റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഊബർ തങ്ങളുടെ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഹെലികോപ്റ്റർ യാത്ര വാഗ്ദാനം ചെയ്യുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിയായ ഊബറിൻ്റെ പുതിയ കാൽവയ്പ്പാണ് പദ്ധതിയെ കാണുന്നത്. സേവനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി ഇലക്ട്രിക് എയർ ടാക്സി നിർമ്മാതാക്കളായ ജോബി ഏവിയേഷനുമായി കൈകോർത്തിരിക്കുകയാണ് കമ്പനി.
125 മില്യൺ ഡോളറിന്റെ ഇടപാടിലൂടെ ബ്ലേഡ് എയർ മൊബിലിറ്റിയെ ജോബി ഏറ്റെടുത്തതിന് ഒരു മാസത്തിന് ശേഷമാണ് യാത്രക്കാർക്ക് ഹെലികോപ്റ്ററുകളും സീപ്ലെയിനുകളും ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ പദ്ധതി രൂപം കൊണ്ടതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 2024-ൽ, ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയിലെയും തെക്കൻ യൂറോപ്പിലെയും നിരവധി റൂട്ടുകളിലൂടെ 50,000-ത്തിലധികം യാത്രക്കാരെ ബ്ലേഡ് ആകാശമാർഗം എത്തിച്ചിട്ടുണ്ട്. സുഗമമായ നഗര വിമാന യാത്രയുടെ അനുഭവം ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ജോബിയുടെ സ്ഥാപകനും സിഇഒയുമായ ജോബെൻ ബെവിർട്ട് പറഞ്ഞു .
ഊബറുമായുള്ള ഞങ്ങളുടെ ആഗോള പങ്കാളിത്തത്തിലെ സ്വാഭാവികമായ അടുത്ത ഘട്ടമാണ് ഊബർ ആപ്പിലേക്ക് ബ്ലേഡ് സംയോജിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഞങ്ങളുടെ നിശബ്ദവും സീറോ-എമിഷൻ വിമാനങ്ങളും അവതരിപ്പിക്കുന്നതിനുള്ള അടിത്തറയിടും. ഉബറിന്റെ ആഗോള പ്ലാറ്റ്ഫോമും ബ്ലേഡിന്റെ തെളിയിക്കപ്പെട്ട ശൃംഖലയും ചേർന്ന്, ലോകമെമ്പാടുമുള്ള വിമാന യാത്രയുടെ ഒരു പുതിയ യുഗത്തിന് ഞങ്ങൾ വേദിയൊരുക്കുകയാണ്," ജോബെൻ ബെവിർട്ട് പറഞ്ഞു .സേവനം സംയോജിപ്പിച്ചുകഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ യാത്രക്കാർക്ക് ഉബർ ആപ്പിൽ നേരിട്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അതേ സമയം, ഊബർ ഹെലികോപ്റ്ററുകൾ എവിടെ പറക്കുമെന്ന ചോദ്യത്തിന് റൂട്ടുകളെയും വിലകളെയും കുറിച്ച് കമ്പനി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ വിമാനത്താവള കണക്ഷനുകൾ ഉപഭോക്താക്കളെ ആകർഷിക്കുമെന്നും ജോബിയുടെ വക്താവ് സിബിഎസ് മണിവാച്ചിനോട് പറഞ്ഞത്.
Content Highlights- Uber shocks passengers; decides to launch helicopter service in populated cities