റെയ്ഡ് റോയല്‍ ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വിറ്റ വാഹനങ്ങളുടെ പേരിൽ; നേരിട്ട് വാങ്ങിയെങ്കിൽ ദുൽഖറിനും കുരുക്ക്

നിലവില്‍ ദുല്‍ഖറിന്റെ രണ്ടു വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചടുത്തിട്ടുണ്ട്

റോയല്‍ ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വിറ്റ 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി കംസ്റ്റസ് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരിൽ പരിശോധന നടത്തിയത്. ഇതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. നടന്മാരായ പൃഥിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലും പരിശോധന നടന്നു. ഇതിൽ ദുല്‍ഖർ സൽമാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിഫെന്‍ഡര്‍ അടക്കം രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.

ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന സൂചനകളെ തുടർന്നായിരുന്നു പരിശോധനയെന്നാണ് സൂചന. വാഹനം ഇത്തരത്തില്‍ ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടു വന്നതാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാനെ അത് ഏത് രീതിയില്‍ ബാധിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. നേരിട്ടാണ് ഈ വാഹനം ഭൂട്ടാനില്‍ നിന്ന് സ്വന്തമാക്കിയിട്ടുള്ളതെങ്കില്‍ ദുൽഖർ പ്രതി സ്ഥാനത്ത് വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അല്ലാതെ ഇടനിലക്കാര്‍ മുഖേനെയാണ് വാഹനം വാങ്ങിച്ചതെങ്കില്‍ കേസില്‍ ദുൽഖറിനെ സാക്ഷിയാക്കിയേക്കും.

റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്ക് വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.

ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി-52' റജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഉള്‍പ്പെടെയാണ് കേരളത്തില്‍ കാറുകള്‍ വിറ്റത്.

കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റര്‍ ചെയ്ത് 'കെഎല്‍' നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കൂടാതെ മറ്റു വാഹനങ്ങളും ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്, പുറം രാജ്യങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ നികുതിയില്‍ ചെറിയ തോതില്‍ ഇളവുകളുണ്ട്. വിദേശത്തു നിന്നെത്തിക്കുന്ന ആഡംബര വാഹനങ്ങള്‍ ഭൂട്ടാനിലെത്തിക്കുകയും അവിടെ വ്യാജ അഡ്രസുണ്ടാക്കി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. വിവിധ കാര്‍ ഷോറുമൂകളിലും പരിശോധന നടത്തുന്നുണ്ട്. മലയാള സിനിമയിലെ മറ്റു താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുമെന്നാണ് വിവരം.

Content Highlights: Operation Namkhor customs on dulquer home for vehicle checking

To advertise here,contact us