ലക്ഷ്യം ഒറ്റയ്ക്ക് 260 സീറ്റ്; യു പി നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയോ തിരിച്ചടി നേരിടുകയോ ചെയ്തതും സമാജ്‌വാദി പാര്‍ട്ടി വിജയിക്കുകയും ചെയ്ത 90ഓളം സീറ്റുകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താനും ബിജെപി ഒരുങ്ങുന്നു

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. 403 അംഗ നിയമസഭയില്‍ ഒറ്റയ്ക്ക് 260 സീറ്റുകള്‍ സ്വന്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയോ തിരിച്ചടി നേരിടുകയോ ചെയ്തതും സമാജ്‌വാദി പാര്‍ട്ടി വിജയിക്കുകയും ചെയ്ത 90ഓളം സീറ്റുകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താനും ബിജെപി ഒരുങ്ങുന്നു.

2019നെ അപേക്ഷിച്ച് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ ബിജെപിയുടെ സീറ്റുകള്‍ 62-ല്‍ നിന്ന് 33 ആയി കുറഞ്ഞിരുന്നു. 80 ലോക്സഭാ മണ്ഡലങ്ങളുള്ള യു പി, 2029ലെ പൊതുതിരഞ്ഞെടുപ്പിലും നിര്‍ണായകമായതിനാലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എല്ലാ ബൂത്തുകളിലും 'പന്ന പ്രമുഖി'നെ നിയമിച്ചുകൊണ്ട് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഏഴ് മുതല്‍ എട്ട് വരെ സംഘടനാ മേഖലകളായി തിരിച്ച് പ്രതിപക്ഷ സ്വാധീനമേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേന്ദ്രീകരിച്ച് തന്നെയാകും പ്രചാരണം. സമാജ്‌വാദി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്‌ലിം-യാദവ വോട്ട് വിഭാഗത്തിനൊപ്പം മറ്റ് ഒബിസി, പട്ടികജാതി വിഭാഗങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാനുള്ള തന്ത്രങ്ങളും ബിജെപി രൂപീകരിക്കുന്നുണ്ട്.

അതേസമയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇന്‍ഡ്യാ മുന്നണിയുമായി മുമ്പോട്ട് പോകുമെന്നും പുതിയ സഖ്യങ്ങളിലേക്ക് കടക്കില്ലെന്നും എസ്പി വ്യക്തമാക്കി.

അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച 'സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച'യെന്ന പുതിയ സഖ്യത്തെക്കുറിച്ച് സംസാരിക്കവേ, നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വരാതെ യുപിയില്‍ സ്ഥിരമായി താമസിച്ച് ബിജെപിയുടെ ഭരണത്തിന് എതിരായി പ്രവര്‍ത്തിക്കണമെന്ന് അഖിലേഷ് പറഞ്ഞു.

ഡിസംബര്‍ 12ന് അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും. ബ്രാഹ്‌മണ സമൂഹവുമായി ആലോചിച്ച് നക്ഷത്രങ്ങള്‍ പരിശോധിച്ചാണ് തീയതി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുന്നോടിയായി ഇറ്റാവയില്‍ കേദാരേശ്വര്‍ ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

അഖിലേഷിന്റെ ഈ നീക്കം 'മൃദു ഹിന്ദുത്വ' തന്ത്രമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, 1990ല്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ മാപ്പ് പറയാതെ അഖിലേഷ് രാമക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരിയും 400ഓളം അയോധ്യ സന്യാസിമാരും ആവശ്യപ്പെട്ടു. ഡിസംബര്‍ 12ന് പകരം ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് സന്ദര്‍ശനം നടത്താന്‍ പങ്കജ് ചൗധരി വെല്ലുവിളിക്കുകയും ചെയ്തു.

Content Highlight: The BJP is gearing up to retain power in Uttar Pradesh in the 2027 Assembly elections, setting a target of winning 260 of the state's 403 seats independently. The party is planning to focus particularly on around 90 constituencies where it suffered setbacks or lost to the Samajwadi Party in the previous election. The strategy comes amid a significant decline in the BJP's Lok Sabha tally in Uttar Pradesh, from 62 seats in 2019 to 33 in 2024, with the state also expected to play a crucial role in the 2029 general elections.

To advertise here,contact us