ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോടതി മുറിയിൽ വെച്ച് ഗുരുതര ആരോപണങ്ങളും അധിക്ഷേപവും നടത്തി അഭിഭാഷകൻ. തുടർന്ന് അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് പുറത്താക്കി. ചീഫ് ജസ്റ്റിസിന് ആ കസേരയിൽ ഇരിക്കാൻ അർഹതയോ സത്യസന്ധതയോ ഇല്ലെന്ന് അഭിഭാഷകൻ തുറന്നടിച്ചു. ഇതോടെ കോടതി നടപടികളുടെ തത്സമയ സംപ്രേഷണവും നിർത്തിവെച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സംഭവം. മുൻകൂട്ടി അനുമതി വാങ്ങാതെ വിഷയം ഉന്നയിച്ചതിൽ ആദ്യം ക്ഷമ ചോദിച്ച ഇയാൾ, തന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. നവംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ താൻ നൽകിയ അടിയന്തര ഹർജിയിൽ 15 ദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് ഇയാൾ ആരോപിച്ചു. ഇയാൾക്കെതിരെയുള്ള ഒരു കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടായിരുന്നു ഹർജി.
'ഇങ്ങനെ ഒരു വിഷയം ഇവിടെ ഉന്നയിക്കാൻ കഴിയില്ലെന്ന്' ജസ്റ്റിസ് വി മോഹന ഓർമ്മിപ്പിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതൊരു അടിയന്തര സാഹചര്യമാണെന്നും കടലാസുകൾ പരിശോധിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഇതോടെ അൽപനേരം കാത്തിരിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 'ഞങ്ങൾ നോക്കാം, താങ്കൾ കാത്തിരിക്കൂ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാൽ ഇതുകേട്ട് പ്രകോപിതനായ അഭിഭാഷകൻ, 'ഇല്ല, ഞാൻ കാത്തിരിക്കില്ല. ആ കസേരയിൽ ഇരിക്കാൻ താങ്കൾക്ക് അർഹതയില്ല. അതിനുള്ള സത്യസന്ധത താങ്കൾക്കില്ല' എന്ന് വിളിച്ചുപറയുകയായിരുന്നു. ഇതോടെ നടപടികളുടെ തത്സമയ സംപ്രേഷണം നിർത്തിവെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് ഇയാളെ പുറത്താക്കുകയുമായിരുന്നു. രാജ്യവ്യാപകമായി നടന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഇയാൾ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായും, അതിനാലാണ് കോടതിയലക്ഷ്യ നടപടി നേരിടുന്നതെന്നും ചീഫ് ജസ്റ്റിസ് അപ്പോൾ ഓർമ്മിച്ചു. ഇയാൾ സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗമല്ലെന്നാണ് റിപ്പോർട്ടുകൾ.
ജസ്റ്റിസുമാരായ ബാഗ്ചിയെയും മോഹനയെയും താൻ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ചീഫ് ജസ്റ്റിസ് ആ സ്ഥാനത്തിന് അർഹനാണെന്ന് കരുതുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. സംഭവത്തിൽ അഭിഭാഷകനെതിരെ കർശന കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിൽ ഇത്തരം സംഭവങ്ങൾ ഇത് ആദ്യമല്ല. കഴിഞ്ഞ ജൂലൈയിൽ പ്രബൽ പ്രതാപ് എന്നൊരു വ്യക്തി തനിക്കെതിരായ കേസിൽ നേരിട്ട് ഹാജരായി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ അസഭ്യവർഷം നടത്തിയിരുന്നു. 'മിസ്റ്റർ ജുഡീഷ്യൽ സേവകൻ. എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു.' പ്രതാപ് കോടതിയോട് കൽപ്പിച്ചു. തുടർന്ന് 'നിങ്ങൾ എന്നോട് കൽപ്പിക്കുകയാണോ?' എന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ഇയാളോട് ചോദിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കണ്ട് കോടതി കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ രാകേഷ് കിഷോർ എന്ന 71-കാരനായ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു.
Content Highlights: A lawyer confronted Chief Justice of India Surya Kant during a Supreme Court hearing, questioning his integrity and right to hold the office. Security personnel removed the lawyer as the court's live stream was stopped.