റെടുക്കാനും കോൾ റെക്കോർഡുകളും ഇമെയിലുകളും ചോർത്താനും ലൊക്കേഷൻ അറിയാനും ഹാക്കർമാർക്ക് സാധിക്കുമായിരുന്നു. കോടതി വിധിയെ മെറ്റ സ്വാഗതം ചെയ്തു. 'നിയമവിരുദ്ധമായ സ്‌പൈവെയറിന്റെ വികസനത്തിനും ഉപയോഗത്തിനുമെതിരായ ആദ്യ വിജയം' എന്നാണ് മെറ്റ പ്രതികരിച്ചത്.

ഗുരുതരമായ കുറ്റവാളികൾക്കും തീവ്രവാദികൾക്കും എതിരെ മാത്രമേ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളൂ എന്നായിരുന്നു കോടതിയിൽ എൻഎസ്ഒ ഗ്രൂപ്പ് പറഞ്ഞത്. എന്നാൽ വിവിധ രാജ്യങ്ങൾ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യം വെച്ച് ഈ സ്‌പൈവെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2021-ലാണ് ഹാക്കിംഗിന് ഇരയായതായി സംശയിക്കുന്ന 50,000 ഫോൺ നമ്പറുകളുടെ പട്ടിക പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ടത്. ഈ പട്ടികയിൽ നിന്ന് വിവിധ രാഷ്ട്രീയക്കാരുടെയും രാഷ്ട്രത്തലവന്മാരുടെയും ബിസിനസ് എക്‌സിക്യൂട്ടീവുകളുടെയും ആക്ടിവിസ്റ്റുകളുടെയും നിരവധി അറബ് രാജകുടുംബാംഗങ്ങളുടെയും 180 ലധികം പത്രപ്രവർത്തകരുടെയും ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞിരുന്നു.

കനേഡിയൻ അന്വേഷണ ഗ്രൂപ്പായ ദി സിറ്റിസൺ ലാബിന്റെ റിപ്പോർട്ട് പ്രകാരം, ഡൗണിംഗ് സ്ട്രീറ്റിലെയും വിദേശകാര്യ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചിരുന്നു.

ഹാക്ക് ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന മറ്റ് പ്രമുഖ വ്യക്തികളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും , 2018 ഒക്ടോബറിൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സൗദി അറേബ്യൻ സർക്കാരിന്റെ വിമർശകനായ ജമാൽ ഖഷോഗിയുടെ ബന്ധുക്കളും ഉൾപ്പെടുന്നുണ്ട്.

ഇന്ത്യയിലും നിരവധി പേർ പെഗാസസ് ചോർത്തലിന് ഇരയായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം കേസിൽ തുടർനടപടികൾ ആലോചിക്കുമെന്ന് പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ പറഞ്ഞു.

'വിധിയുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും തുടർനടപടികളും അപ്പീലും ഉൾപ്പെടെ ഉചിതമായ നിയമപരമായ പരിഹാരങ്ങൾ തേടുകയും ചെയ്യുമെന്ന്' എന്നായിരുന്നു എൻഎസ്ഒയുടെ പ്രതികരണം.Content Highlights: WhatsApp hacked, Pegasus spyware makers ordered to pay Rs 1400 crore in damages, court order

To advertise here,contact us