കാറൊക്കെ വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ...; 4x4 കാർ എല്ലാവർക്കും വേണ്ടതാണോ? വാങ്ങും മുമ്പ് ഈ കാര്യങ്ങൾ അറിയാം

4x4 കാറുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡ് ആണ്

കാര്‍ വാങ്ങുമ്പോള്‍ കൂടുതല്‍ പവര്‍, കൂടുതല്‍ സുരക്ഷ, റോഡില്‍ നല്ല ഗ്രിപ്പ്… ഇതൊക്കെയാണ് പലരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ 4x4 കാറുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. എന്നാല്‍ 4x4 കാര്‍ എല്ലാവര്‍ക്കും ആവശ്യമാണോ? വാങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

നഗരത്തിലെ സാധാരണ റോഡുകളിലൂടെ ദിവസവും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കുമാണ് കാര്‍ ഉപയോഗിക്കുന്നതെങ്കില്‍ 4x4 വാങ്ങുന്നത് അധിക ചെലവാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പതിവായി മോശം റോഡുകളിലൂടെയും ചെളിയിലൂടെയും കുന്നിന്‍പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്ക് 4x4 സംവിധാനം ഏറെ പ്രയോജനപ്പെടും.

എന്താണ് 4x4 കാര്‍

കാറിന്റെ നാല് ചക്രങ്ങള്‍ക്കും എന്‍ജിന്റെ ശക്തി എത്തിക്കുന്ന സംവിധാനമാണ് 4x4 അഥവാ ഫോര്‍-വീല്‍ ഡ്രൈവ്. സാധാരണയായി ഒരു കാര്‍ ചെളിയിലോ മണലിലോ കുഴിയിലോ കുടുങ്ങുമ്പോള്‍ നാല് ചക്രങ്ങളിലേക്കുമുള്ള ഡ്രൈവ് കൂടുതല്‍ ട്രാക്ഷന്‍ നല്‍കാന്‍ സഹായിക്കും.അതുകൊണ്ടുതന്നെ ഓഫ്-റോഡ് യാത്രകള്‍ക്കും കുന്നുകളും മോശം റോഡുകളും നിറഞ്ഞ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്കും 4x4 വാഹനങ്ങള്‍ ഉപയോഗപ്രദമാണ്.

നഗരത്തില്‍ മാത്രം ഓടിക്കുന്നവര്‍ക്ക് 4x4 വാഹനങ്ങള്‍ ആവശ്യമുണ്ടോ?

ദിവസവും നഗരത്തിലെ നല്ല റോഡുകളിലൂടെയാണ് യാത്രയെങ്കില്‍ 4x4 സംവിധാനത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കേണ്ടി വരില്ല. ഓഫീസ് യാത്ര, ഷോപ്പിങ്, കുടുംബ യാത്ര തുടങ്ങിയ സാധാരണ ആവശ്യങ്ങള്‍ക്കായി 4x2 വാഹനം തന്നെ മതിയാകാം. 4x4 സംവിധാനം കൂടുതലായി പ്രയോജനപ്പെടുന്നത് ചെളി, മണല്‍, കുത്തനെയുള്ള കയറ്റങ്ങള്‍, കല്ലും കുഴികളും നിറഞ്ഞ റോഡുകള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ്.

വാങ്ങുമ്പോള്‍ ചെലവ് മാത്രമല്ല ഉപയോഗച്ചെലവും നോക്കണം

4x4 കാറുകള്‍ക്ക് സാധാരണയായി സമാനമായ 4x2 മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും. വാഹനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഇന്ധന ഉപഭോഗത്തിലും വ്യത്യാസമുണ്ടാകാം. കൂടാതെ നാല് ചക്രങ്ങളിലേക്കും ഡ്രൈവ് നല്‍കുന്ന സംവിധാനത്തില്‍ കൂടുതല്‍ മെക്കാനിക്കല്‍ ഘടകങ്ങളുണ്ട്. അതിനാല്‍ ചില സാഹചര്യങ്ങളില്‍ പരിപാലനച്ചെലവും കൂടുതലാകാം. അതായത് കാര്‍ വാങ്ങുമ്പോഴുള്ള വില മാത്രം നോക്കിയാല്‍ പോരാ. ഇന്ധനം, സര്‍വീസ്, പരിപാലനം തുടങ്ങിയ തുടര്‍ ചെലവുകളും കണക്കാക്കണം.

യാത്രകളും ഓഫ് റോഡിങ്ങും ഇഷ്ടമാണെങ്കില്‍…

യാത്രകളില്‍ ഇടയ്ക്കിടെ മോശം റോഡുകള്‍ വരാറുണ്ടോ? മലനിരകളിലേക്കോ മഞ്ഞുള്ള പ്രദേശങ്ങളിലേക്കോ പോകാറുണ്ടോ? ചെളിയും മണലും നിറഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കേണ്ടി വരാറുണ്ടോ?.ഇത്തരം സാഹചര്യങ്ങളില്‍ 4x4 സംവിധാനം കൂടുതല്‍ പ്രയോജനപ്പെടും. പ്രത്യേകിച്ച് ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത്തരം വാഹനങ്ങളുടെ ശേഷി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

സ്വയം ചോദിക്കേണ്ട ഒരു ചോദ്യം

വാഹനം വാങ്ങും മുന്‍പ് ശരിക്കും 4x4 സംവിധാനം ആവശ്യമുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. കാറിന്റെ വലുപ്പവും റോഡിലെ പവറും മാത്രം നോക്കി 4x4 തിരഞ്ഞെടുക്കേണ്ടതില്ല. നിങ്ങള്‍ സാധാരണയായി എവിടെയാണ് കാര്‍ ഓടിക്കുന്നത്, എത്ര ദൂരം യാത്ര ചെയ്യുന്നു, മോശം റോഡുകളിലൂടെ എത്രത്തോളം പോകുന്നു, വാഹനത്തിനായി എത്രമാത്രം ചെലവാക്കാന്‍ തയ്യാറാണ് തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് തീരുമാനം എടുക്കേണ്ടത്.

Content Highlights :Does everyone need a 4x4 car? It is important to know a few things before buying one

To advertise here,contact us