കാറ് സ്വന്തമാക്കുന്നത് സ്വപ്‌നമാകുമോ? കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ഫെബ്രുവരി ഒന്ന് മുതലാണ് വിലവര്‍ധന

വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഫെബ്രുവരി ഒന്നുമുതലാണ് വിലവര്‍ധ പ്രാബല്യത്തില്‍ വരിക. വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. വാഗണ്‍-ആര്‍ വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 രൂപ വരെയും വര്‍ധനവ് ഉണ്ടാകും. എസ് യു വികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20,000 രൂപ വരെയും 25,000 രൂപ വരെയുമാണ് വില വര്‍ധന. എന്‍ട്രി ലെവല്‍ ചെറുകാറുകളായ ആള്‍ട്ടോ കെ10ന് 19,500 രൂപ വരെയും എസ്-പ്രസ്സോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്നും ഫയലിംഗില്‍ പറയുന്നു.

പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതുമാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും മാരുതി സുസുക്കി വ്യക്തമാക്കി. 'ചെലവ് പരിമിതപ്പെടുത്താനും ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചില ചെലവുകള്‍ കണക്കിലെടുത്ത് വിപണിയിലേക്ക് ഇത് കൈമാറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,'- കമ്പനി റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കി.

Also Read:

Business
പഴംപൊരി ഇനി പഴയ ആളല്ല; കഴിക്കണമെങ്കില്‍ 18 ശതമാനം നികുതി കൊടുക്കണം

പുതിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും. പ്രീമിയം കോംപാക്റ്റ് മോഡലായ ബലേനോയ്ക്ക് 9,000 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയും വില ഉയരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 3.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്റ്റോ വരെയുള്ള വിവിധ വാഹനങ്ങളാണ് കമ്പനി നിലവില്‍ വില്‍ക്കുന്നത്.

Content Highlights: Maruti Suzuki To Hike Car Prices By Up To Rs 32,500 From February 1

To advertise here,contact us