ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്’ എന്ന ആത്മകഥ ആസ്പദമാക്കി സിനിമയെടുക്കാൻ തെലങ്കാന കോൺഗ്രസ്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് സിനിമ എടുക്കാൻ രംഗത്ത് എത്തിയത്. തെലുങ്കിലായിരിക്കും സിനിമ ഒരുങ്ങുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ വച്ചായിരുന്നു ജഗ്ഗ റെഡ്ഡിയുടെ പ്രഖ്യാപനം. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംയുക്തമായി പണം സ്വരൂപിച്ച് സിനിമ പൂർത്തിയാക്കാനാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കുന്നത് പോലെ ഇതിനെയും കാണണമെന്നും, മികച്ചൊരു സംവിധായകനെ കണ്ടെത്തി ബജറ്റ് സമാഹരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് സംഗറെഡ്ഡി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയലു സിനിമയ്ക്കായി രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 50 അംഗ സമിതി രൂപീകരിക്കാനാണ് പദ്ധതി. ഗാന്ധിഭവൻ പബ്ലിക് റിലേഷൻസ് ഓഫിസർ ഹരിപ്രസാദ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകത്തിന്റെ പകർപ്പവകാശം സംബന്ധിച്ച നടപടികൾ പൂർത്തിയായിട്ടില്ല.
സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ കോപ്പികൾ വാങ്ങി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 2027ലെ തിരഞ്ഞെടുപ്പിനു മുൻപ് ചിത്രം പൂർത്തിയാക്കി പുറത്തിറക്കണമെന്ന് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും (എപിസിസി) അഭ്യർഥിച്ചു. ഗാന്ധി കുടുംബത്തിലേക്കുള്ള സോണിയയുടെ കടന്നുവരവ് മുതൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായി വളർന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ സിനിമയിൽ ഉൾക്കൊള്ളിക്കുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതവും രാഷ്ട്രീയപ്രവർത്തനവും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് പുസ്തകത്തിന്റെ പ്രമേയം. കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് രാജീവ് ഗാന്ധിയുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും വിവാഹവും തുടർന്ന് ഇന്ത്യയിലേക്കുള്ള വരവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും വധങ്ങൾ തന്റെ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങളും വ്യക്തിപരമായ നഷ്ടങ്ങളെ അതിജീവിച്ച് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന അനുഭവങ്ങളും ഓർമക്കുറിപ്പിൽ പ്രതിപാദിക്കുന്നു. 1965-ൽ കേംബ്രിഡ്ജിൽ വിദ്യാർഥിയായിരിക്കെയാണ് 19-കാരിയായ സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. 1968 ഫെബ്രുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം.
544 പേജുകളുള്ള പുസ്തകം സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയ അനുഭവങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്. ഇന്ത്യയിലെ ആറു പതിറ്റാണ്ടുകാലത്തെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Telangana Congress working president Jagga Reddy announces plans for a Telugu film based on Sonia Gandhi's autobiography, 'Belonging: A Journey of Love'. Congress leaders and workers will jointly raise funds for the project.