വന്ദേഭാരതിന്റെ വേഗത കുറഞ്ഞത് കേന്ദ്രത്തിന് അറിയാമോയെന്ന് രാജ്യസഭ എംപി; വിശദീകരണം നല്‍കി കേന്ദ്ര മന്ത്രി

നൂറ്റിനാല്‍പതോളം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നത്

നൂറ്റിനാല്‍പതോളം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വികസിപ്പിച്ച സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരതിലെ യാത്രയിലൂടെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട ചോയിസായ വന്ദേഭാരതിന്റെ വേഗത കുറഞ്ഞെന്ന റിപ്പോര്‍ട്ടില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

2020 -21ല്‍ മണിക്കൂറില്‍ 84.48 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് 2023- 24 കാലയളവില്‍ മണിക്കൂറില്‍ 76.25 കിലോമീറ്റര്‍ വേഗതയിലേക്ക് കുറഞ്ഞതിനെ കുറിച്ച് രാജ്യസഭ എംപി ഡോ ഫൗസിയ ഖാനാണ് ചോദ്യം ഉന്നയിച്ചത്. ട്രാക്ക് അപ്‌ഡേഷനും അടിസ്ഥാനസൗകര്യങ്ങളിലുള്ള പരിമിതികളുമാണ് ഇതിന് കാരണമായി പറയുന്നതെന്നും എംപി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടോയെന്നും എന്ത് നടപടിയാണ് ത്വരിതഗതിയില്‍ പ്രശ്‌നപരിഹാരത്തിനായി സ്വീകരിച്ചതെന്നും എന്‍സിപി എംപി രാജ്യസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

രൂപകല്‍പനയനുസരിച്ച് വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെങ്കിലും അവയുടെ പരമാവധി പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഇവയുടെ ശരാശരി വേഗത ട്രാക്കിന്റെ ഘടന, അറ്റക്കുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യം, യാത്രയ്ക്കിടയിലെ സ്റ്റോപ്പുകള്‍ എന്നിവ അനുസരിച്ചിരിക്കും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍, റെയില്‍വേ ട്രാക്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ കൃത്യമായി നടപ്പിലാക്കിയെന്നും അതിലൂടെ ട്രെയിനുകളുടെ വേഗതയില്‍(കൂടി) മാറ്റമുണ്ടായിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് മറുപടിയില്‍ പറഞ്ഞു.Content Highlights: Does Vande Bharat trains have a dip in average speed

To advertise here,contact us