കാണാനൊക്കെ കൊളളാം പക്ഷേ ഒരു തട്ട് കിട്ടിയാല്‍ മതി ചളുങ്ങി പോകും എന്നാണ് മാരുതി ബലേനോയെക്കുറിച്ചുളള പരിഹാസം. സുരക്ഷയുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുള്ള വാഹനംകൂടിയാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊ. എന്നാല്‍ ആ പരിഹാസത്തില്‍ നിന്ന് മോചനം ലഭിക്കുകയാണ് ഈ വാഹനത്തിന്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ടെസ്റ്റാണ് ബലേനോ അതിജീവിച്ചിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങും മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍സ്റ്റാര്‍ റേറ്റിങ്ങുമാണ് ഈ വാഹനത്തിന് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ച് മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ബലേനൊയ്ക്ക് 32-ല്‍ 26.52 മാര്‍ക്കും. മുന്നില്‍നിന്നുള്ള ആഘാതത്തിന്റെ സുരക്ഷയില്‍ 16 ല്‍ 11.54 മാര്‍ക്കും വശങ്ങളില് നിന്നുള്ള ആഘാതം വിലയിരുത്തുന്നതില്‍ 16 ല്‍ 11.54 മാര്‍ക്കുമാണ് ബലേനൊയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു.
ബലേനോയുടെ നാല് വേരിയന്റുകളും ക്രാഷ് ടെസ്റ്റിന് വിധേയമായിരുന്നു. ഒരു വേരിയന്റില്‍ മാത്രമാണ് സുരക്ഷ എന്ന വിമര്‍ശനത്തെ അതിജീവിക്കുന്നതിനാണ് ബലേനൊയുടെ നാല് വേരിയന്റുകളും ക്രാഷ് ടെസ്റ്റിന് ഇറക്കിയത്. മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഉള്ള വാഹനമാണ് മാരുതി സുസുക്കി ബലേനോ. താഴ്ന്ന വേരിയന്റുകളായ സിഗ്മ, ഡെല്‍റ്റ എന്നിവയില്‍ രണ്ട് എയര്‍ബാഗുകളാണ് നല്കുന്നതെങ്കിലും സീറ്റ, ആല്‍ഫ എന്നീ പതിപ്പുകളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. എബിഎസ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റ്, 360 ഡിഗ്രി ക്യാമറ, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയാണ് ബലേനോയിലെ മറ്റ് സുരക്ഷാ സംവിധാനങ്ങള്‍.
Content Highlights :Maruti Suzuki's premium hatchback Baleno has survived the Bharat NCAP crash test with a four-star rating