1,000 ഡ്രമ്മുകള്‍, 3,000 നര്‍ത്തകര്‍; ഗിന്നസ് റക്കോഡ് നേട്ടവുമായി മേഘാലയയിലെ വാംഗാല ഉത്സവം

ഗാരോ സമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്നതിനായി കലാകാരന്മാരും സന്ദര്‍ശകരും ഒത്തുചേര്‍ന്നതായിരുന്നു ഈ 50-ാമത് പതിപ്പ്

ഷില്ലോംഗ്: മേഘാലയയിലെ '100 ഡ്രംസ് വാംഗാല ഉത്സവം' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. തുരയ്ക്ക് സമീപമുള്ള ചിബഗ്രെയിലെ ഗാരോ ഹെറിറ്റേജ് വില്ലേജാണ് ആയിരം പരമ്പരാഗത ഡ്രമ്മുകളുടെ ശബ്ദത്താല്‍ മുഖരിതമായത്. ആയിരം ഡ്രം വാദകരും മൂവായിരം നര്‍ത്തകരും ഒത്തുചേര്‍ന്ന് അവതരിപ്പിച്ച ഈ പ്രകടനം, ഉത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി. നവംബര്‍ 11-ന് ആരംഭിച്ച് നവംബര്‍ 14-ന് സമാപിച്ച നാലുദിവസത്തെ ഉത്സവത്തിന്റെ അവസാന ദിവസമാണ് റെക്കോര്‍ഡ് സൃഷ്ടിച്ച ഈ പ്രകടനം നടന്നത്. ഗാരോ സമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്നതിനായി കലാകാരന്മാരും സന്ദര്‍ശകരും ഒത്തുചേര്‍ന്നതായിരുന്നു ഈ 50-ാമത് പതിപ്പ്.

ഗാരോ ഹില്‍സിലെ സാംസ്‌കാരിക വിനോദസഞ്ചാര സാധ്യതകളിലേക്കും ഈ സംഭവം ശ്രദ്ധ ക്ഷണിച്ചു. ഈ പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനായി മേഘാലയ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ടൂറിസം-സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. വംഗാലയ്ക്ക് വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന സാംസ്‌കാരിക ആകര്‍ഷണങ്ങളിലൊന്നായി മാറാന്‍ കഴിയും. തദ്ദേശീയമായ ഒരു സാംസ്‌കാരിക പരിപാടിക്ക് ഇന്ത്യയിലുടനീളമുള്ളവരും വിദേശികളുമായ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമായി അദ്ദേഹം നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവലിനെ ചൂണ്ടിക്കാട്ടി.

മേഘാലയയ്ക്ക് പുറത്ത് ഗാരോ പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രാദേശിക സമൂഹങ്ങള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ഒരു അവസരമാണ് 'വാംഗാല' എന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, കരകൗശല വസ്തുക്കള്‍, സംരംഭകത്വം തുടങ്ങിയ മേഖലകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്, ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയും. പരമ്പരാഗത 'ഡാമ' (Dama) ഡ്രം വാദകരായ 1,000 പേരുടെ പ്രകടനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഗാരോ സമൂഹത്തിന്റെ കൂട്ടായ ശക്തിയെയും തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ നിലനിര്‍ത്താനുള്ള അവരുടെ ശ്രമങ്ങളെയും ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നുവെന്നുെ പറഞ്ഞു.

പ്രധാന പ്രകടനത്തിന് പുറമെ, നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടിയില്‍ പരമ്പരാഗത നൃത്തങ്ങള്‍, നാടന്‍ സംഗീതം, തദ്ദേശീയ കളികള്‍, സാംസ്‌കാരിക മത്സരങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. 300-ലധികം സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ഗാരോ ഭക്ഷണവിഭവങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, പരമ്പരാഗത ആഭരണങ്ങള്‍, മറ്റ് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടാനുള്ള അവസരമൊരുക്കി. പ്രാദേശിക കരകൗശല വിദഗ്ധര്‍ക്കും സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും സന്ദര്‍ശകരിലേക്ക് എത്താനുള്ള ഒരു വേദിയായും ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു.

'100 ഡ്രംസ് വാംഗാല ഫെസ്റ്റിവല്‍' ആദ്യമായി നടന്നത് 1976 ഡിസംബറില്‍, അന്ന് വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയുടെ ഭാഗമായിരുന്ന അസാനാംഗ്രെയില്‍ (Asananggre) ആയിരുന്നു. താരതമ്യേന ചെറിയൊരു സാംസ്‌കാരിക ഒത്തുചേരലായി ആരംഭിച്ച ഈ പരിപാടി, ഇന്ന് മേഘാലയയിലെ തദ്ദേശീയ പാരമ്പര്യത്തെ ആഘോഷിക്കുന്ന ഏറ്റവും പ്രശസ്തമായ പരിപാടികളിലൊന്നായി വളര്‍ന്നിരിക്കുന്നു. ഗാരോ വിഭാഗക്കാരുടെ വിളവെടുപ്പ് ഉത്സവമായി അറിയപ്പെടുന്ന 'വാംഗാല', സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ 'മിസി സാല്‍ജോങ്ങിന്' നന്ദി അര്‍പ്പിക്കുന്നതിനായി ആഘോഷിക്കപ്പെടുന്നു. വിളവെടുപ്പിന് ശേഷം നടക്കുന്ന ഈ ഉത്സവം, ആ സമൂഹത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളെയും പ്രകൃതിയുമായുള്ള അവരുടെ അഗാധമായ ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൂടി ഈ ഉത്സവത്തിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇടംപിടിച്ചു. ഈ ഉത്സവത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ അറിയിച്ചത്, ഗാരോ ഹില്‍സിലെ സാംസ്‌കാരിക പൈതൃകത്തെ ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

Content Highlights: Meghalaya's 50th 100 Drums Wangala Festival has entered the Guinness World Records with a spectacular performance at Garo Heritage Village in Chibagre, near Tura. A total of 1,000 traditional drummers and 3,000 dancers came together for the record-setting performance. Held on the final day of the four-day festival, which began on November 11 and concluded on November 14, the event marked a major milestone in the golden jubilee celebrations. The festival brought together artists and visitors to celebrate the traditions and cultural heritage of the Garo community.

To advertise here,contact us