
ആഡംബര കാറുകളുടെ നികുതി വെട്ടിപ്പിനെ കേന്ദ്രീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്സ് ആന്ഡ് കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന് നംഖോര് പുരോഗമിക്കുകയാണ്. കേരളത്തിലും തട്ടിപ്പ് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 സ്ഥലങ്ങളില് ഉന്നതതല പരിശോധനകള് നടന്നു.
നടന്മാരായ പൃഥിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലും പരിശോധന നടന്നു. ഇതിൽ ദുല്ഖർ സൽമാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിഫെന്ഡര് അടക്കം രണ്ടു വാഹനങ്ങള് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
സംഭവത്തോടെ ദുൽഖറിൻ്റെ കാറുകളോടുള്ള അഭിനിവേശം വീണ്ടും ചർച്ചയാവുകയാണ്. രാജ്യത്തെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സ്വകാര്യ ഗാരേജുകളിൽ ഒന്ന് ദുൽഖർ നിർമ്മിച്ചിട്ടുണ്ട്. നിരവധി ആഡംബര കാറുകളുടെ ശേഖരമാണ് ഇത്തരത്തിൽ ദുൽഖറിനുള്ളത്. അവ ഏതൊക്കെയാണെന്ന് അറിയാം
ഫെരാരി 296 GTB
ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യമായി നടൻ്റെ ഫെരാരി 296 GTB പ്രത്യക്ഷപ്പെട്ടത്. ദുൽഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെരാരി കാറാണ് റോസ്സോ റുബിനോ ഫെരാരി 296 GTB. ഇതിൻ്റെ ഇന്ത്യയിലെ വില ഏകദേശം 5.88 കോടി രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
പോർഷെ 911 GT3 (991.2)
തന്റെ ഷെഡിലെ ഏറ്റവും മൂർച്ചയുള്ള ആയുധം എന്നാണ് പോർഷെ 911 GT3 (991.2) നെ ദുൽഖർ വിശേഷിപ്പിച്ചത്. ഏറ്റവും ആകർഷകവും മികച്ചതുമായ ഡ്രൈവിംഗ് അനുഭവം ഈ കാർ നൽകിയിട്ടുണ്ടെന്നും ദുൽഖർ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പോർഷെയുടെ ജിടിയുടെ വില 2.3 കോടി രൂപയിൽ തുടങ്ങി 3 കോടി രൂപയിൽ കൂടുതലാണ്.
മെഴ്സിഡസ്-ബെൻസ് SLS AMG
എട്ട് വർഷത്തിലേറെയായി ദുൽഖറിനൊപ്പമുള്ള ആഡംബര കാറാണ് മെഴ്സിഡസ്-ബെൻസ് SLS AMG. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ ദുൽഖർ ഇതിനെ "ഫ്യൂച്ചർ ക്ലാസിക്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു ലെജൻഡിന്റെ സൂക്ഷിപ്പുകാരനാകുന്നത് മികച്ച ഒരു പദവിയായി കണക്കാക്കുന്നുവെന്നും ദുൽഖർ കുറിച്ചു. ഇതിൻ്റെ വില 2.54 കോടി രൂപയിൽ ആരംഭിക്കുന്നു.
ബിഎംഡബ്ല്യു M3 E46
ഇപ്പോൾ ഉൽപ്പാദനത്തിൽ ഇല്ലെങ്കിലും ബിഎംഡബ്ല്യു സീരീസിലെ ഏറ്റവും മികച്ച കാറിൽ ഒന്നായാണ് ബിഎംഡബ്ല്യു M3 E46 നെ കണക്കാക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയിലാണ് ഈ കാറിൻ്റെ വില ആരംഭിക്കുന്നത്. തൻ്റെ കാർ ശേഖരത്തിലെ രത്നം എന്നാണ് ദുൽഖർ ഈ കാറിനെ വിളിക്കുന്നത്.
ഇത് കൂടാതെ പോർഷെ പനാമേര, മെഴ്സിഡസ്-മേബാക്ക് GLS 600, മെഴ്സിഡസ്-ബെൻസ് S-ക്ലാസ്, മെഴ്സിഡസ്-AMG G63, മെഴ്സിഡസ്-AMG A45, ബിഎംഡബ്ല്യു 7 സീരീസ്, ലാൻഡ് റോവർ റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫൻഡർ, വിഡബ്ല്യു പോളോ GTI, മിനി കൂപ്പർ S, മാസ്ഡ MX-5, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും ദുൽഖറിനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Content Highlights- Love for luxury cars,get to know the big names in Dulquer's car collection