ലഖ്നൗ: ഉത്തര്‍പ്രദേശ് വോട്ടര്‍ പട്ടികയില്‍ നിന്നും ഹിന്ദു വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശങ്കയില്‍ മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അവരുടെ ജാതിയോ മതമോ ഉള്‍പ്പെടുത്താറില്ലെന്ന് സിഇഒ നവ്ദീപ് റിന്വാ വ്യക്തമാക്കി. എസ്ഐആറിന് ശേഷം വോട്ടര്‍പട്ടികയിലുണ്ടായ പൊരുത്തക്കേടുകളെ കുറിച്ച് ഒരു അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്ന 1.27കോടിയോളം ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഇലക്ഷന് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.
ഒഴിവാക്കപ്പെട്ട 66 ലക്ഷം വോട്ടര്‍മാരില്‍, 55 ലക്ഷം പേര് ഹിന്ദുക്കള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെട്ടവരാണെന്നും ഏകദേശം 4.5ലക്ഷത്തോളം പേര് 18, 19 പ്രായമുള്ള യുവാക്കളാണെന്നും യോഗി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇലക്ഷന് കമ്മീഷന് ഒരു നിവേദനം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മാധ്യമങ്ങള്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തത വരുത്തിയത്.
വോട്ടര്‍മാരുടെ ഡാറ്റാ ബേസുകളില്‍ അവരുടെ പേര്, വയസ്, ഹൗസ് നമ്പര്‍, ലിംഗം, പിതാവിന്റെ അല്ലെങ്കില്‍ പങ്കാളിയുടെ വിവരങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. മതം, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്താറില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായ ഒരു വിവരങ്ങളും പുറത്തുവിടാറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരിച്ചു. വോട്ടര്‍ പട്ടിക ഒരു പൊതു രേഖയായതിനാല്‍ മാധ്യമങ്ങളും രാഷ്ട്രീയ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ലഭ്യമായ വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ഇത്തരം വിശകലനം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം റിപ്പോര്‍ട്ടുകളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖകളായോ വിവരങ്ങളായോ ഒരിക്കലും കണക്കാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച പുറത്തുവിട്ട യുപിയിലെ കരട് വോട്ടര്‍ പട്ടികയില്‍ 13.58കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് ഉള്ളത്. ഇതില്‍ 6.20 കോടി പേര് വനിതകളാണെന്നും റിന്വാ പറഞ്ഞു. ഏപ്രിലിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR)ശേഷം, നടന്ന സ്പെഷ്യല്‍ സമ്മറി റിവിഷന്‍(SSR) 18 ലക്ഷം വോട്ടര്‍മാരാണ് കൂടിയിരിക്കുന്നത്. പുതിയ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 11,83, 352 പേര് 18-19 പ്രായമുള്ളവരാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ അവകാശവാദങ്ങളോ നടത്താന്‍ ഇന്നു മുതല്‍ ഡിസംബര്‍ 16വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി നാലിനാണ് പ്രസിദ്ധീകരിക്കുക.
Content Highlights: Yogi Adityanath claimed that 1.27 crore Hindu voters had been removed from the voter list. Responding to the allegation, the Election Commission stated that the electoral rolls were not prepared based on caste or religion.