ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പ്രിയങ്ക ഗാന്ധി നടത്തും. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനും നീക്കം. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സമാജ്വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേർന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.
ഡിസംബര്‍ ഒന്നിന് മുന്‍പ് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ആദ്യവാരം കോണ്‍ഗ്രസ് പ്രചരണത്തിലേക്ക് കടക്കുമെന്ന് ഇന്നത്തെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലും അഖിലേഷ് യാദവും ഒരുമിച്ച് പ്രചാരണം നടത്തുമെന്നും അറിയിച്ചു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാജ്വാദി പാര്‍ട്ടിക്ക് 181 മണ്ഡലങ്ങളുടെ പട്ടിക കോണ്‍ഗ്രസ് കൈമാറിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ 200 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ സഖ്യത്തിനുള്ളിലെ ഐക്യം ശക്തിപ്പെടുത്തി ഭരണകക്ഷിയായ ബിജെപിയെ നേരിടണമെന്ന നിലപാടും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.
നവംബര്‍ 17ന് ലഖ്നൗവില്‍ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത കണക്കിലെടുത്തായിരിക്കണം സീറ്റ് വിഭജനമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കുന്നത്. ഓരോ മണ്ഡലത്തിലെയും ഇരുപാര്‍ട്ടികളുടെയും സാധ്യതകള്‍ വിലയിരുത്തിയാകും ചര്‍ച്ചകള്‍ മുന്നോട്ടുപോകുക. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന്റെ അന്തിമരൂപം തീരുമാനിക്കുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കും ഈ ചര്‍ച്ചകള്‍ നിര്‍ണായകമാണ്.
ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്സ് പോസ്റ്റില്‍ കുറിച്ചു. തുല്യ അവസരങ്ങളും സാമൂഹ്യനീതിയുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യാ സഖ്യവുമായി ചേര്‍ന്ന് സംസ്ഥാനത്ത് ശക്തമായൊരു തെരഞ്ഞെടുപ്പ് ബദല്‍ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും മഥുരയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ ഭരണകാലത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തി.
Content Highlights: Congress proposes 181 seats in its alliance talks with the Samajwadi Party ahead of the 2027 Uttar Pradesh Assembly elections