കൊല്‍ക്കത്ത: ഡയമണ്ട് ഹാര്‍ബര്‍ എംപിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിക്രമത്തിനും ഭീഷണികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച മമത, ബിജെപിയുടെ ബുള്‍ഡോസറുകള്‍ തനിക്കെതിരെ പ്രയോഗിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
'നിങ്ങളുടെ കൈവശം എത്ര ബുള്‍ഡോസറുകളുണ്ട്? അവയെല്ലാം കൊണ്ടുവരൂ, ധൈര്യമുണ്ടെങ്കില്‍ ആ ബുള്‍ഡോസറുകള്‍ എന്റെ ദേഹത്തുകൂടി ഓടിച്ചുകയറ്റൂ, ഞാന്‍ ഇതാ ഇവിടെ തന്നെ നില്ക്കും,' മമത പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്ത അന്തരീക്ഷണമാണ് നിലകൊള്ളുന്നതെന്നും മമത ആരോപിച്ചു.
അഭിഷേക് ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലേക്കുള്ള വഴിയില്‍ പൊലീസ് ഗതാഗതം തടയുകയും ബിഎന്‍സ് 163ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തതായി മമത ബാനര്‍ജി ആരോപിച്ചു. ഇതോടെ തന്റെ വീട്ടില്‍ നടക്കുന്ന വാര്‍ഷിക കാളിപൂജയുടെ ഒരുക്കങ്ങള്‍ തടസപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
'വീട്ടില്‍ പൂജ നടക്കുകയാണ്. നിരവധി ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. എന്നാല്‍ പൊലീസ് വഴിയില്‍ തടസം സൃഷ്ടിക്കുകയാണ്. വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നവരുടെ പ്രദേശമായ പടുവാപാരയാണിത്. ആളുകളെ അവരുടെ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് തടയുന്നത് എന്തിനാണ്?' മമത ചോദിച്ചു.
തന്റെ വസതിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന രീതിയില്‍ പ്രധാന റോഡില്‍ മറ്റൊരു കാളിപൂജ നടത്താന്‍ അനുമതി നല്‍കിയെന്നും ഇത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവര്‍ ആരോപിച്ചു. 'എന്റെ വസതിയുടെ പ്രവേശന കവാടത്തില്‍ ഇതുവരെ ഒരു പൂജയും നടത്തിയിട്ടില്ല. എല്ലായ്പ്പോഴും വീടിന്റെ പരിസരത്തിനുള്ളിലാണ് പൂജ നടക്കാറുള്ളത്,'' മമത പറഞ്ഞു. പ്രദേശത്തെ പൊതുപൂജകളും പഴക്കമുള്ള ക്ഷേത്രവും പതിറ്റാണ്ടുകളായി സമാധാനപരമായി നിലനിന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി റാലികള്‍ നടത്തുന്ന ബിജെപി ജനങ്ങളുടെ ജനാധിപത്യപരവും മതപരവുമായ അവകാശങ്ങള്‍ തടയുകയാണെന്നും ഇത് തീര്‍ത്തും ഇരട്ടത്താപ്പാണെന്നും മമത ആരോപിച്ചു. 'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നവര്‍ക്ക് ആളുകളെ സമാധാനപരമായി മതപരമായ ആഘോഷങ്ങള്‍ നടത്താനും ദൈനംദിന ജോലികള്‍ ചെയ്യാനും അനുവദിക്കാനാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ എവിടെയാണ് ജനാധിപത്യം?' അവര്‍ ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ബിജെപി പണവും പൊലീസ് സംവിധാനവും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. അഭിഷേക് ബാനര്‍ജിയോട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. പക്ഷപാതപരമായി പ്രവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പും നല്കി. 'ആരും നിയമത്തിന് അതീതരല്ല. പൊലീസ് നിഷ്പക്ഷത പാലിക്കണം. നിയമം ഉയര്‍ത്തിപ്പിടിക്കുക, പൗരന്മാരെ സംരക്ഷിക്കുക, രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുക എന്നിവയാണ് അവരുടെ ഉത്തരവാദിത്തം. നിങ്ങളുടെ കഴിവും നിങ്ങള്‍ക്ക് എത്രത്തോളം സ്ഥാനക്കയറ്റം ലഭിക്കുമെന്നും എനിക്കറിയാം. എന്നാല്‍ പരിധി ലംഘിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളോട് ഞാന്‍ പോരാടും,' മമത പറഞ്ഞു.
പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്കി.
'ആവശ്യമെങ്കില്‍ ഞാന്‍ നേരിട്ട് സുപ്രീം കോടതിയിലെത്തി ഈ വിഷയങ്ങള്‍ പരമോന്നത നീതിപീഠത്തിന് മുന്നില്‍ ഉന്നയിക്കും,' അവര്‍ പറഞ്ഞു.
cONTENT hIGHLIGHT: West Bengal Chief Minister Mamata Banerjee has condemned the alleged attack on the residence of Trinamool Congress leader and Diamond Harbour MP Abhishek Banerjee. Reiterating her resolve to speak out against violence and threats, Mamata challenged the BJP to bring its bulldozers and use them against her. She declared that she would stand her ground even if the bulldozers were driven over her. The TMC supremo also accused the BJP of creating an atmosphere of lawlessness in West Bengal, raising concerns over political violence and the use of intimidation against political opponents.