'ഞാൻ വീട്ടുതടങ്കലിലാണ്, ഡസൺ കണക്കിന് സായുധ സേന വീട് വളഞ്ഞിരിക്കുകയാണ്'; സോനം വാങ്ചുക്

ഈ വിലക്കുകൾക്കെതിരെ മജിസ്‌ട്രേറ്റ് കോടതി മുതൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി

ലെഹ്: ലഡാക്കിലെ പ്രതിഷേധ വേദിയിൽ നിന്ന് പൊലീസ് ബലമായി നീക്കിയതിന് പിന്നാലെ താൻ വീട്ടുതടങ്കലിലാണെന്ന് അറിയിച്ച് സോനം വാങ്ചുക്. ലഡാക്കിലെ തന്റെ വസതിക്ക് പുറത്ത് ഇരുപത്തിയഞ്ചോളം പൊലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള തന്റെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി എക്സ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വാങ്ചുക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി മുതൽ വീടിന് പുറത്ത് ഒന്നിലധികം വാഹനങ്ങളും ടെന്റുകളുമായി സുരക്ഷാ ഉദ്യോഗസ്ഥർ തമ്പടിച്ചിരിക്കുകയാണ്. പകൽ സമയത്ത് വീടിന്റെ എല്ലാ വശങ്ങളിലും തോക്കേന്തിയ സൈനികർ നിലയുറപ്പിച്ചിട്ടുള്ളതിനാൽ തന്റെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും തടയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ 'വീട്ടിൽ തുടരാൻ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന' അധികൃതരുടെ വാദത്തെ തള്ളിയ അദ്ദേഹം, ഇത്രയും വലിയ സുരക്ഷാ സന്നാഹം വീട്ടുതടങ്കലിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി.

I AM UNDER HOUSE ARREST Dozens of armed guards surround my house while the government version says 'I have been advised to stay at home'. All for asking uncomfortable questions like... why is the Judicial Enquiry Commission Report (of last year's killings in Leh) is delayed & a phoney Council election is foisted on people with rocket speed in mid winter. Whole of Ladakh is in protest. My X, Instagram & YouTube reach have been drastically suppressed in the world's largest democracy. Please help share this message...

ഔദ്യോഗികമായി അറസ്റ്റ് ചെയ്യാതെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാളെ എങ്ങനെ തടയാനാകുമെന്നും വാങ്ചുക് ചോദിച്ചു. ഈ വിലക്കുകൾക്കെതിരെ മജിസ്‌ട്രേറ്റ് കോടതി മുതൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.

ഡിസംബർ 4-ന് നടക്കാനിരിക്കുന്ന ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ടാണ് വാങ്ചുകും ലേ അപെക്‌സ് ബോഡിയും, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കളും ചേർന്ന് കുത്തിയിരിപ്പ് സമരത്തിന് തയ്യാറെടുത്തത്. കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, ഈ സമയത്ത് ലഡാക്കിലെ വലിയൊരു വിഭാഗം ജനങ്ങളും പ്രതികൂല കാലാവസ്ഥ കാരണം നാട്ടിലുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിൽ കൗൺസിലുകളുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-ന് നടന്ന സംഭവത്തിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും അത് ഉടൻ പുറത്തുവിടണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു. ലേ അപെക്‌സ് ബോഡിയിലെ പ്രധാന അംഗം കൂടിയാണ് അദ്ദേഹം.

ലഡാക്കിലെ ജനങ്ങൾ എക്കാലത്തും രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികർക്കും യുവതലമുറയ്ക്കുമൊപ്പമാണ് നിന്നിട്ടുള്ളതെന്നും അതിനാൽ ലഡാക്കിന്റെ ഇപ്പോഴത്തെ പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ ലഡാക്കിലുടനീളം പ്രതിഷേധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്ന പശ്ചാത്തലത്തിൽ ലേ മുനിസിപ്പാലിറ്റി പരിധിയിൽ റാലികളും പ്രതിഷേധങ്ങളും നിയന്ത്രിച്ചുകൊണ്ട് ചീഫ് ഇലക്ടറൽ ഓഫീസറും ലേ ജില്ലാ മജിസ്‌ട്രേറ്റും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികൾ മാത്രമാണ് വാങ്ചുകിനെതിരെ സ്വീകരിച്ചതെന്നുമാണ് ലഡാക്ക് പൊലീസിന്റെ വിശദീകരണം.

Content Highlights: Ladakh activist Sonam Wangchuk alleges that he is under house arrest, with around 25 police and paramilitary personnel deployed outside his residence. He says his right to peaceful protest is being denied.

To advertise here,contact us