ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന 11 പ്രതികളില്‍ രണ്ടുപേരുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതില്‍ കടുത്ത വേദനയും ഞെട്ടലും ഉണ്ടായെന്ന് ബില്‍ക്കിസ് ബാനു. വിധി വിശ്വസിക്കാനായില്ല. തന്നെ അറിയിക്കാതെയും വാദം കേള്‍ക്കാന്‍ അവസരം നല്‍കാതെയുമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് 43കാരിയായ ബില്‍ക്കിസ് ബാനു പറഞ്ഞു. അഭിഭാഷകയായ ശോഭ ഗുപ്ത വഴി നവംബര്‍ 16 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അവര്‍ ഉത്തരവിനെതിരെ പ്രതികരിച്ചത്. ഉത്തരവിനെതിരെ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്ഭിണിയുമായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി. അന്ന് 19 വയസ് മാത്രമായിരുന്നു അവരുടെ പ്രായം. സുപ്രീംകോടതി ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഉത്തരവ് അടുത്തിടെയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
കേസില്‍ ബോംബെ ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കിയ ബിപിഞ്ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോദിയ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് മരവിപ്പിച്ചത്. 17 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും ഒരാള്‍ക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അപ്പീലില്‍ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങള്‍ പരിശോധിക്കാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ തന്നെ അറിയിക്കാതെയും കോടതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെയുമാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബില്‍ക്കിസ് ബാനു ആരോപിച്ചു. വാര്‍ത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും നീതിക്കായി ഇത്രയും കാലം നടത്തിയ പോരാട്ടത്തിലൂടെ നേടിയ വിശ്വാസം വീണ്ടും നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്നതായും അവര്‍ പറഞ്ഞു.
ജോഷിയും മോദിയും ഉള്‍പ്പെടെ 11 പ്രതികളെ 2022ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്കി വിട്ടയച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയായിരുന്നു ഈ നടപടി. വ്യാപക പ്രതിഷേധത്തിന് പിന്നാലെ 2024ല്‍ സുപ്രീംകോടതി ശിക്ഷാ ഇളവ് റദ്ദാക്കുകയും പ്രതികളെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെ ശിക്ഷ മരവിപ്പിച്ച നടപടി ബില്‍ക്കിസ് ബാനുവിന്റെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. തന്റെ മൂന്ന് വയസ്സുകാരിയായ മകള്‍ സലേഹയുടെ ഓര്‍മയ്ക്കും മക്കളുടെ ഭാവിക്കും വേണ്ടിയാണ് ഈ ഉത്തരവിനെതിരെ പോരാടുന്നതെന്ന് ബില്‍ക്കിസ് പറഞ്ഞു. ഒരു സ്ത്രീക്കും അതിജീവിതയ്ക്കും പൗരനും ജീവിതകാലം മുഴുവന്‍ നീതിക്കായി പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും നീതിയിലും തുല്യതയിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Bilkis Bano has expressed shock and deep anguish over the Supreme Court's decision to suspend the life sentences of two of the 11 convicts in her case and grant them bail. In a statement released through her lawyer Shobha Gupta on November 16, she said the order was passed without informing her or giving her an opportunity to be heard. She also announced that she would continue her legal battle against the decision. The case relates to the 2002 Gujarat riots, when Bano was subjected to gang rape while pregnant and seven members of her family, including her three-year-old daughter, were killed.