ഗതാഗത നിയമലംഘനം: ക്യമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ…

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ...

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് ഗതാഗത കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്രമോട്ടോര്‍ നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍ മാത്രമേ ഇനി ക്യാമറ വഴി പിഴ ചുമത്താനാകൂ. ഉദ്യോഗസ്ഥര്‍ മൊബൈലില്‍ ചിത്രം എടുക്കുകയും ഇതുപയോഗിച്ച് ഇ-ചെലാന്‍ വഴി പിഴ ചുമത്തുകയും ചെയ്യുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് നടപടി.

ഇനി മുതല്‍ ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ താഴെ പറയുന്നവയാണ്,

  • അമിതവേഗം
  • അനധികൃത പാര്‍ക്കിങ്
  • ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക
  • സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക
  • റെഡ് സിഗ്നല്‍ ലംഘിക്കുക
  • ട്രാഫിക് ലെയിന്‍ ലംഘനം
  • വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിധത്തില്‍ ഭാരം കയറ്റുക
  • ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുക
  • നമ്പര്‍ പ്ലേറ്റില്‍ ക്രമക്കേട്
  • വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം
  • റോഡിലെ മാര്‍ക്കിങുകള്‍ അനുസരിക്കാതിരിക്കുക
  • സിഗ്നല്‍ ലംഘനങ്ങള്‍

വാഹനത്തിന് ആവശ്യമായ രേഖകള്‍ ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളില്‍, അതായത് രജിസ്‌ട്രേഷന്‍-ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരിക്കുക, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇന്‍ഷുറന്‍ പരിരക്ഷ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മൊബെലില്‍ എടുക്കുന്ന ചിത്രം ഉപയോഗിച്ച് പിഴ ചുമത്തരുതെന്നാണ് നിര്‍ദേശം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകള്‍ക്ക് പിഴ ഈടാക്കരുതെന്നും ഗതാഗത കമ്മീഷണറുടെ നിര്‍ദേശത്തിലുണ്ട്. എന്നാല്‍ വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്ന വേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോര്‍ട്ട് നല്‍കി പിഴ ഈടാക്കാം.

Content Highlights: Fines via camera now only for 12 offences, details

To advertise here,contact us