സ്വകാര്യ സംഭാഷണങ്ങൾ പിടിച്ചെടുക്കും; സ്മാർട്ട്ഫോണുകളിലെ 'വോയിസ് അസിസ്റ്റൻ്റു'മാരിൽ ഒരുകണ്ണ് വേണം!

സ്മാര്‍ട്ട് ഫോണിലും ബ്ലൂടൂത്തിലും സ്മാർട്ട് വാച്ചിലും ഉള്ള വോയ്‌സ് അസിസ്റ്റൻ്റ് സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത് എങ്ങനെ

കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സംസാരത്തിനിടയില്‍ ഏതെങ്കിലും ഒരു ഫോണിനെക്കുറിച്ചോ, അല്ലെങ്കില്‍ വീട്ടിലേക്ക് ഒരു മിക്‌സി വാങ്ങുന്നതിനെക്കുറിച്ചോ നിങ്ങള്‍ പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടെപ്പോഴെങ്കിലും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഈ പറഞ്ഞ ഫോണിനെക്കുറിച്ചോ മിക്‌സിയെക്കുറിച്ചോ ഉള്ള പരസ്യം അതില്‍ കണ്ടിട്ടുണ്ടോ. 'ശൈടാ ഇതിപ്പോ ഞാന്‍ പറഞ്ഞ കാര്യമാണല്ലോ എന്ത് അത്ഭുതമായിരിക്കുന്നു. ഞാന്‍ പറയുന്നതൊക്കെ ഈ മൊബൈല്‍ കേട്ടോ' എന്നൊക്കെ ആശ്ചര്യപ്പെടേണ്ടി വന്ന അവസരം നമുക്ക് ഉണ്ടായിട്ടുണ്ടാവും അല്ലേ. എന്നാല്‍ ആ ആശ്ചര്യത്തില്‍ കാര്യമുണ്ട്. അലക്‌സയും സിരിയും പോലുള്ള വോയ്‌സ് അസിസ്റ്റന്റുമാരും ഗൂഗിള്‍ അസിസ്റ്റന്റുമാരും ഒക്കെ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നുണ്ടെന്ന് സാരം.എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നല്ലേ.

എങ്ങനെ ഫോണുകള്‍ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നു

നിങ്ങള്‍ക്ക് ടാസ്‌കുകള്‍ എളുപ്പമാക്കാനാണല്ലോ അലക്‌സയും സിരിയും ഗൂഗിളും പോലുളള വോയ്‌സ് അസിസ്റ്റൻ്റ്സ് ഉപയോഗിക്കുന്നത്. അതിന്റെ മൈക്രോഫോണുകളുടെ പരിധിക്കുളളില്‍ നിന്ന് നിങ്ങള്‍ എന്ത് സംസാരിച്ചാലും അത് അവര്‍ സ്വീകരിക്കും. ഹേയ് അലക്‌സ, ഹേയ് സിരി പോലെയുളള വേക്ക് കീവേഡുകള്‍ ഉപയോഗിക്കുമ്പോൾ എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്ന രീതിയിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വോയ്‌സ് അസിസ്റ്റന്റ് നമ്മൾ പറയുന്നതിലെ ചില കീവേഡുകൾ സ്‌പോട്ട് ചെയ്ത് ക്ലൗഡ് സെര്‍വറിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കുടുംബവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍, രണ്ട് ആളുകള്‍ തമ്മിലുള്ള രഹസ്യ സംഭാഷണം ഇവയെല്ലാം അസിസ്റ്റന്റുകള്‍ നിങ്ങളുടെ അറിവില്ലാതെ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങള്‍ എന്തെങ്കിലും കണ്ടെത്താനായി ഗൂഗിള്‍ അസിസ്റ്റന്റിനോടോ സിരിയോടൊ ആവശ്യപ്പെടുമ്പോള്‍ ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.

2019ല്‍ 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആപ്പിളിന്റെ അസിസ്റ്റന്റായ സിരി വളരെ കോണ്‍ഫിഡന്‍ഷ്യലായ മെഡിക്കല്‍ വിവരങ്ങള്‍, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ പതിവായി കേള്‍ക്കുന്നത് എങ്ങനെയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിരി ചില സമയങ്ങളില്‍ തെറ്റായി ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നും ആളുകളുടെ ബിസിനസ് ചര്‍ച്ചകളും മെഡിക്കല്‍ സംബന്ധമായ കാര്യങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഇവയെല്ലാം പിന്നീട് വോയ്‌സ് റെക്കോര്‍ഡിംഗുകള്‍ വിശകലനം ചെയ്യുന്നവർക്ക് കൈമാറിയേക്കാമെന്നും നേരത്തെ കണ്ടുപിടിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആപ്പിള്‍ പിന്നീട് ക്ഷമാപണം നടത്തുകയും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. സിരി മാത്രമല്ല ആമസോണിൻ്റെ വോയിസ് അസിസ്റ്റന്റായ അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും സമാനമായ പല സിസ്റ്റങ്ങളും ഉപയോഗിക്കാറുണ്ട്.

ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് അല്‍ഗോരിതങ്ങളും കോഡുകളുമാണ്. നിങ്ങളുടെ ഓണ്‍ലൈന്‍ തിരയലുകള്‍ എപ്പോഴും ട്രാക്ക് ചെയ്യുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ നിങ്ങളുടെ ജിമെയില്‍ ഐഡി നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്താണ് വാങ്ങിയതെന്നും നിങ്ങള്‍ ഓണ്‍ലൈനില്‍ എന്താണ് തിരയുന്നതെന്നും ഗൂഗിളിന് അറിയാം. അതുകൊണ്ട് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് നിങ്ങളാണ്.

എങ്ങനെ സ്വകാര്യത സംരക്ഷിക്കാം

സ്മാര്‍ട്ട് ഫോണിലോ സ്പീക്കറിലോ വാച്ചിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ ഉള്ള വെര്‍ച്വല്‍ അസിസ്റ്റന്റിനെ ഉപയോഗിക്കുന്നില്ല എങ്കില്‍ ഇത് പ്രവര്‍ത്തനരഹിതമാക്കി വയ്ക്കാം.സിരിയും അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും ആവശ്യമില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാക്കാം.

ഗൂഗിളിന്റെയും അലക്‌സയുടെയും വോയിസ് ഹിസ്റ്ററിയ ക്ലിയര്‍ ചെയ്തിടാം. സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്തിടാന്‍ ശ്രദ്ധിക്കുക.

Content Highlights :Beware, someone else is listening to your private conversations

To advertise here,contact us