ഇന്ത്യയില്‍ എന്തുകൊണ്ടാണ് വലതുവശത്ത് സ്റ്റിയറിംഗ് ; അതിന് പിന്നിലെ കാരണം അറിയണോ?

പല രാജ്യങ്ങളിലും വാഹനങ്ങളില്‍ ഇടതുവശത്ത് സ്റ്റിയറിംഗ് ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍മാത്രം വലതുവശത്ത് സ്റ്റിയറിംഗ് ഉള്ളത്

വാഹനം ഓടിക്കുമ്പോള്‍ സ്റ്റിയറിംഗ് എവിടെയാണ്?.വലതുവശത്ത് അല്ലേ. നമ്മുടെ രാജ്യത്ത് അങ്ങനെയാണ്. പല രാജ്യങ്ങളും വാഹനങ്ങളില്‍ സ്റ്റിയറിംഗ് വീല്‍ ഇടതുവശത്ത് വയ്ക്കുമ്പോള്‍ ഇന്ത്യ അതില്‍നിന്ന് വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വാഹനങ്ങളില്‍ സ്റ്റിയറിംഗ് വലതുവശത്തുള്ളതെന്ന് അറിയാമോ?. ചരിത്രം, സുരക്ഷ, നൂറ്റാണ്ടുകളായി രൂപപ്പെടുത്തിയ ഡ്രൈവിങ് ശീലങ്ങള്‍ എന്നിവയില്‍ വേരൂന്നിയാണ് ഇങ്ങനെയൊരു പ്രത്യേകത ഇന്ത്യന്‍ നിരത്തുകളിലെ വാഹനങ്ങള്‍ക്കുള്ളത്.

ബ്രട്ടീഷ് ഭരണത്തില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു രീതിയാണ് റോഡിന്റെ ഇടതുവശത്തുകൂടി വാഹനമോടിക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയില്‍ റോഡ് സംവിധാനങ്ങളും ഗതാഗത നിയമങ്ങളും അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ പിന്തുടര്‍ന്നിരുന്ന നിയമങ്ങള്‍ പകര്‍ത്തിയാണ് ഇന്ത്യയിലും റോഡ് നിയമങ്ങള്‍ നടപ്പിലാക്കിയത്. അവിടെ ഇടതുവശത്ത് വാഹനമോടിക്കുന്നതിനാല്‍, ഇന്ത്യയിലും അതേ രീതി സ്വീകരിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യ ഈ രീതി തുടര്‍ന്നുവരികയാണ്. വലതുവശത്ത് സ്റ്റിയറിംഗ് വീല്‍ വരുന്നതുകൊണ്ട് ഡ്രൈവര്‍മാര്‍ക്ക് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള ദൂരം നന്നായി വിലയിരുത്താനും സുരക്ഷ മെച്ചപ്പെടുത്താനും സാധിക്കുന്നു. വാഹനത്തിന്റെ വലതുവശത്തിരുന്ന് ഡ്രൈവ് ചെയ്യുന്നതുകൊണ്ട് റോഡിന്റെ ഇടതുവശത്തുകൂടി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ തുടങ്ങിയവരെ ശ്രദ്ധിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഡ്രൈവര്‍മാര്‍ക്ക് കഴിയും.

എല്ലാവാഹനങ്ങളും ഒരുപോലെ

ഇന്ത്യയിലെ ഗതാഗത സംവിധാനത്തില്‍ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം ഇടതുവശത്തുകൂടിയാണ് പോകുന്നതും. അതുകൊണ്ട് സ്റ്റിയറിംഗ് വീല്‍ വലതുവശത്ത് വയ്ക്കുന്നത് വാഹനങ്ങള്‍ക്ക് ഏകീകൃത നല്‍കുകയും ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പം കുറയ്ക്കുകയും ചെയ്യുന്നു. ഹൈവേകളിലും ഇടുങ്ങിയ റോഡുകളിലും ഓവര്‍ടേക്കിംഗ്, ലൈന്‍ പൊസിഷനിംഗ് എന്നിവ ചെയ്യുമ്പോഴൊക്കെ വലതുവശത്തെ സ്റ്റിയറിങ്ങിന്റെ പ്രയോജനം ലഭിക്കുന്നു.

വലതുവശത്ത് സ്റ്റിയറിംഗ് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങള്‍

ആഗോളതലത്തില്‍ യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ ഏകദേശം 75 രാജ്യങ്ങള്‍ ഇടതുവശ ഗതാഗതം പിന്തുടരുകയും വലതുവശത്ത് സ്റ്റിയറിംഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

ഇന്ത്യ എന്തുകൊണ്ടാണ് പഴയ സംവിധാനത്തില്‍ മാറ്റം വരുത്താതിരുന്നത്

ഇടതുവശത്തേക്ക് ഡ്രൈവിംഗ് മാറ്റുന്നതിന് റോഡ് അടിസ്ഥാന സൗകര്യങ്ങള്‍, സൈനേജുകള്‍, വാഹന നിര്‍മ്മാണം, ഡ്രൈവര്‍മാരുടെ ട്രെയിനിംഗ് എന്നിവയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമായി വരും. അത്തരമൊരു മാറ്റം ചെലവേറിയതും അപകടസാധ്യതയുള്ളതും അനാവശ്യവുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Content Highlights : Why is the steering wheel on the right side only in India, while in many countries vehicles are steered on the left?

To advertise here,contact us