തമിഴ്‌നാടിന് നൽകാമെങ്കിൽ കർണാടകയും അതർഹിക്കുന്നു; സംവരണം വർധിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ശിവകുമാർ

തമിഴ്നാടിന്റെ മുന്‍മാതൃക ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക സ്വന്തം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1994ല്‍ 76ാം ഭരണഘടനാ ഭേദഗതിയിലൂടെ തമിഴ്നാടിന്റെ 69 ശതമാനം സംവരണ നിയമത്തിന് പാര്‍ലമെന്റ് ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയിരുന്നു.

ബെംഗളൂരു: എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സംവരണം വര്‍ധിപ്പിക്കുന്ന കര്‍ണാടകയുടെ നിയമത്തിന് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംസ്ഥാനത്ത് പട്ടികജാതി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും, പട്ടികവര്‍ഗ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്താനാണ് കര്‍ണാടക നിയമനിര്‍മാണം നടത്തിയത്. ബി ആര്‍ അംബേദ്കറുടെ സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യമെന്ന ഭരണഘടനാപരമായ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കത്തില്‍ വിശദീകരിക്കുന്നു.

1958 മുതല്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ജനസംഖ്യ വര്‍ധിക്കുകയും പുതിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുകയും ചെയ്തിട്ടും സംവരണ ശതമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. 2011-ലെ സെന്‍സസ് പ്രകാരം കര്‍ണാടകയിലെ ജനസംഖ്യയില്‍ പട്ടികജാതിക്കാര്‍ 17.15 ശതമാനവും പട്ടികവര്‍ഗക്കാര്‍ 6.95 ശതമാനവുമാണ്.

ഇത് കണക്കിലെടുത്ത് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചു. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം, സംവരണം എസ് സിക്ക് 17 ശതമാനമായും എസ് ടിക്ക് ഏഴ് ശതമാനമായും വര്‍ധിപ്പിക്കാനും, ഇതിന് ഭരണഘടനാ സംരക്ഷണം ലഭ്യമാക്കുന്നതിനായി നിയമം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്താനും കമ്മീഷന്‍ നിര്‍ദേശിച്ചു.

കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക നിയമസഭ നിയമം (Karnataka Act No. 1 of 2023) പാസാക്കുകയും, 2023 ജനുവരി 11ന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച് 2022 നവംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രാബല്യത്തില്‍ വരികയും ചെയ്തു.

എന്നാല്‍, ആകെ സംവരണം 56 ശതമാനമായി ഉയര്‍ന്നത് 50 ശതമാനമെന്ന ഭരണഘടനാ പരിധി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 12ലെ വിധിലൂടെ കര്‍ണാടക ഹൈക്കോടതി ഈ വര്‍ധനവ് റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 338(9), 338A(9) പ്രകാരം ദേശീയ എസ്സി/എസ്ടി കമ്മീഷനുകളുമായി നടത്തേണ്ട കൂടിയാലോചനകളുടെ കാര്യവും കോടതി വിലയിരുത്തി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും, ശാശ്വതമായ ഒരു ഭരണഘടനാ പരിഹാരം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാടിന്റെ മുന്‍മാതൃക ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക സ്വന്തം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1994ല്‍ 76ാം ഭരണഘടനാ ഭേദഗതിയിലൂടെ തമിഴ്നാടിന്റെ 69 ശതമാനം സംവരണ നിയമത്തിന് പാര്‍ലമെന്റ് ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയിരുന്നു.

'തമിഴ്നാട്ടിലെ 69 ശതമാനം സംവരണ ചട്ടക്കൂട് സംരക്ഷിക്കാന്‍ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാമെങ്കില്‍, ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി 56 ശതമാനം സംവരണം ആവശ്യപ്പെടുന്ന കര്‍ണാടകയുടെ പരിഗണനാര്‍ഹമായ അഭ്യര്‍ത്ഥനയ്ക്കും അത്രതന്നെ ഭരണഘടനാപരമായ ശ്രദ്ധ ലഭിക്കാന്‍ അര്‍ഹതയുണ്ട്,' അദ്ദേഹം കത്തിലെഴുതി.

ഈ ആവശ്യം കര്‍ണാടക നേരത്തെയും കേന്ദ്രത്തിന് മുന്നില്‍ വച്ചിരുന്നതായി കത്തില്‍ വ്യക്തമാക്കുന്നു. റിപ്പബ്ലിക്കിന്റെ ദീര്‍ഘകാല പ്രതിബദ്ധതകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തവും അധികാരവും പാര്‍ലമെന്റിനുണ്ട്. ഈ വിഷയത്തെ ദേശീയ ഭരണഘടനാ പ്രാധാന്യമുള്ള ഒന്നായി കണ്ട്, കര്‍ണാടകയുടെ ദീര്‍ഘകാലമായുള്ള ഈ നിര്‍ദേശത്തിന് സമയബന്ധിതവും അനുകൂലവുമായ തീരുമാനം ഉറപ്പാക്കാന്‍ താങ്കള്‍ നേരിട്ട് ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ശിവകുമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം, സാമൂഹിക നീതി-സാമൂഹിക ശാക്തീകരണ മന്ത്രാലയം, ഗോത്രവര്‍ഗ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ ഏകോപിപ്പിച്ച് സമയബന്ധിതമായി ഇത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ആര്‍ട്ടിക്കിള്‍ 338(9), 338A(9) പ്രകാരമുള്ള ദേശീയ എസ്‌സി/എസ്ടി കമ്മീഷനുകളുമായുള്ള കൂടിയാലോചനകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും അഭ്യര്‍ത്ഥിച്ചു.

Content Highlight: Karnataka Chief Minister D.K. Shivakumar has written to Prime Minister Narendra Modi seeking constitutional protection under the Ninth Schedule for the state's law increasing reservations for Scheduled Castes and Scheduled Tribes to 17% and 7%, respectively. The legislation, which raises the total reservation to 56%, was based on the recommendations of a commission headed by retired High Court judge Justice H.N. Nagamohan Das. Citing Tamil Nadu's 69% reservation framework, which received Ninth Schedule protection through the 76th Constitutional Amendment in 1994, Shivakumar has urged the Centre to take time-bound action on Karnataka's demand.

To advertise here,contact us