ടെസ്‌ല കാര്‍ ഒടുവില്‍ ഇന്ത്യയിലേക്ക് എത്തുന്നു; ഗ്രാന്‍ഡ് എന്‍ട്രിക്ക് കൗണ്ട് ഡൗൺ ആരംഭിച്ചു

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടനുസരിച്ച് മുംബൈയ്ക്ക് പിന്നാലെ ടെസ്‌ലയുടെ അടുത്ത ഷോറൂം ഡല്‍ഹിയില്‍ ഉടന്‍ തുറക്കും

ഇന്ത്യന്‍ മണ്ണിലേക്കുള്ള എന്‍ട്രിക്കായി ഇവി കാര്‍ നിര്‍മാതാക്കളായ ടെസ്‌ല പദ്ധതിയിടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിനിടയില്‍ ഈ വര്‍ഷം ടെസ്‌ല അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ എന്നാണ് അത് സംഭവിക്കുക എന്ന് മാത്രം പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആ തീയതിയും പുറത്തുവന്നിട്ടുണ്ട്. മുംബൈയില്‍ ബികെസിയില്‍ ജൂലൈ 15ന് ആദ്യത്തെ ഷോറൂം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള ഗ്രാന്‍ഡ് എന്‍ട്രി ടെസ്‌ല നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇവി നിര്‍മാണത്തിലെ വലിയൊരു നാഴികകല്ലാണ് ടെസ്‌ലയ്ക്കിത്.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടനുസരിച്ച്, മുംബൈയ്ക്ക് പിന്നാലെ ടെസ്‌ലയുടെ അടുത്ത ഷോറൂം ഡല്‍ഹിയില്‍ ഉടന്‍ തുറക്കും. ടെസ്‌ല മോഡല്‍ വൈ ആയിക്കും ബ്രാന്‍ഡിന്റെ ഇന്ത്യയിലെത്തുന്ന ആദ്യത്തെ വാഹനം. ഈ വാഹനങ്ങളെല്ലാം കമ്പനിയുടെ ഗ്ലോബല്‍ ഹബ്ബുകളില്‍ പ്രധാനപ്പെട്ടയിടമായ ഷാംങ്ഹായ് ഗിഗാഫാക്ടറിയില്‍ നിന്നാണ്. കാറുകള്‍ക്ക് സൂപ്പര്‍ ചാര്‍ജറുകള്‍, ബ്രാന്‍ഡഡ് മെര്‍ക്കന്‍ഡൈസ്, അക്‌സസറീസ്, സര്‍വീസ് ടൂള്‍സ് എന്നിവയും ഇറക്കുമതിയില്‍പ്പെടും. 27.7 ലക്ഷമാണ് കാറുകളുടെ അടിസ്ഥാനവില, ഡ്യൂട്ടിയില്ലാതെ, ഇറക്കുമതി നികുതിയായി ഒരു 21 ലക്ഷം കൂടി വരുന്നതോടെ, കാറിന്റെ മുഴുവന്‍ വില 50 ലക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രാദേശിക തലത്തില്‍ കാറിന്റെ ഭാഗങ്ങള്‍ അസംബിള്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും മുംബൈ ഷോറൂം ലോഞ്ചിന് പിന്നാലെ ഉണ്ടാകുമെന്ന് ചില വിവരങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും കമ്പനി അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.Content Highlights: Tesla's Indian entry showroom inauguration details is out

To advertise here,contact us