ന്യൂഡൽഹി: ഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റ് യഥാർഥത്തിൽ 'ഭാരത് ബദ്നാം സമ്മിറ്റ്' (ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള വേദി) ആയിരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ ആരോപിച്ചു. വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇന്ത്യയെയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്നാണ് കേശവന്റെ ആരോപണം. ഞായറാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഭാരത് സമ്മിറ്റിൽ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും രാജ്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് കേശവൻ ആരോപിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പ്രതിനിധികളുടെ പശ്ചാത്തലവും അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന സംഘടനകളുമായുള്ള അവരുടെ ബന്ധവും കോൺഗ്രസ് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ മുൻകാല പരാമർശങ്ങളും കേശവൻ വിമർശനത്തിൻ്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. 'ഇത് ഇന്ത്യയുടെ മാത്രം പോരാട്ടമല്ല' എന്ന രാഹുലിന്റെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറും ഭാരത് സമ്മിറ്റിനെതിരെ രംഗത്തെത്തി. സമ്മേളനത്തെ 'ഇന്ത്യാവിരുദ്ധ ഉച്ചകോടി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെയും വോട്ടർപട്ടികയിലെയും ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. മരിച്ചവർ, ഇരട്ടവോട്ടുള്ളവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു.
നവംബർ 13, 14 തീയതികളിലായി തെലങ്കാന സർക്കാരിന്റെ സഹകരണത്തോടെയാണ് ഭാരത് സമ്മിറ്റ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത, സഹകരണ ഫെഡറലിസം, മാറുന്ന ആഗോള സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 70 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അറിയിച്ചിരുന്നത്. 2025 ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന ആദ്യ സമ്മേളനത്തിൽ ജനാധിപത്യം, സാമൂഹിക നീതി, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി 44 നിർദേശങ്ങളടങ്ങിയ ഹൈദരാബാദ് പ്രഖ്യാപനം അംഗീകരിച്ചിരുന്നു.
ശനിയാഴ്ച നടന്ന ഭാരത് സമ്മിറ്റിന്റെ സമാപന സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. 2014ൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമായെന്നും ജനാധിപത്യ സംവിധാനം തകർച്ച നേരിട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തെ തെരഞ്ഞെടുപ്പ് സാഹചര്യം വലിയ രീതിയിൽ മാറിയെന്നും രാഷ്ട്രീയ സംവിധാനത്തിലേക്ക് അഭൂതപൂർവമായ തോതിൽ പണം ഒഴുകിയെത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2014ൽ തന്നെ ഇന്ത്യയിലെ ജനാധിപത്യം തകർക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പട്ടികയിലെ പരിഷ്കരണങ്ങളെയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെറും മൂന്ന് മാസത്തിനിടെ 70 ലക്ഷം വോട്ടർമാരെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയെന്നും ഇവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
എന്നാൽ, സമാനമായ ആരോപണങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമിടയിൽ 48.81 ലക്ഷം പേരെ വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയെന്നും എട്ട് ലക്ഷം പേരെ ഒഴിവാക്കിയെന്നുമാണ് 2024 ഡിസംബറിൽ കോൺഗ്രസിന് നൽകിയ മറുപടിയിൽ കമ്മീഷൻ വ്യക്തമാക്കിയത്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ 40.81 ലക്ഷത്തിന്റെ വർധനവുണ്ടായെന്നും കമ്മീഷൻ അറിയിച്ചിരുന്നു. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് പട്ടിക പരിഷ്കരിച്ചതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ ഘട്ടങ്ങളിൽ ഇതിൽ പങ്കാളികളാകാൻ അവസരമുണ്ടായിരുന്നുവെന്നും കമ്മീഷൻ വിശദീകരിച്ചിരുന്നു.
Content Highlights: The BJP has accused Rahul Gandhi of tarnishing India's democratic image over his remarks on Indian democracy at the Bharat Summit, triggering a political controversy