വിലയുടെ കാര്യത്തിൽ ഐഫോണുകൾ എപ്പോഴും മുൻ പന്തിയിലാണ്. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിന്റെ പ്രോ വേർഷന് ഒന്നര ലക്ഷം രൂപയോളം വില വിപണിയിലുണ്ട്. ഇപ്പോളിതാ ഐഫോൺ വില രണ്ട് ലക്ഷത്തോളമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ട്രംപ് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ താരിഫുകൾ പ്രകാരമാണ് ആപ്പിൾ ഫോണുകൾക്ക് വിലകൂടിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിലെ വിലയേക്കാൾ 30 മുതൽ 40 ശതമാനം വരെ വില വർധിക്കാനാണ് സാധ്യത. നിലവിൽ ഐഫോണുകൾ പ്രധാനമായും നിർമ്മിക്കുന്നത് ചൈനയിലാണ്, ട്രംപിന്റെ താരിഫുകൾ ചൈനയിൽ നിന്ന് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് വിലവർധിപ്പിച്ചേക്കാം. അധികമായി വരുന്ന ചെലവുകൾ ഉപഭോക്താക്കളിലേക്ക് നൽകിയാൽ വില കുത്തനെ കൂടിയേക്കും.
നിലവിൽ ഐഫോൺ 16ക്ക് 799 ഡോളറാണ് വില (ഇന്ത്യൻ രൂപ 68,000). എന്നാൽ പുതുക്കിയ താരിഫ് ചെലവ് കൂടി ചേർത്താൽ ഒരു ഐഫോണിന് 1142 ഡോളറാവും (97,000 ഇന്ത്യൻ രൂപ) വില. ഐഫോൺ 16 പ്രോ മാക്സ് പോലുള്ള പ്രീമിയം മോഡലിന് ഏകദേശം 2,300 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) വരെ വർധിക്കാനും ഇടയുണ്ട്.
യുഎസ് ബിസിനസ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം ചൈനയിൽ നിന്ന് മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നതിനായി കൂടിയാണ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് തീരുവ ചുമത്തിയിരിക്കുന്നത്.
നിലവിൽ വില കൂടുതൽ കാരണം ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപ്പനയിൽ കുറവ് ഉണ്ടാവുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പുതുക്കിയ താരിഫുകകളുടെ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൂടി നൽകാൻ തീരുമാനിച്ചാൽ ഐഫോൺ വിൽപ്പനയിൽ ഇനിയും ഗണ്യമായ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം ആപ്പിളിനുണ്ടാകുന്ന ഈ തിരിച്ചടി സാംസങ് പോലുള്ള കമ്പനികൾക്ക് നേട്ടമായേക്കും. നിലവിൽ സാംസങ്ങിന്റെ മിക്ക ഫോണുകളും ചൈനീസ് ഇതര രാജ്യങ്ങളിലാണ് നിർമ്മിക്കുന്നത്.
Content Highlights: Trump's new tariffs Reports suggest iPhone prices could cross Rs 2 lakh