'രാമന്‍ മാത്രമാണോ, മറ്റ് ദേവതകളെ പൂജിക്കുന്നവർ എന്താ ഹിന്ദുക്കളല്ലേ?' ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി

താന്‍ കാമാഖ്യാ ദേവിയെയാണ് ആരാധിക്കുന്നത്. കാമാഖ്യയെ പൂജിക്കുന്നവര്‍ ഹിന്ദുക്കളല്ല എന്നാണോ ബിജെപി കരുതുന്നത് എന്നും കീര്‍ത്തി ആസാദ് ചോദിച്ചു

കൊല്‍ക്കത്ത: രാഷ്ട്രീയ ലാഭത്തിന് വേണ്ടി തുടര്‍ച്ചയായി ബിജെപി രാമക്ഷേത്രത്തെ ഉപയോഗിക്കുകയാണെന്ന രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കീര്‍ത്തി ആസാദ്. താന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും ഇനിയങ്ങോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. താന്‍ കാമാഖ്യാ ദേവിയെയാണ് ആരാധക്കുന്നതെന്നും അങ്ങനെയെങ്കില്‍ തന്നെ ഹിന്ദുമായി കണക്കാക്കാനാകില്ല എന്നാണോ ബിജെപി കരുതുന്നത് എന്നും കീര്‍ത്തി ആസാദ് ചോദിച്ചു.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രാമക്ഷേത്രം സന്ദര്‍ശിക്കാനൊരുങ്ങുന്നതിനെ ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് കീര്‍ത്തി ആസാദിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സംസാരിക്കുകയായിരുന്നു ആസാദ്.

'ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് എല്ലായ്‌പ്പോഴും രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഞാന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ല, ഞാന്‍ കാമാഖ്യാ ക്ഷേത്രത്തിലാണ് പോയിട്ടുള്ളത്. കാമാഖ്യാ ദേവിയെ ആരാധിക്കുന്ന ഒരാള്‍ ഹിന്ദുവല്ല എന്നാണോ ബിജെപി പറഞ്ഞുവരുന്നത്?' കീര്‍ത്തി ആസാദ് ചോദിച്ചു.

സീതാ ദേവിക്ക് നേരിടേണ്ടി വന്ന അഗ്നിപരീക്ഷയെ കുറിച്ചും ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

'ഞാന്‍ സീതാ ദേവിയുടെ ജന്മസ്ഥലത്ത് നിന്നുമാണ് വരുന്നത്. സീതാദേവിക്ക് അഗ്നിപരീക്ഷ നേരിടേണ്ടി വന്നു, അഗ്നിപരീക്ഷയില്‍ ജയിച്ചിട്ടും അവര്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു. ഒരു മനുഷ്യന്‍ തന്റെ ഭാര്യയോട് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണോ? അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയ ശേഷം, അതില്‍ വിജയിച്ചിട്ടും അവളെ ഉപേക്ഷിക്കുന്നത് ശരിയാണോ? അല്ല, ഇത് ഒട്ടും ശരിയല്ല. ഞാന്‍ കാമാഖ്യാ ക്ഷേത്രവും ത്രിപുരസുന്ദരി ക്ഷേത്രവുമാണ് സന്ദര്‍ശിക്കുക. അതിനര്‍ത്ഥം ഞാന്‍ ഹിന്ദുവല്ല എന്നാണോ? ഞാന്‍ ഇതുവരെ രാമക്ഷേത്രത്തില്‍ പോയിട്ടില്ല, പോവുകയുമില്ല. ഞാന്‍ മഥുരയില്‍ പോകും,' കീര്‍ത്തി ആസാദ് പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്നും രാജ്യത്ത് രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ സ്ഥാപിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 'രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. എല്ലാ ക്ഷേത്രങ്ങളിലും കൊള്ളയും മോഷണവും ആസൂത്രണം ചെയ്യുകയാണ്. രാമനെക്കുറിച്ചല്ലാതെ മറ്റൊരു വിഷയവും അവര്‍ക്കില്ല. രാജ്യത്ത് ബിജെപി കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖിലേഷ് യാദവ് അയോധ്യ സന്ദര്‍ശിക്കും മുമ്പ് രാമഭക്തരോടും കര്‍സേവകരോടും മാപ്പ് പറയണമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. 'അയോധ്യയെ രക്തരൂക്ഷിതമാക്കിയവര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തുകയാണ്. അവര്‍ രാമഭക്തരോടും സന്യാസിമാരോടും തങ്ങളുടെ പ്രവൃത്തികളില്‍ ആദ്യം മാപ്പുപറയണം. ഭഗവാന്‍ ശ്രീരാമന്‍ സര്‍വചരാചരങ്ങളെയും സംരക്ഷിക്കുന്നവനാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കും. അയോധ്യ ഇന്ന് ത്രേതായുഗത്തിന്റെ ഓര്‍മകള്‍ക്ക് ജീവന്‍ നല്‍കുകയാണ്. ഒരുകാലത്ത് ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകള്‍ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഇരയായ, അവഗണിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന അതേ നഗരം ഇന്ന് പുരാതന പ്രതാപം വീണ്ടെടുത്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്, ' യോഗി ആദിത്യനാഥ് പറഞ്ഞു.

രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട സമീപകാല വിവാദം ഉയര്‍ത്തിക്കാട്ടി അഖിലേഷ് യോഗിക്ക് മറുപടിയും നല്‍കി. സംഭാവന മോഷണത്തിലെ സത്യവും കെട്ടുകഥയും എപ്പോള്‍ വേര്‍തിരിക്കുമെന്നാണ് അയോധ്യയിലെ ജനങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മോഷണത്തിന് പിന്നിലെ പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്ന് അഖിലേഷ് യാദവ് ആവര്‍ത്തിച്ചു.

ഡിസംബര്‍ 12ന് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗം അഖിലേഷ് യാദവും ഭാര്യയും മെയിന്‍പുരി എംപിയുമായ ഡിംപിള്‍ യാദവും രാമക്ഷേത്രത്തിലും ഹനുമാന്‍ഗഢിലും ദര്‍ശനം നടത്തുമെന്ന് എസ്പി നേതാവ് പവന്‍ പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. 2027 ഫെബ്രുവരിയോടെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാണ്ഡെയെ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് പാണ്ഡെ സംഘടിപ്പിച്ച ഭാഗവത കഥയില്‍ പങ്കെടുക്കാന്‍ അഖിലേഷ് അയോധ്യയിലെത്തിയിരുന്നെങ്കിലും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നില്ല.

Content Highlight: Trinamool Congress MP Kirti Azad has criticised the BJP, accusing the party of repeatedly using the Ram Temple for political gains. Azad said he had never visited the Ram Temple and had no intention of doing so in the future. He added that he worships Goddess Kamakhya and questioned whether the BJP considers him any less Hindu for choosing to worship a different deity. His remarks came amid BJP leaders' criticism of Samajwadi Party president Akhilesh Yadav's plans to visit the Ram Temple. Azad made the comments while speaking to news agency IANS.

To advertise here,contact us