ജനങ്ങളെ 'മണ്ടന്മാരാ'ക്കി സുസുകി, സ്ലിംനി മോഡല്‍ കണ്ടിരുന്നോ?

'സുസുകിയുടെ മോട്ടോർസൈക്കിൾസ് വിഭാഗവും ഓട്ടോമൊബൈൽസ് വിഭാഗവും കൂടിച്ചേർന്ന് പുറത്തിറക്കുന്ന ആദ്യ സംരംഭം'

icon
dot image

ഏപ്രിൽ ഫൂൾ ദിനം നമ്മൾ പലരെയും പറ്റിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദിനമായിരിക്കും. അത്തരത്തിൽ ഒരുപാട് പേർ പറ്റിക്കപ്പെട്ടിരിക്കുകയും ചെയ്യും. എന്നാൽ ഒരു കാർ കമ്പനി ലോകത്തെ തന്നെ പറ്റിച്ചാലോ? അങ്ങനെ ഒരു 'പറ്റിക്കൽ' സുസുകി ഓസ്‌ട്രേലിയ നടത്തുകയും ചെയ്തു.

ഏപ്രിൽ ഫൂൾ ദിനത്തിൽ സുസുകി ഓസ്‌ട്രേലിയ എന്ന എഫ്ബി പേജിലൂടെയാണ് സുസുകി തങ്ങളുടെ പുതിയ വാഹനം 'പുറത്തിറക്കിയത്'. സ്ലിംനി എന്നായിരുന്നു പേര്. സുസുക്കിയുടെ ജിംനിയുടെ ഒരു ടൂ വീലർ പതിപ്പ്. എന്നാൽ കാറിന്റെ അതേ ബോഡി. ഒരുതരം സങ്കരയിനം ! ലോകത്തെ ആദ്യത്തെ ഫോർ വീൽ ഡ്രൈവ് ടൂ വീലർ എന്നായിരുന്നു സുസുകി ഓസ്‌ട്രേലിയ സ്ലിംനിയെ വിശേഷിപ്പിച്ചത്.

സുസുകിയുടെ മോട്ടോർസൈക്കിൾസ് വിഭാഗവും ഓട്ടോമൊബൈൽസ് വിഭാഗവും കൂടിച്ചേർന്ന് പുറത്തിറക്കുന്ന ആദ്യ സംരംഭം എന്നാണ് സ്ലിംനിയെ സുസുകി വിളിച്ചത്. പോസ്റ്റ് വായിക്കുമ്പോൾ ആരും ഒരുപക്ഷെ ഒന്ന് സംശയിച്ചുപോകും ഇങ്ങനെ ഒരു വണ്ടി ഇറങ്ങുന്നുണ്ടോ എന്ന്. എങ്ങനെയാണ് ഈ വണ്ടി ഓടിക്കുക എന്നും അടഞ്ഞ സൈഡുകളിലൂടെ എങ്ങനെയാണ് കാല് കുത്തി വണ്ടി നിർത്തുക എന്നുമൊക്കെ പലരും ആലോചിച്ചു. എന്നാൽ അടുത്ത വരിയിലായിരുന്നു സസ്പെൻസ്.

ഏപ്രിൽ ഫൂൾ എന്ന ഹാഷ്ടാഗ് കൂടി സുസുകി ഓസ്‌ട്രേലിയ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇതോടെയാണ് പലർക്കും കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. സുസുകി ജനങ്ങളെ ഏപ്രിൽ ഫൂൾ ആക്കിയതായിരുന്നു. യഥാർത്ഥത്തിൽ സ്ലിംനി എന്നൊന്നില്ല എന്ന് അറിഞ്ഞ നെറ്റിസൺസ് പിന്നീട് കമന്റ് ബോക്സ് നിറച്ചുതുടങ്ങി. ഈ ദിവസം മാത്രമാണോ അതോ എല്ലാ ദിവസവും വില്പനയുണ്ടോ എന്നും മിസ്റ്റർ ബീന് ഈ വണ്ടി ഇഷ്ടപ്പെടുമെന്നുമുള്ള നിരവധി രസകരമായ കമന്റുകളാണ് വന്നത്. എന്തായാലും ആദ്യനോട്ടത്തിൽ ഈ പോസ്റ്റ് ഒറിജിനലാണെന്ന് എല്ലാവർക്കും തോന്നും എന്നതാണ് സത്യം. സുസുകിയുടെ ഏപ്രില്‍ ഫൂള്‍ കലക്കിയെന്നും പലരും പറയുന്നുണ്ട്.

Content Highlights: slimni post by suzuki engages people

To advertise here,contact us
To advertise here,contact us
To advertise here,contact us