യോഗിയുടെ 80ഉം 20ഉം അല്ല, 95 ശതമാനം ചൂഷിതരും 5 ശതമാനം ചൂഷകരും തമ്മിലുള്ള പോരാട്ടം; പോര്‍മുഖം തുറന്ന് അഖിലേഷ്

സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗവും 20 ശതമാനുള്ള മറ്റ് മതക്കാരും തമ്മിലുള്ള പോരാട്ടമായിട്ടാണ് യോഗി ആദിത്യനാഥ് 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആ സമയത്ത് തന്നെ യോഗിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ 80 ശതമാനവും 20 ശതമാനവും തമ്മിലല്ല, മറിച്ച് 95 ശതമാനത്തോളം വരുന്ന സംസ്ഥാനത്തെ ചൂഷിതരും അഞ്ച് ശതമാനം ചൂഷകരും തമ്മിലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയായ 80ഉം 20ഉം തമ്മിലുള്ള പോരാട്ടമെന്ന പരാമര്‍ശത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗവും 20 ശതമാനുള്ള മറ്റ് മതക്കാരും തമ്മിലുള്ള പോരാട്ടമായിട്ടാണ് യോഗി ആദിത്യനാഥ് 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആ സമയത്ത് തന്നെ യോഗിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

'ഉത്തര്‍പ്രദേശിലെ പോരാട്ടം 80 ശതമാനവും 20 ശതമാനവും തമ്മിലുള്ളതല്ല. ഇപ്പോള്‍ അത് 95 ശതമാനവും അഞ്ച് ശതമാനവും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. കഷ്ടപ്പെടുകയും ദുരിതമനുഭവിക്കുകയും നിരന്തരം അപമാനിക്കപ്പെടുകയും ചെയ്യുന്ന 95 ശതമാനം ജനങ്ങള്‍ ഒരു വശത്തും അഞ്ച് ശതമാനം ചൂഷകര്‍ മറുവശത്തുമാണ്,' അഖിലേഷ് യാദവ് പറഞ്ഞു.

'95 ശതമാനവും അഞ്ച് ശതമാനവും തമ്മിലുള്ള ഈ പോരാട്ടത്തില്‍ തങ്ങള്‍ ഏത് പക്ഷത്താണെന്ന് പോലും ബിജെപി നേതാക്കള്‍ക്ക് അറിയില്ല. അതുകൊണ്ടാണ് അവരുടെ ഭാഷയിലും സമീപനത്തിലും മാറ്റം വന്നിരിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച അഖിലേഷ് യാദവ്, ലഹരിമരുന്ന് വേട്ടയെയും വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനെയും താരതമ്യം ചെയ്തു. 1.27 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 1.27 കോടി വോട്ടുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തതായും ചര്‍ച്ചയുണ്ട്. എന്തൊരു വിചിത്രമായ യാദൃച്ഛികതയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ വ്യാജമായി നിര്‍മിക്കാന്‍ സാധിക്കാത്ത ലോഹത്തില്‍ നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് അഖിലേഷ് യാദവ് നിര്‍ദേശിച്ചു. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ബിജെപി സര്‍ക്കാരിനെയും അഖിലേഷ് വിമര്‍ശിച്ചു. ലഖ്നൗ, കാണ്‍പുര്‍, ആഗ്ര നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ എസ്പി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ലഖ്നൗ, കാണ്‍പുര്‍, ആഗ്ര മെട്രോ പദ്ധതികള്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ സംഭാവനയാണ്. പത്ത് വര്‍ഷത്തെ ഭരണത്തിനിടെ മെട്രോ ശൃംഖല പത്ത് സെന്റിമീറ്റര്‍ പോലും വികസിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല,' അദ്ദേഹം പറഞ്ഞു.

ടെന്‍ഡര്‍ നടപടികളില്‍ അഴിമതി നടന്നതായും അഖിലേഷ് ആരോപിച്ചു. ഇത് റോഡുകളുടെയും എക്സ്പ്രസ് വേകളുടെയും യാത്രാസൗകര്യത്തെ പ്രതികൂലമായി ബാധിക്കുകയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Samajwadi Party leader Akhilesh Yadav has described Uttar Pradesh's political battle as a fight between 95 per cent of the exploited population and 5 per cent of exploiters, referring to Chief Minister Yogi Adityanath's controversial 80-20 remark during the 2022 Assembly elections. Yogi's statement was widely interpreted as a reference to the Hindu majority and religious minorities in the state.

To advertise here,contact us