വിമാനക്ഷാമം നേരിട്ട് ഇന്ത്യ; 1,000 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

വ്യോമയാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ആഗോളതലത്തിലെ മുന്‍നിര വിമാന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സിവിലിയന്‍ വിമാനങ്ങളുടെ ഗണ്യമായ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1,000 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്യാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഈജിപ്തുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഇതിനകം 1,200ലധികം വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ സമഗ്രമായ യാത്രാ ആവശ്യങ്ങള്‍ക്ക് 2,000ലധികം വിമാനങ്ങള്‍ ആവശ്യമുണ്ട്. അതിനാല്‍ തന്നെ 1,000 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്ന് ഗോയല്‍ അറിയിച്ചു.

വ്യോമയാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ആഗോളതലത്തിലെ മുന്‍നിര വിമാന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാകുന്നതോടെ ഇന്ത്യക്കും ഈജിപ്തിനുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും. നിലവില്‍ ഈജിപ്ത് എയര്‍ (Egypt Air) മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സിവിലിയന്‍ വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. ആഭ്യന്തര വിമാനക്കമ്പനികളായ ഇന്‍ഡിഗോയും (IndiGo) എയര്‍ ഇന്ത്യയും (Air India) എയര്‍ബസ് (Airbus), ബോയിങ് (Boeing) കമ്പനികള്‍ക്ക് വന്‍തോതിലുള്ള ഓര്‍ഡറുകളാണ് നല്‍കിയിട്ടുള്ളത്.

ഇന്ത്യയില്‍ എയര്‍ബസിന് രണ്ട് ഫൈനല്‍ അസംബ്ലി ലൈനുകളുണ്ട്. ഒന്ന് സൈനിക ഗതാഗത വിമാനങ്ങള്‍ക്കും (military transport aircraft) മറ്റൊന്ന് ഹെലികോപ്റ്ററുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്നു. ബോയിങ്ങും എയര്‍ബസും ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 2 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് സംഭരിക്കുന്നത്.

ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രെയര്‍ (Embraer), അദാനി ഗ്രൂപ്പുമായി (Adani Group) ചേര്‍ന്ന് ഇന്ത്യയില്‍ പ്രാദേശിക വിമാന നിര്‍മ്മാണ കേന്ദ്രം (regional aircraft manufacturing) സ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരുന്നു.

ഇന്ത്യയുടെ വ്യോമയാന നിര്‍മാണ ആവാസവ്യവസ്ഥ ശക്തമാകുന്നതിന്റെ ഭാഗമായി ലോകത്തിലെ നിരവധി മുന്‍നിര എയ്റോസ്പേസ് കമ്പനികളും രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്.

Content Highlight: India is prepared to order 1,000 additional aircraft to meet the growing demand for air travel, Union Commerce and Industry Minister Piyush Goyal has said. Indian airlines have already placed orders for more than 1,200 aircraft, but the country is estimated to require over 2,000 aircraft to meet its overall aviation needs. The government is holding discussions with leading global aircraft manufacturers to ensure faster deliveries.

To advertise here,contact us