കോലാപ്പൂര്‍: ഏറെ വിവാദമായ ഗോകുല്‍ ഡയറി ചെയര്മാന് തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ മഹായുതി സ്ഥാനാര്‍ത്ഥി രാജേഷ് പാട്ടീലിന് വിജയം. 29ല്‍ 16 വോട്ടുകള്‍ നേടിയാണ് പാട്ടീല്‍ വിജയിച്ചത്. എതിരാളിയായ രാജര്‍ഷി ഷാഹു ഷെത്കാരി സംവിചാരി അഘാഡിയിലെ ശശികാന്ത് ചുയേക്കറിന് 13 വോട്ടുകളാണ് നേടാനായത്.
കഴിഞ്ഞ മാസം നടന്ന കൊല്ഹാപൂര് ജില്ലാ സഹകരണ ക്ഷീരോത്പാദക യൂണിയനായ ഗോകുല്‍ ഡയറിയുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍സി സതേജ് പാട്ടീലിന്റെ പിന്തുണയുള്ള പാനല്‍ 13-12 എന്ന നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ വോട്ടവകാശമുള്ള നാല് അധിക ഡയറക്ടര്‍മാരെ കൂടി നാമനിര്‍ദേശം ചെയ്ത മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
VIDEO | Kolhapur: NCP leader and former MLA Rajesh Patil, a candidate of the ruling Mahayuti, elected chairman of Gokul Dairy in a keenly contested election in Kolhapur.(Full video available on PTI Videos - https://t.co/d8jp61yd2p) https://t.co/z7xC7t33kZ
4,000 കോടിയിലധികം രൂപ വാര്‍ഷിക വിറ്റുവരവുള്ള ഗോകുല്‍ ഡയറിയിലെ തെരഞ്ഞെടുപ്പ് ഭരണസഖ്യവും പ്രതിപക്ഷവും തമ്മിലുള്ള അഭിമാനപ്പോരാട്ടമായും മാറിയിരുന്നു. തെരഞ്ഞെടുപ്പിലെ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ നടത്തിയ പുതിയ നാമനിര്‍ദേശങ്ങളാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. പിന്നാലെ വിഷയം കോടതി കയറുകയും ചെയ്തു.
'സഹകരണ സംഘങ്ങളുടെ ജനാധിപത്യത്തിന്റെ നഗ്നമായ ലംഘന' (blatant assault on cooperative democracy)മെന്നാരോപിച്ചാണ് പ്രതിപക്ഷവും ക്ഷീരകര്‍ഷകരും കോടതിയെ സമീപിച്ചത്. കോലാപൂരില്‍ ക്ഷീരകര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയപ്പോഴും നാല് നോമിനേറ്റഡ് ഡയറക്ടര്‍മാര്‍ക്ക് വോട്ടവകാശം നല്കുന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് സ്റ്റേ നല്കാന് ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. നോമിനേറ്റ് ചെയ്യപ്പെട്ട ഈ നാല് ഡയറക്ടര്‍മാര്‍ക്കും വോട്ട് ചെയ്യാമെന്നും, എന്നാല്‍ ഈ വോട്ടുകള്‍ പ്രത്യേക ബാലറ്റ് പെട്ടിയില്‍ സൂക്ഷിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് വിധിച്ചത്.
തന്റെ ഒരു വര്‍ഷത്തെ കാലാവധിയില്‍ ക്ഷീരകര്‍ഷകരുടെയും സഹകരണ സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 25 ഡയറക്ടര്‍മാര്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത നാല് ഡയറക്ടര്‍മാര്‍, രണ്ട് കോ-ഓപ്റ്റഡ് ഡയറക്ടര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാജേഷ് പാട്ടീല്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സഹകരണ സ്ഥാപനത്തിനുണ്ടായ നഷ്ടം നികത്തുന്നതിനായിരിക്കും തന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തോടും രാജേഷ് പാട്ടീല്‍ അഭ്യര്‍ഥിച്ചു. സഹകരണ സ്ഥാപനത്തിന്റെ വാര്‍ഷിക പൊതുയോഗം അടുത്ത മാസം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ആദ്യ വര്‍ഷം എന്‍സിപി നേതാവിനെ ചെയര്‍മാനായി തെരഞ്ഞെടുക്കാനുള്ള തീരുമാനം സമവായത്തിലൂടെയാണ് കൈക്കൊണ്ടതെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ധനഞ്ജയ് മഹാദിക് പറഞ്ഞു. അടുത്ത വര്‍ഷങ്ങളിലെ ചെയര്മാന് സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ട 25 ഡയറക്ടര്‍മാരില്‍ 13 പേരുടെ പിന്തുണ തനിക്ക് ലഭിച്ചതായി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ശശികാന്ത് ചുയേക്കര് പറഞ്ഞു. ജനാധിപത്യമാര്ഗത്തിലൂടെയല്ല, മറിച്ച് ബലപ്രയോഗത്തിലൂടെയാണ് പാട്ടീല്‍ ചെയര്മാന് സ്ഥാനം നേടിയതെന്നും ചുയേക്കര് ആരോപിച്ചു.
Content Highlight: NCP leader and Mahayuti candidate Rajesh Patil has been elected chairman of Gokul Dairy, securing 16 of the 29 votes. He defeated Shashikant Chuyekar of the Rajarshi Shahu Shetkari Samvichari Aghadi, who received 13 votes. The election follows controversy over the Maharashtra government's nomination of four additional directors with voting rights after a Congress-backed panel secured a narrow majority in the cooperative's previous election.