ജിഎസ്ടി കട്ട്: ഇന്നോവയ്ക്ക് കുറഞ്ഞത് 1,80,000 രൂപ; ഫോര്‍ച്യൂണറിന് കുറഞ്ഞത് 3,49,000 രൂപ

ഈ ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് മോട്ടോര്‍ വാഹന കമ്പനികളുടെ തീരുമാനം.

വാഹനം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ് ജിഎസ്ടി വെട്ടിക്കുറയ്ക്കല്‍. ഇടത്തരം കാറുകള്‍, ഇരുചക്ര-മുചക്ര വാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 1200 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 1500 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 40 ശതമാനമായിരിക്കും നികുതി. ഈ ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് മോട്ടോര്‍ വാഹന കമ്പനികളുടെ തീരുമാനം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് 3.5 ലക്ഷം രൂപവരെയാണ് കാറുകള്‍ക്ക് കുറച്ചിരിക്കുന്നത്.

വില എങ്ങനെയെന്ന് നോക്കാം

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ കാറാണ് ഗ്ലാന്‍സ. 6,99,900 മുതല്‍ 9,99,000 വരെയാണ് ഇതിന്റെ വില വരുന്നത്. ഗ്ലാന്‍സയ്ക്ക് 85,000 രൂപ വരെയാണ് ജിഎസ്ടി വെട്ടിക്കുറച്ചതോടെ കമ്പനി വില കുറച്ചിരിക്കുന്നത്. 7,88,500 രൂപ മുതല്‍ വില ആരംഭിക്കുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ടൈസറിന് 1,11,100 രൂപയാണ് കമ്പനി വില കുറച്ചിരിക്കുന്നത്.

അതേസമയം, 10,81,500- 14,10,500 റേഞ്ചിലുള്ള ടൊയോട്ട റുമിയോണിനാണ് 45,700 രൂപയുടെ കുറവ് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ആയ ഹൈറൈഡറിന്റെ വിലയില്‍ 65,400 രൂപയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നോവ ക്രിസ്റ്റയ്ക്ക് 1.80 ലക്ഷത്തിന്റെ കുറവും ഇന്നോവ ഹൈക്രോസിന് 1,15,800 രൂപയുമാണ് കുറഞ്ഞത്. 36,05,000-52,34,000 റേഞ്ചില്‍ വിലയുള്ള ഫോര്‍ച്യൂണറിന് 3,49,000 രൂപ കുറച്ചിട്ടുണ്ട്. ലെജന്‍ഡറിന് 3.34 ലക്ഷം രൂപയാണ് കുറഞ്ഞിട്ടുള്ളത്.

Content Highlights: Toyota Cars Cheaper By Rs. 3.50 Lakh In India

To advertise here,contact us