ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ല, രാഷ്ട്രീയത്തിൽ ചിലർ ഫാസിസ്റ്റുകളെപ്പോലെയാണ് പെരുമാറുന്നത്: BJPക്കെതിരെ രാഹുൽ

'2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ മനസിലാക്കാൻ പ്രതിപക്ഷം ഏറെ സമയമെടുത്തു'

ഹൈദരാബാദ്: ഇന്ത്യ ഇന്ന് ജനാധിപത്യ രാജ്യമല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2014ൽ തന്നെ രാജ്യത്തെ ജനാധിപത്യ സംവിധാനം തകർന്നുവെന്നും രാഷ്ട്രീയത്തിൽ ചിലർ ഫാസിസ്റ്റുകളെപ്പോലെയാണ് പെരുമാറുന്നതെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. ഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഭാരത് സമ്മിറ്റിൽ പങ്കെടുക്കാനെത്തേണ്ടിയിരുന്ന നിരവധി വിദേശ പ്രതിനിധികളുടെ വിസ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ മനസിലാക്കാൻ പ്രതിപക്ഷം ഏറെ സമയമെടുത്തുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുമ്പ് കടുത്ത മത്സരങ്ങളും സഖ്യസർക്കാരുകളും പതിവായിരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം പെട്ടെന്നാണ് മാറിയത്. ദശലക്ഷക്കണക്കിന് ഡോളറുകൾ രാഷ്ട്രീയ സംവിധാനത്തിലേക്ക് ഒഴുകിയെത്തി. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയ നാടകീയതയുമാണ് അന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒരു വർഷമോ രണ്ടുവർഷമോ അല്ല, ഒരു ദശാബ്ദത്തോളം ഈ മാറ്റങ്ങളുടെ ആഘാതത്തിൽനിന്ന് മുക്തരാകാൻ കഴിയാതെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലങ്ങളിലെ അസ്വാഭാവികതകൾ മനസിലാക്കാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും ഫലങ്ങളിൽ വലിയ മാറ്റമുണ്ടായെന്ന് ആരോപിച്ചു. രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിലെ മൂന്ന് മാസത്തിനുള്ളിൽ വോട്ടർ പട്ടികയിൽ 70 ലക്ഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയെന്നും ഇവരെല്ലാം ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ചൂണ്ടിക്കാട്ടാനാകുമെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്കകൾക്ക് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ യഥാർഥത്തിൽ ഇപ്പോൾ ജനാധിപത്യ രാജ്യമല്ലെന്നത് പരിശോധിച്ച് തെളിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രസംഗത്തിനിടെ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. എല്ലാം അറിയാമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും മറ്റുള്ളവരെ കേൾക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും തെറ്റുകൾ അംഗീകരിക്കാനും തയ്യാറാകുന്ന മറ്റൊരു വിഭാഗവും സമൂഹത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ എല്ലാം അറിയാമെന്ന് കരുതുന്നവരെ ബിസിനസ്, അക്കാദമിക മേഖലകൾ, രാഷ്ട്രീയം എന്നിവിടങ്ങളിലെല്ലാം കാണാനാകും. രാഷ്ട്രീയത്തിൽ ഇത്തരക്കാരെയാണ് ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മറ്റുള്ളവരെ കേൾക്കുന്നതിന് പകരം ഉച്ചത്തിൽ സംസാരിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതാണ് ഫാസിസ്റ്റുകളുടെ രീതിയെന്നും അദ്ദേഹം ആരോപിച്ചു. സംവിധാനങ്ങൾ തകരുമ്പോഴാണ് ചരിത്രപരമായി ഫാസിസ്റ്റുകൾ ഉയർന്നുവരുന്നത്. എല്ലാം സുഗമമായി പ്രവർത്തിക്കുമ്പോൾ അവർ ഒളിഞ്ഞിരിക്കും. എന്നാൽ സംവിധാനങ്ങൾ തകരുമ്പോൾ പുറത്തുവരികയും കുറച്ചുകാലം പ്രശ്നങ്ങൾ സൃഷ്ടിച്ച ശേഷം അപ്രത്യക്ഷരാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റുകളെന്ന് താൻ വിശേഷിപ്പിക്കുന്നവർ കഴിഞ്ഞ ഒരു ദശാബ്ദമായി പൊതുചർച്ചകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നും ഭൂരിപക്ഷം വരുന്ന മറ്റുള്ളവർ ആശയക്കുഴപ്പത്തോടെയും അമ്പരപ്പോടെയും ഇതെല്ലാം നോക്കിനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഭാരത് സമ്മിറ്റിൽ പങ്കെടുക്കാനെത്തേണ്ടിയിരുന്നെങ്കിലും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വിദേശ പ്രതിനിധികളോടും നേതാക്കളോടും രാഹുൽ ഗാന്ധി ക്ഷമാപണം നടത്തി. ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതെപോയ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇതിൽ പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലെങ്കിലും രാജ്യത്ത് നിലവിലുള്ള സാഹചര്യം എന്താണെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഭാരത് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രഭാഷകർക്ക് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉയർന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 315 പ്രഭാഷകരിൽ 115 പേർക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തതായി കോൺഗ്രസ് എംപി ശശി തരൂർ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു തീരുമാനത്തിന്റെ നിയമപരമായ അടിത്തറ ചോദ്യം ചെയ്ത തരൂർ, വിമർശനങ്ങളെ ഭയപ്പെടുന്ന ശബ്ദങ്ങളെ ഒരു ജനാധിപത്യ രാജ്യം അടിച്ചമർത്തരുതെന്നും അഭിപ്രായപ്പെട്ടു. വിവാദത്തോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഓരോ രാജ്യത്തിന്റെയും പരമാധികാര അധികാരപരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ പിന്തുണയ്ക്കുന്ന രണ്ട് ദിവസത്തെ ഭാരത് സമ്മിറ്റിൽ ആഗോള ദക്ഷിണ-ഉത്തര രാജ്യങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, രാഷ്ട്രീയ നേതാക്കൾ, ചിന്തകർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. ആഗോള സഹകരണം, ജനാധിപത്യം, സാമ്പത്തിക നീതി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Content Highlights: Congress leader Rahul Gandhi has criticised the BJP, alleging that India is no longer a democratic country and accusing some political leaders of behaving like fascists.

To advertise here,contact us