ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി; കാരണം ഇതാണ്

ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഭാരം 15 ശതമാനം കുറയ്ക്കാനാണ് പദ്ധതി. നിലവിലെ 680 കിലോഗ്രാമില്‍ നിന്ന് നൂറ് കിലോ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഭാരം 200 കിലോ കുറയക്കാന്‍ സാധിച്ചാല്‍ ഉല്‍പ്പാദന ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം 20 ശതമാനവും ഉപയോഗിക്കുമ്പോള്‍ 6 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

'ഊര്‍ജ്ജം കുറയ്ക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം' എന്നതാണ് കമ്പനിയുടെ പുതിയ തന്ത്രം. ഉല്‍പ്പാദനം മുതല്‍ പുനരുപയോഗം വരെയുള്ള ഘട്ടത്തില്‍ ഉപഭോഗം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചെറിയ മോട്ടോറുകളും ബാറ്ററികളും കാര്‍ വില കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

കാര്‍ബണ്‍ ന്യൂട്രല്‍ ഫുട്പ്രിന്റ് ലക്ഷ്യമിട്ട് ഊര്‍ജ കാര്യക്ഷമതയിലും ബാറ്ററികളുടെ പുനരുപയോഗക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാരുതി സുസുക്കി പറഞ്ഞു. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി കമ്പനി വികസിപ്പിച്ചെടുത്ത ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ള z12e എന്‍ജിന്‍ ലോകമെമ്പാടും വ്യാപിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.

To advertise here,contact us