ചണ്ഡിഗഡ്: 2027ലെ നിയമസാഭാ തെരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി ആംആദ്മിപാര്‍ട്ടി. ഇതോടെ, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആകെ മണ്ഡലങ്ങളുടെ എണ്ണം 71 ആയി ഉയര്‍ന്നു. ഒക്ടോബര്‍ 31നാണ് പാര്‍ട്ടി 40 സ്ഥാനാര്‍ത്ഥികളടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉള്‍പ്പെടെ, നിലവിലുള്ള എംഎല്‍എമാര്‍ മാത്രമായിരുന്നു ആദ്യ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, രണ്ടാമത്തെ പട്ടികയില്‍ നിരവധി പുതിയ മുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്നു. നിലവിലുള്ള പല എംഎല്‍എമാരെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഈ പട്ടിക പാര്‍ട്ടിയിലെ വലിയൊരു അഴിച്ചുപണിയെയാണ് സൂചിപ്പിക്കുന്നത്. ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ എഎപിയിലെ മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഇതോടെ സമാന, സനൗര്‍, അമൃത്സര്‍ നോര്‍ത്ത് എന്നീ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും വലിയ അപ്രതീക്ഷിത നീക്കങ്ങളിലൊന്ന് ലാംബി മണ്ഡലത്തിലേതാണെന്നാണ് വിലയിരുത്തല്‍. ഇവിടെ നിലവിലെ എംഎല്‍എയും മന്ത്രിയുമായ ഗുര്‍മീത് സിംഗ് ഖുഡിയാന് പകരം രണ്‍ധീര്‍ സിംഗ് ധീര ഖുഡിയാനെയാണ് എഎപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. 2022ല്‍ മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ പരാജയപ്പെടുത്തി വലിയൊരു അട്ടിമറിക്ക് വഴിയൊരുക്കിയ വ്യക്തികൂടിയാണ് ഗുര്‍മീത് സിംഗ് ഖുഡിയാന്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയത്, പുറത്തിറക്കിയ രണ്ടാമത്തെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. നിലവിലുള്ള രണ്ട് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 2024-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച, തന്റെ പഴയ മണ്ഡലമായ ബര്‍ണാലയിലേക്ക് സംഗ്രൂര്‍ എംപി ഗുര്‍മീത് സിംഗ് മീറ്റ് ഹെയര്‍ മടങ്ങിയെത്തുന്നു. ഹോഷിയാര്‍പൂര്‍ എംപി ഡോ രാജ് കുമാര്‍ ചബ്ബേവാള്‍ ഫഗ്വാരയിലും മത്സരിക്കും.
ചംകൗര്‍ സാഹിബില്‍ നിലവിലുള്ള എംഎല്‍എ ഡോ ചരണ്‍ജിത് സിങ്ങിന് പകരം ജസ്വീര് സിങ് ഗര്ഹിയെ സ്ഥാനാര്‍ത്ഥിയാക്കി. പഞ്ചാബ് സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെച്ച ഗര്‍ഹി, കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിങ് ചന്നിക്കെതിരെ മത്സരിക്കും. ബതിന്ദ റൂറലില്‍ അമിത് രത്തന്‍ കോട്ട്ഫട്ടയ്ക്ക് പകരം ഗോപാല്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കി. പട്ടിയില്‍, നിലവിലുള്ള എംഎല്‍എ ലാല്‍ജിത് സിങ് ഭുള്ളറിന് പകരം ജസ്കന്വര് സിങ് ഗില്‍ മത്സരിക്കും.2025 ജൂലൈയില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച അന്മോല് ഗഗന് മാന്‍ പകരം ഖരാറില്‍ പര്‍മിന്ദര്‍ സിങ് ഗോള്‍ഡിയെ സ്ഥാനാര്‍ത്ഥിയാക്കി. ജലന്ധര്‍ സെന്‍ട്രലില്‍ രാമന് അറോറയ്ക്ക് പകരം നിതിന്‍ കോഹ്ലി മത്സരിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്ന്, അമൃത്സര്‍ നോര്‍ത്തില്‍ ആം ആദ്മി പാര്‍ട്ടി കരംജിത് സിങ് റിന്റുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ഗുര്‍ദാസ്പൂരില്‍ നിന്ന് രാമന് ബാലിനെയും ദിന നഗറില്‍ നിന്ന് ഷംഷേര്‍ സിങ്ങിനെയും നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലെ എംപി ഗുര്‍മീത് സിങ് 'മീറ്റ്' ഹയര്‍ ബര്‍ണാലയിലേക്ക് മടങ്ങുമ്പോള്‍, ഹോഷിയാര്‍പൂര്‍ എംപി ഡോ രാജ് കുമാര്‍ ചബ്ബേവാളിനെ ഫഗ്വാരയില്‍ നിന്നും പവന് കുമാര്‍ ടിനുവിനെ ആദംപൂരില്‍ നിന്നും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.2022ല്‍ പരാജയപ്പെട്ട മിക്ക പ്രമുഖ നേതാക്കള്‍ക്കും എഎപി രണ്ടാമതൊരു അവസരം നല്‍കിയിട്ടില്ല. പത്താന്‍കോട്ടില്‍ വിഭൂതി ശര്‍മ്മയ്ക്ക് പകരം രോഹിത് സിയാലും, ഖാദിയാനില്‍ ജഗ്രൂപ് സിംഗ് സെഖ്വാന്‍ പകരം ഗുരിഖ്ബാല്‍ സിംഗ് മഹലും, ഫത്തേഗഡ് ചൂരിയാനില് ബല്‍ബീര്‍ സിംഗ് പന്നുവിന് പകരം ജോബന്‍ രണ്‍ധാവയും മത്സരിക്കും. 2022-ല്‍ പരാജയപ്പെട്ട മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് വീണ്ടും അവസരം ലഭിച്ചത്. രമണ്‍ ബഹല്‍ (ഗുര്‍ദാസ്പൂര്‍), ഷംഷേര്‍ സിംഗ് (ദിന നഗര്‍), ഡോ കെഎന്‍എസ് കാങ് (ദാഖ) എന്നിവരാണ് മത്സരിക്കുക.
പുതുമുഖങ്ങളില്‍ നടി സോണിയ മാനും ഉള്‍പ്പെടുന്നുണ്ട്. രാജ സാന്‍സി മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ മത്സരിക്കുക. കപൂര്‍ത്തലയില്‍ നിന്ന് ദവിന്ദര്‍ പാല് സിംഗ് രംഗയെയും നവാന്സ്ഹറില് നിന്ന് റോബി കാംഗിനെയും മത്സരിപ്പിക്കും. പുതിയതായി സ്ഥാനാര്‍ത്ഥികളായവരില്‍ ഭൂരിഭാഗവും അതത് മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവരാണ്. ജലന്ധര്‍ മേയര്‍ വനീത് ധീറിന് ജലന്ധര്‍ നോര്‍ത്തും, വ്യവസായി നിതിന്‍ കോഹ്ലിക്ക് ജലന്ധര്‍ സെന്‍ട്രലും, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാലിക്ക് ജലന്ധര്‍ കന്റോണ്മെന്റും ലഭിച്ചു. കുന്‍വാര്‍ വിജയ് പ്രതാപ് സിംഗ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ഒഴിവ് വന്ന അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തില്‍, അമൃത്സര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ചെയര്മാന് കരംജിത് സിംഗ് റിന്റുവിനെ സ്ഥാനാര്‍ത്ഥിയാക്കി. വിരമിച്ച പിസിഎസ് ഉദ്യോഗസ്ഥന് ഗോപാല്‍ സിംഗിന് ബതിന്ഡ റൂറല്‍ മണ്ഡലം ലഭിച്ചു.
പട്ടി മണ്ഡലത്തില്‍, ജയിലിലായ മുന്‍ മന്ത്രി ലാല്‍ജിത് സിംഗ് ഭുള്ളറിന് പകരം മുന്‍ ഗുസ്തി താരം ജസ്കന്വര് സിംഗ് ഗില്ലിനെ സ്ഥാനാര്‍ത്ഥിയാക്കി. താന്‍ മത്സരിക്കില്ലെന്ന് ഭുള്ളര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വന്നവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുന്‍ അകാലി ദള്‍ എംഎല്‍എമാരായ പവന് കുമാര്‍ ടിനു (ആദംപൂര്‍), വനിന്ദര് കൗര്‍ ലുംബ (ഷുത്രാന), മുന്‍ അകാലി നേതാവ് തല്ബീര് സിംഗ് ഗില്‍ (മജിത), ബിഎസ്പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജസ്വീര് സിംഗ് ഗര്‍ഹി (ചംകൗര്‍ സാഹിബ്), മുന്‍ ബിജെപി നേതാവ് സ്വരണ്‍ സിംഗ് സലാരിയ (സുജന്‍പൂര്‍) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: The Aam Aadmi Party has released its second list of 31 candidates for the 2027 Assembly elections, taking the total number of declared constituencies to 71. The first list of 40 candidates was announced on October 31 and included existing MLAs, including Chief Minister Bhagwant Mann. The latest list features new faces, party workers and local leaders, while several sitting MLAs have been left out. Three AAP MLAs quit the party after the first announcement, creating the need to select new candidates for Samana, Sanaur and Amritsar North.