ഒരു ദിവസം മാത്രം ആയുസുണ്ടായിരുന്ന കുഞ്ഞ്; രാഹുലിന് മുമ്പ് ജനിച്ച തന്റെ മകനെ കുറിച്ച് സോണിയ ഗാന്ധി

'സാധാരണഗതിയില്‍ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത രാജീവും അന്ന് കരഞ്ഞുപോയി,' സോണിയ ഗാന്ധി പുസ്തകത്തിലെഴുതി.

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് മുമ്പ് തനിക്ക് ഒരു മകന്‍ കൂടി ജനിച്ചിരുന്നുവെന്നും എന്നാല്‍ ആ കുഞ്ഞിന് ഒരു ദിവസം മാത്രമായിരുന്നു ആയുസുണ്ടായിരുന്നത് എന്നും വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മ്മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിലാണ് ഈ കുഞ്ഞിനെ കുറിച്ച് സോണിയ ഗാന്ധി വെളിപ്പെടുത്തുന്നത്.

താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞതോടെ സാധാരണ ഗൗരവഭാവത്തില്‍ കാണപ്പെട്ടിരുന്ന ഇന്ദിര ഗാന്ധി പോലും ഏറെ സന്തോഷത്തിലായിരുന്നുവെന്ന് സോണിയ ഗാന്ധി ഓര്‍ത്തെടുക്കുന്നു. 1968 സെപ്റ്റംബറിലായിരുന്നു അത്. സോണിയയെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു എന്നാണ് ഇന്ദിര പറഞ്ഞതെന്നും സോണിയ പുസ്തകത്തില്‍ കുറിക്കുന്നു.

പ്രസവതീയതിക്ക് രണ്ട് മാസം മുമ്പ് 1969 ജനുവരി 18നാണ് സോണിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്വാഭാവിക പ്രസവമായിരുന്നു. കുഞ്ഞിന്റെ ആദ്യ കരച്ചില്‍ ഇന്‍ക്യുബേറ്ററില്‍ കിടത്തുമ്പോഴാണ് കേട്ടതെന്ന് സോണിയ പറയുന്നു.

'പിന്നീട് രാജീവ് എന്നെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുവന്നു. കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള വിരലുകളുമുള്ള, ഒരു ചെറിയ ആണ്‍കുഞ്ഞ്. രാജീവിന്റെ കൈ എന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും അവനെ നോക്കിനിന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഞങ്ങള്‍ അവനെ സ്നേഹിച്ചുതുടങ്ങി. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ രാജീവിനോട് പറഞ്ഞിരുന്നു. പുലര്‍ച്ചെ 6.30-ഓടെ കുഞ്ഞ് മരണപ്പെട്ട വിവരം രാജീവ് സോണിയയെ അറിയിച്ചു. 'ആമി ആന്റി അരികിലിരിക്കെ രാജീവ് വളരെ സൗമ്യമായാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. 'ഇല്ല, അങ്ങനെ സംഭവിക്കില്ല! എങ്ങനെ?' എന്നായിരുന്നു എന്റെ ചോദ്യം. ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നുപോയി. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. സാധാരണഗതിയില്‍ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത രാജീവും അന്ന് കരഞ്ഞുപോയി,' സോണിയ ഗാന്ധി പുസ്തകത്തിലെഴുതി.

മറ്റൊരു സ്ഥലത്തായിരിക്കുമ്പോഴാണ് ഇന്ദിര ഗാന്ധി കുഞ്ഞിന്റെ മരണവാര്‍ത്തയറിയുന്നത്. മറ്റ് പരിപാടികളൊഴിവാക്കി ആശുപത്രിയിലെത്തി തന്നെയും രാജീവിനെയും കെട്ടിപ്പിടിച്ച ഇന്ദിനയുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയതായും സോണിയ പുസ്തകത്തില്‍ എഴുതി. ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇന്ദിര അല്‍പസമയത്തിന് ശേഷം മടങ്ങി. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നതും കുടുംബത്തെ അലട്ടിയ മറ്റൊരു ചോദ്യമായിരുന്നു. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി സംസ്‌കരിക്കാറില്ല. പകരം നദിയില്‍ ഒഴുക്കുകയാണ് പതിവ്. എന്നാല്‍ സ്വന്തം കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ സോണിയക്ക് മനസുണ്ടായിരുന്നില്ല. ഒരിക്കല്‍ ഓഖ്‌ല ബാരേജില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ കുടുങ്ങിക്കിടന്ന ഒരു പുരുഷന്റെ മൃതദേഹം കണ്ട അനുഭവമാണ് സോണിയയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. മൃതദേഹം വലിച്ചെടുക്കാന്‍ വിശന്നുനടന്ന നായ്ക്കള്‍ ശ്രമിക്കുന്ന കാഴ്ച അവരെ ആഴത്തില്‍ വേദനിപ്പിച്ചിരുന്നു.

'എന്ത് സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ ഞാന്‍ അനുവദിക്കില്ല. നദി എത്ര പവിത്രമാണെങ്കിലും എന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല. ഒരു ശ്മശാനത്തിലും അവനെ അടക്കം ചെയ്യാന്‍ കഴിയില്ലായിരുന്നു. ക്രിസ്ത്യന്‍ ശ്മശാനത്തില്‍ അടക്കിയാല്‍ അത് വലിയൊരു വിവാദത്തിന് കാരണമാകുമായിരുന്നു, അടുത്തുള്ള പാഴ്‌സി ശ്മശാനത്തിലും അതിന് സാധിക്കില്ലായിരുന്നു. ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത്? സങ്കടം കൊണ്ട് തളര്‍ന്ന്, ഒന്നും സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഞാന്‍ അതെല്ലാം കേട്ടുനിന്നു,' സോണിയ എഴുതുന്നു.

ഒടുവില്‍ മെഹ്‌റൗളിയിലെ ഫിറോസ് ഗാന്ധിയുടെ ഫാംഹൗസില്‍ കുഞ്ഞിനെ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. രാജീവും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ഫാംഹൗസിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് പൂത്തുനിന്നിരുന്ന പിങ്ക് ബോഗന്‍വില്ല ചെടിയുടെ ചുവട്ടില്‍ ആഴത്തില്‍ കുഞ്ഞിനെ അടക്കം ചെയ്തതായി രാജീവ് പിന്നീട് സോണിയയോട് പറഞ്ഞു. തുടര്‍ന്ന് ഫാംഹൗസില്‍ പോകുമ്പോഴെല്ലാം ഇരുവരും ആ സ്ഥലത്ത് പൂക്കള്‍ അര്‍പ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ആ ഓര്‍മകള്‍ വേദനയ്ക്ക് കുറവുണ്ടാക്കിയില്ല. സംഭവിച്ച യാഥാര്‍ഥ്യം അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നുവെന്ന് സോണിയ കുറിക്കുന്നു.

കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ ആഘാതം സോണിയയെ ഏറെക്കാലം വേട്ടയാടി. വിഷാദവും അപര്യാപ്തതാബോധവും കുറ്റബോധവുമെല്ലാം അനുഭവിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. ഇതിനിടെയാണ് ഒരു വലതുപക്ഷ പ്രതിപക്ഷ പത്രത്തില്‍ ഇന്ദിര ഗാന്ധിയെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പരാമര്‍ശം വന്നത്. 'അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ മുത്തശ്ശിയാകാനുള്ള ഇന്ദിര ഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു' എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് സോണിയ പറയുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം ഈ അധിക്ഷേപവും തന്നെ തളര്‍ത്തിയെന്ന് അവര്‍ ഓര്‍ക്കുന്നു.

1969 ഒക്ടോബറില്‍ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത സോണിയ രാജീവിനെ അറിയിച്ചു. സന്തോഷത്തോടൊപ്പം ആശങ്കയും മനസിലുണ്ടായിരുന്നുവെന്നും സോണിയ ബുക്കിൽ പറയുന്നു. 1970 ജൂണ്‍ 19നാണ് സോണിയ രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കിയത്.

Content Highlight: Sonia Gandhi has revealed that she and Rajiv Gandhi had a son before Rahul Gandhi was born. The baby boy lived for just one day. In her memoir, Belonging: A Journey of Love, Sonia recounts the painful experience of losing her first child and the emotional trauma that followed.

To advertise here,contact us