ടെസ്ലയുടെ ഡിസൈൻ വീഴ്ചയ്ക്കെതിരെ പരാതിയുമായി അപകടത്തിൽ മരിച്ച കോളേജ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ. അപകടത്തിൽപ്പെട്ട ടെസ്ല കാർ പൊട്ടിത്തെറിച്ചപ്പോൾ ഡിസൈൻ പിഴവ് കാരണം കാറിൻ്റെ ഡോർ തുറക്കാൻ കഴിയാതെ തങ്ങളുടെ മകൾ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയെന്നാണ് വ്യാഴാഴ്ച ഫയൽ ചെയ്ത കേസിൽ പറഞ്ഞിരിക്കുന്നത്. കാലിഫോർണിയയിലെ കോളേജ് വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് ടെസ്ലക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അപകടത്തിൽ മരിച്ച ക്രിസ്റ്റ സുകഹാര, ജാക്ക് നെൽസൺ എന്നീ വിദ്യാർത്ഥികൾക്ക് താരതമ്യേന ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ടെസ്ലയുടെ ഡോറുകൾ തുറക്കാൻ കഴിയാത്തതിനാൽ ഇരുവരും പൊള്ളലേറ്റും പുക ശ്വസിച്ചും മരിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നത്. കത്തുപിടിച്ച വാഹാനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ ഇന്ന് ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് ക്രിസ്റ്റയുടെ പിതാവ് കാൾ സുകഹാരയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഈ പിഴവിനെക്കുറിച്ച് വർഷങ്ങളായി ടെസ്ലയ്ക്ക് അറിയാമായിരുന്നുവെന്നും പക്ഷേ അത് പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ക്രിസ്റ്റ സുകഹാര (19), ജാക്ക് നെൽസൺ (20) എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്. 2024 നവംബർ മാസത്തിലായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശത്തുള്ള പീഡ്മോണ്ടിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിലേയ്ക്ക് ഇടിച്ച് കയറി അപടകം ഉണ്ടായത് ലഹരി ഉപയോഗിച്ചായിരുന്നു ഡ്രൈവർ വാഹനം ഓടിച്ചിരുന്നതെന്നാണ് കേസ് ഫയലിൽ വിവരിച്ചിരിക്കുന്നത്. സുകഹാരയും നെൽസണും വാഹനത്തിൻ്റെ പിന്നിലിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. മറ്റൊരു യാത്രക്കാരിയെ രക്ഷാപ്രവർത്തകൻ കാറിൻ്റെ വിൻഡോ തകർത്ത് പുറത്തേക്ക് എടുക്കുകയായിരുന്നു.
ടെസ്ലയുടെ വാഹനങ്ങളിൽ ഒരു ബട്ടൺ അമർത്തിയാൽ തുറക്കുന്ന ഇലക്ട്രോണിക് ഡോറുകളാണ് ഉപയോഗിക്കുന്നത്. ഇത് ഒരു സവിശേഷതയായി തന്നെയാണ് ടെസ്ല അവതരിപ്പിക്കുന്നത്. എന്നാൽ ഈ സിസ്റ്റം കാറിൻ്റെ പ്രധാന പവർ സ്രേതസ്സുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. ഇതിനായി 12-വോൾട്ടിൻ്റെ ഒരു ബാറ്ററി വേറെ ക്രമീകരിച്ചിരിക്കുകയാണ്. ഒരു അപകടത്തിലോ തീപിടുത്തത്തിലോ ബാറ്ററിക്ക് കേടുപാടുകൾ സംഭവിച്ചാൽ, ഇലക്ട്രോണിക് ഡോർ മെക്കാനിസം പരാജയപ്പെട്ടേക്കാം എന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.
ഓരോ ടെസ്ലയ്ക്കും മാനുവലായി റിലീസ് ചെയ്യാവുന്ന ഹാൻഡിലുകൾ ഉണ്ട്. എന്നാൽ സുകഹാരയും നെൽസണും സഞ്ചരിച്ചിരുന്ന സൈബർട്രക്ക് ഉൾപ്പെടെ നിരവധി മോഡലുകളിൽ അവ എളുപ്പം കണ്ടെത്താൻ കഴിയുന്ന നിലയിലല്ല സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇവ കണ്ടെത്താൻ പ്രയാസമുണ്ടാക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. ഡോർ മാനുവലായി തുറക്കാവുന്ന കേബിൾ കണ്ടെത്താൻ യാത്രക്കാർ സൈബർട്രക്കിന്റെ പിൻസീറ്റിലെ ഡോറിൻ്റെ സ്റ്റോറേജ് പോക്കറ്റിന്റെ അടിയിലുള്ള ഒരു റബ്ബർ മാറ്റ് ഉയർത്തേണ്ടതുണ്ട്. പുകയും തീജ്വാലകളും ഉയരുന്ന സാഹചര്യത്തിൽ ഇത് കണ്ടെത്തി ഈ നിലയിൽ മാനുവലി ഓപ്പറേറ്റ് ചെയ്യുക അസാധ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർക്ക് ഈ അപകടസാധ്യതകളെക്കുറിച്ച് അറിയാമായിരുന്നുവെന്നും പക്ഷേ അവ പരിഹരിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് ന്യൂയോർക്ക് ടൈംസും അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്യുന്നത്. ടെസ്ലയുടെ ഡോറിലെ തകരാറുകളെക്കുറിച്ച് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) ഔപചാരിക അന്വേഷണം ആരംഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ കേസ് പുറത്തുവരുന്നത്. കുട്ടികളെ പുറത്തിറക്കാൻ പിൻവാതിലുകൾ തുറക്കാൻ കഴിയില്ലെന്നും ചിലപ്പോൾ അവരെ പുറത്തിറക്കാൻ ജനാലകൾ തകർക്കേണ്ടിവരുമെന്നുമുള്ള ഉടമകളുടെ പരാതികളാണ് റെഗുലേറ്റർമാർ പരിശോധിച്ച് വരുന്നത്.
നേരത്തെ ടെസ്ല അപകടത്തിൽ മരിച്ച മറ്റൊരു കോളേജ് വിദ്യാർത്ഥിയുടെ കുടുംബത്തിന് ഫ്ലോറിഡയിലെ ഒരു കോടതി 240 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം വിധിച്ചിരുന്നു. വാഹനത്തിന്റെ സസ്പെൻഷൻ സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു ആ കേസ്.
പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഡോർ ഹാൻഡിലുകൾക്ക് പകരം ഫ്ലഷ് ഇലക്ട്രോണിക് ലാച്ചുകൾ ഉപയോഗിച്ച് ഡോർ തുറക്കാനുള്ള ടെസ്ലയുടെ നീക്കം മറ്റ് വാഹന നിർമ്മാതാക്കളും ഇപ്പോൾ അനുകരിക്കുന്നുണ്ട്. ഇലക്ട്രോണിക് മോഡൽ കാറുകളിലാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. ഈ ഡിസൈൻ എയറോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവ പ്രവർത്തിക്കാനുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന അടിയന്തര സാഹചര്യങ്ങളിൽ ഇത് അപകടകരമായി മാറുന്നുവെന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്.
Content Highlights: Tesla’s electronic door handle system trapped a 19-year-old inside a burning Cybertruck