ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിനും ജെഫ് ബെസോസിൻ്റെ ആമസോണിനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഡാറ്റാ സുരക്ഷ, കവറേജ് ഏരിയ, മറ്റ് പ്രധാന പാരാമീറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളും എന്തെല്ലാം നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന വിശദമായ വിവരങ്ങൾ രണ്ടു കമ്പനികളും കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഭാരതി എയർടെല്ലിൻ്റെ പിന്തുണയുള്ള വൺവെബിനും റിലയൻസ് ജിയോയും എസ്ഇഎസുമായുള്ള പങ്കാളിത്തത്തിനും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും അപേക്ഷകൾ അധിക സുരക്ഷാ പരിശോധനകൾക്കായി പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായുള്ള സ്റ്റാർലിങ്കിനും ആമസോണിനും അടുത്തിടെ കത്തുകൾ അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയാവുന്ന ടെലകോം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന സമ്മതം സമർപ്പിച്ചതിന് ശേഷം മാത്രമേ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയൂ. കമ്പനികൾ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു' ഉദ്യോഗസ്ഥൻ്റെ പ്രതികരണം.
സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും മറുപടിക്കായി സർക്കാർ കുറച്ച് സമയം കൂടി കാത്തിരിക്കുമെന്നും എന്നാൽ എല്ലാ സുരക്ഷാ വ്യവസ്ഥകളും അംഗീകരിക്കുന്നതുവരെ അപേക്ഷകൾ പ്രോസസ്സ് ചെയ്യില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നതിന് സാറ്റ്കോം ദാതാക്കൾ സർക്കാരിന് നൽകേണ്ട ഡാറ്റ, കവറേജ് ഏരിയ മുതലായവയുമായി ബന്ധപ്പെട്ട സുരക്ഷാ സംബന്ധിയായ വിവിധ നിബന്ധനകൾ ഉണ്ട്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതു'ണ്ടെന്നും മൂന്നാമതൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അക്ഷാംശ രേഖാംശ സ്ഥാനങ്ങളിൽ മാറ്റമുണ്ടായാൽ ഏതെങ്കിലും നിലയിലുള്ള ദുരുപയോഗം തടയുന്നതിനായി സുരക്ഷാ ആവശ്യകതകൾക്കനുസരിച്ച് ടെർമിനലുകൾ ആശയവിനിമയം നിർത്തണം. തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിൻ്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളാണ് സർക്കാരിൻ്റെ ജാഗ്രതയുടെ അടിസ്ഥാനമെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് ആശയവിനിമയത്തിൻ്റെ തന്ത്രപരമായ പ്രാധാന്യമാണ് ഇതിൻ്റെ പ്രധാനകാരണം. അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള സാറ്റലൈറ്റ് ടെർമിനലുകൾ സുരക്ഷിതമായി നിരീക്ഷിക്കുകയും അനധികൃത ആക്സസ് അല്ലെങ്കിൽ ദുരുപയോഗം തടയുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം ഒരു നിശ്ചിത തുകയ്ക്ക് സ്പെക്ട്രം അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള സ്പെക്ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ്റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇന്ത്യയിലും ലേലമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിലനിശ്ചയിച്ച് സ്പെക്ട്രം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ലേലം നടത്തണമെന്നും മുകേഷ് അംബാനിയും സുനിൽ മിത്തലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് നിരാകരിച്ചിരുന്നു.
ലേലം ഇല്ലാതാവുന്നതോടെ തങ്ങളുടെ സാധ്യത മങ്ങുന്നതായി ജിയോയും എയർടെലും ഭയപ്പെടുന്നുണ്ട്. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക.
ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യയെ വലിയ വിപണിയായാണ് സ്റ്റാർലിങ്ക് കാണുന്നത്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വഴി സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Strict security guidelines and declarations are required from starlink and amazon