'സ്വന്തം സഹോദരിയെ വീട്ടിൽനിന്ന് പുറത്താക്കി'; വനിതാക്ഷേമത്തിലെ KTRന്റെ അവകാശവാദത്തെ വിമർശിച്ച് രേവന്ത് റെഡ്ഡി

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ച് തിരിച്ചെത്തിയ സഹോദരിയോടാണ് കെടിആർ ഇത്തരത്തിൽ പെരുമാറിയതെന്നും രേവന്ത് റെഡ്ഡി വിമർശിച്ചു

ഹൈദരാബാദ്: വനിതാ ക്ഷേമത്തിനായി ബിആർഎസ് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്ന പാർട്ടി നേതാവ് കെ ടി രാമറാവുവിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. സ്വന്തം സഹോദരി കെ കവിതയോട് അദ്ദേഹം സ്വീകരിച്ച സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രേവന്ത് റെഡ്ഡിയുടെ വിമർശനം. കുടുംബസ്വത്ത് പങ്കുവെക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്

കെടിആർ സഹോദരിയെ വീട്ടിൽനിന്ന് പുറത്താക്കിയെന്നാണ് രേവന്ത് റെഡ്ഡിയുടെ ആരോപണം.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ച് തിരിച്ചെത്തിയ സഹോദരിയോടാണ് കെടിആർ ഇത്തരത്തിൽ പെരുമാറിയതെന്നും രേവന്ത് റെഡ്ഡി വിമർശിച്ചു. കേസുകളെ തുടർന്ന് ജയിൽവാസം കഴിഞ്ഞ് വീട്ടിലെത്തുന്ന സഹോദരിയെ അവർക്ക് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും സംരക്ഷിക്കേണ്ടത് സഹോദരന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കെ ചന്ദ്രശേഖര റാവുവിന്റെ മകനല്ലാതെ സ്വന്തം സഹോദരിയെ വീട്ടിൽനിന്ന് പുറത്താക്കിയ മറ്റാരെങ്കിലും ലോകത്തുണ്ടാകുമോയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. സഹോദരിയോട് മോശമായി പെരുമാറിയ ഒരാൾ വനിതാ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ വിശ്വാസ്യതയും അദ്ദേഹം ചോദ്യം ചെയ്തു. കെടിആറിനെതിരെ കവിത തന്നെ നേരത്തെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിനെയും രേവന്ത് റെഡ്ഡി വിമർശിച്ചു. സ്വന്തം സഹോദരിയെ നന്നായി സംരക്ഷിക്കണമെന്ന് മകനെ ഉപദേശിക്കേണ്ടത് പിതാവിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ കെസിആർ അതിൽ പരാജയപ്പെട്ടെന്നായിരുന്നു രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. സ്വന്തം കുടുംബാംഗങ്ങൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ കഴിയാത്ത ഒരാൾക്ക് തെലങ്കാനയിലെ നാലുകോടി ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. മുഖ്യമന്ത്രിയായിരുന്ന പത്തുവർഷക്കാലം കെസിആർ സംസ്ഥാനത്തോട് നീതി പുലർത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഞായറാഴ്ച തന്റെ നിയമസഭാ മണ്ഡലമായ കൊടങ്കലിൽ വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രേവന്ത് റെഡ്ഡി. സംസ്ഥാനത്ത് സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുടെ എണ്ണം 70 ലക്ഷമായി ഉയർന്നതായും 2034-ഓടെ ഇത് ഒരു കോടിയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് സ്ത്രീകൾക്കുള്ള സൗജന്യ 'ഇന്ദിരമ്മ' സാരികളുടെ രണ്ടാംഘട്ട വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹോദരന്റെ സമ്മാനമെന്ന നിലയിലാണ് ഇന്ദിരമ്മ സാരികൾ വിതരണം ചെയ്ത് സ്ത്രീകളോടുള്ള നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ജില്ലാ പഞ്ചായത്ത് അംഗം, എംഎൽസി, എംഎൽഎ, എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ജീവിതത്തിൽ ഇനി നേടാൻ ആഗ്രഹിക്കുന്നതായി മറ്റൊന്നുമില്ലെന്നും രേവന്ത് റെഡ്ഡി പ്രതികരിച്ചു. ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ഡിസംബറിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങളിൽ ഏകദേശം 60 ലക്ഷം അംഗങ്ങളാണുണ്ടായിരുന്നത്. നിലവിൽ അത് 70 ലക്ഷത്തോളമായി ഉയർന്നു. 2034-ഓടെ അംഗങ്ങളുടെ എണ്ണം ഒരു കോടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള യൂണിഫോം തുന്നുന്നതിനുള്ള ചുമതല സ്വയംസഹായ സംഘങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഇതിലൂടെ പ്രതിവർഷം 150 കോടി മുതൽ 200 കോടി രൂപവരെ മൂല്യമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പെട്രോൾ പമ്പുകൾ, സൗരോർജ ഉൽപ്പാദനം തുടങ്ങിയ സംരംഭങ്ങളിലും സ്വയംസഹായ സംഘങ്ങളെ പങ്കാളികളാക്കിയിട്ടുണ്ട്.

പുതുതായി 4.5 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷനുകൾ അനുവദിച്ചതായും ഇതിൽ 3.5 ലക്ഷം അവിവാഹിതരായ സ്ത്രീകൾക്കും വിധവകൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു. നെയ്ത്തുകാർക്കും കള്ളുചെത്തു തൊഴിലാളികൾക്കും പുതിയ പെൻഷനുകൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 34 മാസത്തിനിടെ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്കായി ബാങ്കുകളുമായി ബന്ധിപ്പിച്ച് 79,000 കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Content Highlights: Telangana Chief Minister Revanth Reddy criticised BRS leader KTR over his claims on women's welfare, alleging that he had driven his own sister out of the house.

To advertise here,contact us