ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രിയാകാന്‍ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പര്‍ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു എന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞത്. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി വക്താവ്. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിലെ പരാമര്‍ശത്തെയാണ് പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
പുസ്തകത്തെ കുറിച്ചും സോണിയ പ്രധാനമന്ത്രി പദം നിരസിച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന് 'പ്രധാനമന്ത്രി പദം നിരസിച്ച് സൂപ്പര്‍ പ്രധാനമന്ത്രിയായത് മഹത്തരമായ ഒരു ത്യാഗമായിരുന്നു' (What a super sacrifice it was that she became super PM leaving the PM's post) എന്നായിരുന്നു ത്രിവേദിയുടെ പരാമര്‍ശം.
'പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനം ഏറ്റെടുക്കുന്ന തരത്തിലുള്ള ത്യാഗത്തിന്റെ ഉദാഹരണം ലോകത്ത് മറ്റെവിടെയും കാണാനാകില്ല. ദേശീയ ഉപദേശക സമിതി (എന്‍എസി) അധ്യക്ഷ സ്ഥാനം കാബിനറ്റ് പദവിയുള്ളതായിരുന്നു. അതും ലാഭകരമായ പദവി (Office of Profit). അതായത്, സാമ്പത്തിക നേട്ടം ലഭിക്കുന്ന കാബിനറ്റ് പദവിയാണ് അവര്‍ സ്വന്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ സോണിയയ്ക്ക് രാജിവെക്കേണ്ടിവന്നു. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ക്ക് വീണ്ടും ആ സ്ഥാനത്തേക്ക് മടങ്ങിയെത്താനാകുന്നതിന് മുമ്പ്, അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മന്മോഹന് സിങ് സര്‍ക്കാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി. എന്‍എസി അധ്യക്ഷ സ്ഥാനത്തെ ലാഭകരമായ പദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു,' ബിജെപി നേതാവ് പറഞ്ഞു.
മന്മോഹന് സിങ് ആ സ്ഥാനമലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന ബോധ്യത്തിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് എന്നാണ് സോണിയ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി പറഞ്ഞത്. ആര്‍ക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത അദ്ദേഹത്തിന്റെ വ്യക്തിശുദ്ധിയും ഭരണത്തിലും സാമ്പത്തിക നയരൂപീകരണത്തിലുമുള്ള ആഴത്തിലുള്ള അറിവുമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
'ഈ പദവിക്ക് യോഗ്യരും പരിചയസമ്പന്നരുമായ നിരവധി മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരിലെല്ലാം വെച്ച് കളങ്കമറ്റ വ്യക്തിത്വമുള്ളവനും ഭരണത്തില്‍ ആഴത്തിലുള്ള വലിയ അറിവുമുള്ള ഒരാള്‍ എന്റെ ശ്രദ്ധയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ ഡോ. മന്മോഹന് സിങ് ആയിരുന്നു അത്.
ഒരു പണ്ഡിതന്, ടെക്നോക്രാറ്റ് എന്നീ നിലകളിലുള്ള എല്ലാ നേട്ടങ്ങള്‍ക്കും പുറമെ, ഡോ. സിങിന് ദയയും അനുകമ്പയുമുള്ള ഒരു ഹൃദയമുണ്ടെന്നും അദ്ദേഹത്തിന്റെ വ്യക്തിശുദ്ധി ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്നും എനിക്ക് നന്നായി അറിയാമായിരുന്നു'. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം ഭദ്രമായ കൈകളില്‍ ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു. സോണിയയുടെ ഈ പരാമര്‍ശങ്ങളെ നേരത്തെ തന്നെ ബിജെപി നിഷേധിച്ചിരുന്നു. സോണിയ വിദേശ വനിതയായതിനാല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം സത്യപ്രതിജ്ഞ അനുവദിച്ചില്ല എന്നായിരുന്നു ബിജെപി ആരോപിച്ചത്.
Content Highlight: BJP MP Sudhanshu Trivedi criticises Sonia Gandhi over her decision to decline the Prime Minister's post during the first UPA government, alleging that she became a 'Super PM' instead. The remarks came in response to references in Sonia Gandhi's memoir, Belonging: A Journey of Love. Trivedi also questioned her tenure as National Advisory Council chairperson, alleging that it was a Cabinet-rank position carrying the benefits of an office of profit.