ലഖ്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍ പ്രദേശില്‍ മൂന്നാം മുന്നണി പ്രഖ്യാപിച്ചു. ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമാണ് 'സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച' എന്ന പേരില്‍ മുന്നണി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ അസാദായിരിക്കും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ലഖ്നൗവില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം മുന്നണിയിലേക്ക് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമടക്കമുള്ള പാര്‍ട്ടികള്‍ക്കും കടന്നുവാരമെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഖ്യാപനം.
ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെങ്കില്‍ തങ്ങളുടെ മുന്നണിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'മൂന്നാം മുന്നണി' എന്ന വിശേഷണം നിരസിച്ച ആസാദ്, സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും രാഷ്ട്രീയ വേദിയായി ഇത് മാറുമെന്നും ചൂണ്ടിക്കാട്ടി. 'ആളുകള്‍ ഇതിനെ മൂന്നാം മുന്നണി എന്ന് വിളിക്കുന്നു, പക്ഷേ ഇത് മൂന്നാം മുന്നണിയല്ല. ഇത് സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയാണ്. അതിന്റെ ആഴം നിങ്ങള്‍ മനസ്സിലാക്കിയാല്‍, അത് ആദ്യത്തെ മുന്നണിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും,' അദ്ദേഹം പറഞ്ഞു. ദുര്‍ബലരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി രാഷ്ട്രീയ സംഘടനകളില്ലാത്ത സമൂഹങ്ങള്‍ക്ക്, അവയുടെ ജനസംഖ്യ എത്രയായാലും, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ വേണ്ടവിധം പ്രതിനിധീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞ അംബേദ്കര്‍, 'ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷന്', 'ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി', 'റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' തുടങ്ങിയ രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്കിയ കാര്യവും ആസാദ് ഓര്‍മപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും എംപി കുറ്റപ്പെടുത്തി.
ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ താനും തന്റെ അനുയായികളും മരിക്കേണ്ടി വന്നാല്‍, അതൊരു അര്‍ത്ഥവത്തായ ത്യാഗമായിരിക്കുമെന്ന് ഒവൈസി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ പരിഹസിച്ച ഒവൈസി, അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകില്ലെന്ന് പറഞ്ഞു. അധികാരം തനിക്ക് അവകാശപ്പെട്ടതാണെന്ന മനോഭാവത്തോടെയുള്ള രാഷ്ട്രീയം അദ്ദേഹം കൈകാര്യം ചെയ്യുന്നുവെന്ന് ഒവൈസി ആരോപിച്ചും. ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജന ധാരണയില്‍ ഇടം നേടാനുള്ള ഒവൈസിയുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍. തന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒവൈസി ഒക്ടോബര്‍ രണ്ട് വരെ സമയം നല്‍കിയിരുന്നെങ്കിലും, അദ്ദേഹത്തെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറായില്ല. ഉത്തര്‍പ്രദേശില്‍ എഐഎംഐഎമ്മിന് തെരഞ്ഞെടുപ്പ് രംഗത്ത് വലിയ സ്വാധീനമില്ലെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഒവൈസിക്ക് സ്വാധീനമുണ്ട്. അതേസമയം, ദളിത് വിഭാഗത്തിലെ യുവ വോട്ടര്‍മാര്‍ക്കിടയില്‍ തന്റെ സ്വാധീനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ആസാദ്.
Content Highlights: Chandrashekhar Azad and Asaduddin Owaisi's AIMIM have announced a third political front in Uttar Pradesh under the name Samajik Parivartan Morcha ahead of the 2027 Assembly elections. Azad has been named the alliance's chief ministerial candidate. The announcement was made at a joint press conference in Lucknow. Azad also said that Congress, the Samajwadi Party and other parties would be welcome to join the alliance.