ന്യൂഡല്‍ഹി: യമുനാ നദിയില്‍ വന്‍തോതില്‍ മീനുകള്‍ ചത്തുപൊന്തിയ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ശനിയാഴ്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതിനുപുറമേ, നദിയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ടതായി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ജല്‍ ബോര്‍ഡും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 353 (പൊതുജനമധ്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തല്‍), സെക്ഷന്‍ 352 (സമാധാനഭംഗം ലക്ഷ്യമിട്ടുള്ള മനഃപൂര്‍വമായ അധിക്ഷേപം), സെക്ഷന്‍ 240 (നടന്ന കുറ്റകൃത്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കല്) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
നവംബര്‍ 12നാണ് സോണിയ വിഹാറിന് സമീപം യമുനയില്‍ വന്‍തോതില്‍ ചത്ത മീനുകള്‍ ഒഴുകിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനോടകം മലീനീകൃതമായ നദിയിലേക്ക് വിഷം നിറഞ്ഞ മാലിന്യം തള്ളിയെന്ന തോതിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചു. സംഭവത്തെത്തുടര്‍ന്ന് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെയും യമുന ശുചീകരണ പ്രവര്‍ത്തനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ചത്ത മീനുകളെ നദിയില്‍ കൊണ്ടുതള്ളിയതാണെന്ന് ഡല്‍ഹി ജലവിഭവ മന്ത്രി പര്‍വേഷ് സാഹിബ് സിങ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ ആം ആദ്മി, നദി ശുചീകരിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും രാസമാലിന്യങ്ങള്‍ ഒഴുകിയെത്തിയതാണോ മരണകാരണമെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മീനുകള്‍ ചത്തുപൊന്തിയതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹത്നികുണ്ഡ് ബാരേജിന് സമീപമുള്ള തോല് സംസ്കരണ ശാലയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ടതാണ് ഇതിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പെട്ടെന്ന് വന്‍തോതില്‍ മീനുകള്‍ ചത്തുപൊന്തുന്നത് വെള്ളത്തില്‍ മലിനീകരണത്തിന്റെ അളവ് കുത്തനെ ഉയര്‍ന്നതിനാലോ വിഷവസ്തുക്കള്‍ കലര്ന്നതിനാലോ ആകാം എന്ന് ചൂണ്ടിക്കാണിച്ച വിദഗ്ധര്‍, കൃത്യമായ കാരണം കണ്ടെത്താന്‍ ലാബ് പരിശോധനകള്‍ അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടു.
വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ യമുനാ തീരത്ത് നൂറുകണക്കിന് ചത്ത മീനുകളെ കണ്ടെത്തി ഒരു മാസം തികയുന്നതിന് മുമ്പാണ് ഈ പുതിയ സംഭവം ഉണ്ടാകുന്നത്. നദീതീരത്തെ ഘാട്ടുകളില്‍ വലിയ തോതില്‍ ഭക്തര്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന ഛഠ് പൂജയ്ക്ക് തൊട്ടുമുമ്പാണ് ഇത് നടന്നതെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Content highlight: Delhi Police have registered an FIR against unidentified persons for allegedly spreading false information about the mass death of fish in the Yamuna River near Sonia Vihar. The action follows complaints from the Delhi government's Irrigation and Flood Control Department and Delhi Jal Board over claims of chemical waste being discharged into the river. Meanwhile, the BJP and AAP have traded accusations, even as the actual cause of the fish deaths remains unknown.