നാഗ്പൂര്‍: പരമ്പരാഗത ആഘോഷങ്ങള്‍ക്കെല്ലാം ശാസ്ത്രീയ അടിത്തറയുണ്ടെന്ന വാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പണ്ടുകാലങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വായുമലിനീകരണം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. പണ്ട് പടക്കങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നില്ല നിര്‍മിച്ചതെന്നും പടക്കം പൊട്ടിക്കുമ്പോഴുള്ള പുക അന്തരീക്ഷം ശുദ്ധീകരിക്കുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് വാദിച്ചു. പ്രാണികളെ കൊല്ലാനും ഇത്തരം പടക്കങ്ങളുടെ പുകയ്ക്ക് സാധിക്കുമെന്നും നാഗ്പൂരില്‍ മഹേശ്വരി പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ചില ആളുകള്‍ തടയാന്‍ ശ്രമിച്ചാലും ഉത്സവങ്ങള്‍ അവയുടെ പരമ്പരാഗതവും 'ശുദ്ധവും പൂര്‍ണവുമായ രൂപത്തില്‍' തുടര്‍ന്നും ആഘോഷിക്കപ്പെടണമെന്ന് ഭാഗവത് പറഞ്ഞു. നെയ്യും എണ്ണയും ഉപയോഗിച്ച് ദീപങ്ങള്‍ തെളിയിക്കുന്ന പരമ്പരാഗത രീതികള്‍ അന്തരീക്ഷത്തില്‍ പ്രത്യേക തരം വായു സൃഷ്ടിക്കുന്നുണ്ടെന്നും, ഇതിനു പിന്നിലെ ശാസ്ത്രം മനസ്സിലാക്കി വേണം ഇത്തരം ആചാരങ്ങള്‍ പിന്തുടരാനെന്നും ഭാഗവത് പറഞ്ഞു. ഇത് അന്തരീക്ഷം ശുദ്ധമായി നിലനിര്‍ത്താനും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാനും സഹായിക്കുമെന്നും ആര്‍എസ്എസ് മേധാവി അവകാശപ്പെടുന്നു.
ഇത്തരം പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും മനുഷ്യരാശിയുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു. കൂടാതെ, ദീപാവലി ആഘോഷത്തിന് ഇന്ന് ലോകമെമ്പാടും അര്‍ഹമായ പ്രാധാന്യം ലഭിച്ചുവരികയാണെന്നും അവകാശപ്പെട്ടു.
മുന്‍പ് ഇന്ത്യയില്‍ മാത്രം ആഘോഷിച്ചിരുന്ന ദീപാവലി ഇപ്പോള്‍ അമേരിക്കന്‍, ബ്രിട്ടീഷ് പാര്‍ലമെന്റുകളില്‍ പോലും ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവ വേളകളില്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നത് ഭാരതീയ പാരമ്പര്യമാണെന്നും, ദീപാവലി ദിനത്തില്‍ ഓരോ ഇന്ത്യക്കാരനും സന്തോഷവാനും ശുദ്ധനുമായി സേവനത്തിന് സന്നദ്ധനായിരിക്കുകയാണെന്ന കാര്യം ലോകം ഇന്ന് തിരിച്ചറിയുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു.
അതേസമയം, മലിനീകരണമുണ്ടാകുമെന്ന പേരില്‍ പടക്കം പൊട്ടിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഒഴിവാക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മലിനീകരണം ഉണ്ടെങ്കില്‍ത്തന്നെ അത് കാലക്രമേണ കുറഞ്ഞോളുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ അടക്കം രാജ്യത്ത് മലിനീകരണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. അഴിമതി നിറഞ്ഞ പ്രവൃത്തികളിലൂടെ വ്യവസ്ഥയെയാകെ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ല. അതേസമയം ജനങ്ങള്‍ ഒരു ദിവസം പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ ഉടന്‍ തന്നെ മലിനീകരണത്തെക്കുറിച്ചുള്ള വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരത്തെയും നോയിഡ, ഗുരുഗ്രാം തുടങ്ങിയ സമീപ പ്രദേശങ്ങളെയും കനത്ത പുകമഞ്ഞ് (smog) മൂടിയിരിക്കുന്നു. മിക്കയിടങ്ങളിലെയും വായു ഗുണനിലവാര സൂചിക (AQI) 400ന് മുകളിലെത്തി. അതായത് 'അതീവ ഗുരുതരം' (severe) എന്ന വിഭാഗത്തിലേക്ക് മാറിയിരിക്കുന്നു. നവംബര്‍ 9 രാവിലെ, ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലേക്ക് നീങ്ങുന്നതായി കണ്ടു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ മോശമായ അവസ്ഥയാണ്.
Content Highlight: RSS chief Mohan Bhagwat claims traditional celebrations have scientific foundations, arguing that firecrackers in the past were made without chemicals and their smoke helped purify the atmosphere and kill insects. He made these remarks at an event organised by the Maheshwari Panchayat in Nagpur.