അമൃത്സര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വേഗം കൂടുന്നു. മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലി ദളുമായി (SAD) വീണ്ടും കൈകോര്‍ക്കുന്ന ബിജെപിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ എത്തിയതായാണ് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട സഖ്യത്തില്‍ കൂടുതല്‍ സ്വാധീനത്തിനായി സമ്മര്‍ദം ചെലുത്തുന്ന ബിജെപി, സംസ്ഥാനത്തെ ആകെ 117 നിയമസഭാ സീറ്റുകളില്‍ 48 മുതല്‍ 55 സീറ്റുകള്‍ വരെയാണ് ആവശ്യപ്പെടുന്നത് എന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനൊപ്പം നഗരപ്രാന്ത പ്രദേശങ്ങളിലെ (semi-urban) മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ബിജെപി കൂടുതല്‍ താത്പര്യപ്പെടുന്നത്. ഈ മേഖലകളില്‍ അകാലി ദളിനേക്കാള്‍ തെരഞ്ഞെടുപ്പ് മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ മൂന്ന് സര്‍വേകളിലും ഇത്തരം മണ്ഡലങ്ങളില്‍ ശിരോമണി അകാലി ദളിനേക്കാള്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി വിലയിരുത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂട്ടിച്ചോദിക്കാന്‍ ബിജെപിക്ക് കൂടുതല്‍ കരുത്തേകുന്നു.
സീറ്റ് വിഭജന ഫോര്‍മുലയെക്കുറിച്ചും പുതിയ സഖ്യ സാധ്യതകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ബിജെപിയുടെ പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലയുള്ള സി ആര് പാട്ടീല്‍ നവംബര്‍ 17ന് പഞ്ചാബ് സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ അദ്ദേഹം സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തും. 24 വര്‍ഷം നീണ്ട ബന്ധത്തിനൊടുവില്‍ 2020 സെപ്റ്റംബര്‍ 26നാണ് അകാലി ദളും ബിജെപിയും വേര്‍പിരിഞ്ഞത്. അകാലി ദളുമായി സഖ്യത്തിലായിരുന്ന സമയത്ത് നടന്ന കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആകെ 117 സീറ്റുകളില്‍ 23 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി 48 മുതല്‍ 55 വരെ സീറ്റുകള്‍ ചോദിച്ചുവാങ്ങാന്‍ തന്നെയാണ് ബിജെപി നീക്കം നടത്തുന്നത്.
പഞ്ചാബില്‍ തങ്ങളുടെ സ്വാധീനം കൂടുതല്‍ ശക്തമാക്കാനുള്ള അവസരമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെയും ഈ സഖ്യത്തെയും കണക്കാക്കുന്നത്. ലഹരിവിരുദ്ധ പ്രചാരണവും മതപരിവര്‍ത്തനത്തിനെതിരായ നിലപാടുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയാക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ തന്നെയാകും ബിജെപിയുടെ ശ്രമം.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് ബിജെപി അധ്യക്ഷന്‍ കേവല്‍ സിങ് ധില്ലന് രണ്ട് സംസ്ഥാനതല കമ്മിറ്റികള്‍ രൂപീകരിച്ചു. പഞ്ചാബ് മുന്‍ ബിജെപി അധ്യക്ഷനും മുന്‍ എംപിയുമായ അവിനാഷ് റായ് ഖന്നയാണ് ഈ സമിതിയുടെ അധ്യക്ഷന്‍. ഹര്ഭജന് സിങ്, രാജീന്ദര്‍ ഗുപ്ത, മന്‍പ്രീത് സിങ് ബാദല്‍, സത്നാം സിങ് സന്ധു, അശ്വനി ശര്‍മ, പരംപാല്‍ കൗര്‍, സോം പ്രകാശ്, രാഘവ് ഛദ്ദ, എച്ച് എസ് ഫൂല്‍ക്ക, മനോരഞ്ജന്‍ കാലിയ, അശ്വനി സെഖ്രി, റാണാ ഗുര്‍മീത് സിങ് സോധി എന്നിവരുള്‍പ്പെടെ 12 പ്രമുഖ നേതാക്കള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
മുന്‍ പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാക്കറുടെ നേതൃത്വത്തിലാണ് ചാര്‍ജ്ഷീറ്റ് കമ്മിറ്റി പ്രവര്‍ത്തിക്കുക. പ്രണീത് കൗര്‍, രവ്നീത് സിങ് ബിട്ടു എന്നിവരുള്‍പ്പെടെ 13 അംഗങ്ങളാണ് ഈ സമിതിയിലുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
Content Highlight: BJP is reportedly seeking 48-55 seats in the 117-member Punjab Assembly for the 2027 elections as it moves towards renewing its alliance with the Shiromani Akali Dal. The party is particularly keen on semi-urban constituencies, where internal surveys suggest it has an electoral advantage over SAD. Seat-sharing discussions are reportedly in the final stages, with BJP's Punjab election in-charge C.R. Patil scheduled to visit the state on November 17.